22 December 2024, Sunday
KSFE Galaxy Chits Banner 2

തീവിഴുങ്ങി മുതലാളിയുടെ എട്ടുലക്ഷം!

ദേവിക
വാതിൽപ്പഴുതിലൂടെ
June 17, 2024 4:58 am

ഓര്‍മ്മയുറച്ചുവരുന്നേയുള്ളു ആ പെണ്‍പെെതലിന്. കുവെെറ്റില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിയ പിതാവിന്റെ മൃതദേഹപേടകത്തിന് വലംവച്ച ആ കുഞ്ഞ് അലമുറയിടുന്നു; ‘ഉറക്കം മതിയാക്കി വാ അച്ഛാ, നമുക്ക് ഊഞ്ഞാലാടണ്ടേ. പുത്തനുടുപ്പും ചോക്കലേറ്റും എടുത്തോണ്ടുവാ അച്ഛാ. എനിക്ക് കൊതിയാവുന്നു…’ ദുഃഖം ഘനീഭൂതമായ ആ കുരുന്നിന്റെ വാക്കുകള്‍ കേട്ട് കണ്ണീരൊപ്പുന്ന ദുഃഖാര്‍ത്തരായ ജനാവലി. ഇനി മറ്റൊരു ദൃശ്യം. മണല്‍ക്കാട്ടിലെ പൊള്ളുന്ന വെയിലില്‍ പണിയെടുത്ത ആ യുവാവിന്റെ സ്വപ്നമായിരുന്നു സ്വന്തമായിത്തിരി മണ്ണും അതിലൊരു കൊച്ചുകൂരയും. വര്‍ഷങ്ങളുടെ അധ്വാനത്തില്‍ ഒരു കുഞ്ഞുവീടെന്ന സ്വപ്നം പൂവണിഞ്ഞു. അടുത്തമാസം ഗൃഹപ്രവേശനത്തിന് അവധിയില്‍ വരാനിരിക്കുകയായിരുന്നു. പക്ഷെ തിരിച്ചെത്തിയത് ആ സ്വപ്നാടകന്റെ കത്തിക്കരിഞ്ഞ മൃതദേഹം. പെങ്ങമ്മാരെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നതിനിടെ സ്വന്തം വിവാഹം മറന്നുപോയ ചെറുപ്പക്കാരന്‍. ഒടുവില്‍ അയാളുടെ വിവാഹസ്വപ്നത്തിനും പൂവിട്ടു. വിവാഹത്തിന് അടുത്തമാസം നാട്ടിലെത്താനിരുന്നതായിരുന്നു. പക്ഷെ വിവാഹാഘോഷങ്ങള്‍ക്കുപകരം സ്വന്തം ശവസംസ്കാരത്തിനായിരുന്നു അവനെത്തിയത്. കുവെെറ്റ് അഗ്നിദുരന്തം നാടിന് സമ്മാനിച്ചത് തീരാനോവുകള്‍. അത്താണി നഷ്ടമായ കുടുംബങ്ങള്‍ നഷ്ടസ്വപ്നങ്ങള്‍ക്കൊപ്പം അനാഥത്വത്തിന്റെ ഇരുളലകളില്‍. മലയാളികളടക്കം 50 പേര്‍ തീയറുതിയായ കുവെെറ്റ് ദുരന്തത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മലയാളി വ്യവസായി ഭീമനായ കെ ജി എബ്രഹാം. കഴിഞ്ഞ ദിവസം അയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് വിതുമ്പല്‍ നാടകമാടി. സംഭവം നടക്കുമ്പോള്‍ താന്‍ തിരുവനന്തപുരത്തായിപ്പോയത്രെ. കുവെെറ്റിലായിരുന്നെങ്കില്‍ അയാള്‍ ഒറ്റയ്ക്ക് ഒരു നിമിഷംകൊണ്ട് തീജ്വാലകളെ പിടിച്ചുകെട്ടുന്ന വരുണദേവനാകുമായിരുന്നു. പിന്നെയങ്ങോട്ട് എബ്രഹാം മുതലാളിയുടെ വാഗ്ദാനപ്പേമാരി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം വീതം നല്‍കുമത്രെ. താല്‍ക്കാലികാശ്വാസമായി കാല്‍ ലക്ഷത്തിന്റെ ചില്ലറക്കാശ്. കുവെെറ്റ് ദര്‍ശിച്ച ഏറ്റവും വലിയ ഈ അഗ്നിദുരന്തത്തില്‍ കുവെെറ്റ് സര്‍ക്കാര്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന സ്വയം സമാശ്വാസവും. 

പിച്ചക്കാശ് വച്ചുനീട്ടുന്ന ഈ മുതലാളിയാരെന്ന് വര്‍ണിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ മറന്നുപോയി. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭാ പ്രതിസന്ധിയുണ്ടാക്കിയ പെരുത്ത ശിങ്കിടിമുങ്കന്‍. മന്ത്രി ടി യു കുരുവിളയുടെ മക്കള്‍ ഇടുക്കി രാജകുമാരിയില്‍ 50 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഏഴ് കോടി രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് പ്രമാണം നടത്തിത്തരുന്നില്ലെന്ന് കാട്ടി കേസുകെട്ടുമായി ഇറങ്ങിയ ഭൂമിമന്നന്‍. ഒടുവില്‍ രാജു നാരായണ സ്വാമിയുടെ അന്വേഷണത്തില്‍ കേസില്‍ മക്കളാണ് പ്രതികളെന്ന് കണ്ടെത്തിയെങ്കിലും ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കുരുവിള മന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രിയെ രാജിവയ്പിച്ചയാള്‍, വിഎസ് മന്ത്രിസഭയെ പിടിച്ചുകുലുക്കിയ വേന്ദ്രന്‍ എന്നിങ്ങനെ എബ്രഹാം മുതലാളിയെ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടി. പ്രളയകാലത്ത് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഇയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ സംഭാവന ചെയ്തു. പക്ഷെ പ്രളയദുരിതാശ്വാസ ഫണ്ട് താന്‍ പറയുമ്പോലെ ചെലവഴിച്ചില്ലെന്ന് വിവാദമുണ്ടാക്കി മാധ്യമങ്ങളില്‍ നിറഞ്ഞാടിയ വേന്ദ്രന്‍. ഇനി സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ കാലണ നല്‍കില്ലെന്ന പ്രഖ്യാപനവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാതിരിക്കാന്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ ചിലരുടെ റോള്‍മോഡല്‍. 5000 കോടിയോളം രൂപയാണത്രെ ഇയാളുടെ വെളിപ്പെടുത്താത്ത സമ്പാദ്യം. കേരളത്തിലും വിദേശങ്ങളിലുമായി നൂറോളം കമ്പനികളുടെ ഉടമ. കൊച്ചിയിലെ ഏറ്റവും വലിയ സപ്ത നക്ഷത്ര ഹോട്ടലും ഇയാള്‍ക്ക് സ്വന്തം. എന്നിട്ടും രാജകലയും എരപ്പാളി വേഷവും.
എം എ യൂസഫലിക്ക് കുവെെറ്റ് അഗ്നിബാധയുമായി മനസാവാചാ കര്‍മ്മണാ യാതൊരു ബന്ധവുമില്ലെങ്കിലും അദ്ദേഹം പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം. എന്നിട്ടാണ് അഗ്നിക്കൊലയറയുണ്ടാക്കിയ എബ്രഹാം മുതലാളി പറയുന്നത് ആലംബഹീനരായ കുടുംബങ്ങള്‍ക്ക് എട്ട് ലക്ഷം രൂപ വീതം നല്‍കാമെന്ന്. ഇയാളുടെ ഒരു സീനിയര്‍ എക്സിക്യൂട്ടീവിന്റെ പ്രതിമാസ ശമ്പളത്തിന് തുല്യമായ പിച്ചക്കാശ്. ‌ഓരോ കുടുംബത്തിനും ഒരു കോടിയോളം രൂപ വീതം നല്‍കിയാല്‍ പോലും ആകെ അമ്പത് കോടിയേ ചെലവ് വരൂ. അഗ്നിയില്‍ വെന്തുമരിച്ചവരുടെ അധ്വാനഫലം കൂടിയാണ് ഇയാളുടെ 5000 കോടിയുടെ സമ്പത്ത്. സര്‍ക്കാരിന് ഇനി ഒരു കാര്യമേ ചെയ്യാനുള്ളു. ഇയാള്‍ ഇവിടെക്കിടന്ന് പുലമ്പുന്നത് തടയാന്‍ കയ്യും കാലും പിടിച്ചുകെട്ടി വിമാനത്തില്‍ ചരക്കുകയറ്റുന്ന അറയിലിട്ട് കുവെെറ്റില്‍ കൊണ്ടുചെന്ന് തള്ളുക. ശേഷം ശുഭം ചിന്ത്യം.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ആരോ അഞ്ചാമന്‍ ഗോപി എന്ന് വിളിപ്പേരിടുന്നത് കേട്ടു. വെറുമൊരു തുക്കടാ സഹമന്ത്രിയായ ഇയാള്‍ക്കെന്തേ ഈ പേരെന്ന് തിരക്കിയപ്പോഴല്ലേ പേരിന് പിന്നിലെ ഗുട്ടന്‍സ് പിടികിട്ടിയത്. മന്ത്രിസഭയില്‍ അഞ്ചാമനായാണ് താന്‍ സത്യപ്രതിജ്ഞ ചെയ്യുകയെന്ന് ഗോപി വെളിപ്പെടുത്തി. മോഡി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് തൊട്ടുപിന്നില്‍ അഞ്ചാമന്‍. ഇതുകേട്ട് നാം പുളകിതഗാത്രരായി. ഹൃദയത്തില്‍ പോലും രോമം കിളിര്‍ത്ത് രോമാഞ്ചംകൊണ്ട് അഭിമാനവിജൃംഭിതരായി. സത്യപ്രതിജ്ഞയില്‍ ജയശങ്കറെയും നിര്‍മ്മലാ സീതാരാമനെയുമെല്ലാം ബഹുദൂരം പിന്നിലാക്കിയിരിക്കുകയല്ലേ നമ്മുടെ ഉള്‍പ്പുളകമായ അഞ്ചാമന്‍ ഗോപി. സത്യപ്രതിജ്ഞ തുടങ്ങി. നാലാമത്തെ പേര് കഴിഞ്ഞപ്പോള്‍ സദസില്‍ ഗോപി തട്ടത്തുകൂട്ടിയിരുന്ന ആരാധകര്‍ കയ്യടി തുടങ്ങി. അഞ്ചാമനായി വേറെ ആണൊരുത്തന്‍. ആറായി, ഏഴായി, എട്ടായി, ക്യാബിനറ്റ് മന്ത്രിമാരുടെയെല്ലാം സത്യപ്രതിജ്ഞ പൂര്‍ത്തിയായി. പിന്നീട് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുടെ ഊഴമായി. അതും കഴിഞ്ഞിട്ടും അഞ്ചാമന്റെ പേര് മാത്രമില്ല. എഴുപതാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. എഴുപത്തിമൂന്നാമനായി പെട്രോളടി വകുപ്പ് മന്ത്രിയായി സുരേഷ് ഗോപിയുടെ പേര് വിളിച്ചു. താന്‍ വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതുപോലെ അഞ്ചാമനാണ് താനെന്ന അവകാശവാദം മുഴക്കി ‘ഗോപി’­യായി.

ഈ മന്ത്രിസ്ഥാനവും നീണാള്‍ വാഴില്ല എന്ന ലക്ഷണങ്ങളും കണ്ടുതുടങ്ങിയിരിക്കുന്നു. പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് പറയുമ്പോലെ ഗോപിയുടെ പതിവ് വാചകക്കസര്‍ത്തുകള്‍ തുടങ്ങിയിരിക്കുന്നു. മോഡിയുടെ നേതാക്കളെയും അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടച്ച ഇന്ദിരാഗാന്ധിയാണത്രെ ഗോപിയുടെ ഭാരതമാതാവ്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കെ കരുണാകരന്‍ മാത്രമാണ് കേരളത്തിനുവേണ്ടി ഓര്‍മ്മയിലുണരുന്ന സംഭാവനകള്‍ നല്‍കിയതത്രെ. ഒ രാജഗോപാലും എ കെ ആന്റണിയും വയലാര്‍ രവിയും എ സി ജോര്‍ജും എന്തിന് സ്വന്തം പാര്‍ട്ടിക്കാരനായ വി മുരളീധരനും വെറും മരവാഴ കേന്ദ്രമന്ത്രിമാര്‍. തന്നെ ക്യാബിനറ്റ് മന്ത്രിയാക്കാതിരിക്കാന്‍ ചരടുവലിച്ച കെ സുരേന്ദ്രനും മുരളീധരനും ചെവിയില്‍ നുള്ളിക്കോ. കാരണം താന്‍ അഞ്ചാമനാണ്. ഇക്കണക്കിന് പോയാല്‍ കാലം തികയ്ക്കും മുമ്പ് സുരേഷ് ഗോപി മോഡി മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍ നിന്നും പുറത്താവുന്നതും കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.