28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 26, 2024
September 26, 2024
September 25, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024

മൂന്ന് ആന കൊമ്പുകളുമായി ഒരാൾ അറസ്റ്റിൽ

ഇടമലയാർ ആനവേട്ട സംഘത്തിലെ കണ്ണിയെന്ന് സൂചന
Janayugom Webdesk
കോതമംഗലം
June 19, 2024 6:52 pm

ആന കൊമ്പുകൾ വിൽക്കാനുള്ള നീക്കത്തിനിടയിൽ ഒരാൾ അറസ്റ്റിൽ. കുട്ടമ്പുഴ മാമലക്കണ്ടം മാഞ്ചുവട് കോട്ടയ്ക്കകത്ത് ജോസഫ് കുര്യൻ(മൺമുടി ഔസേഫ് 64) ആണ് വനപാലകരുടെ കസ്റ്റഡിയിലായത്. പ്രമാദമായ ഇടമലയാർ ആനവേട്ട സംഘത്തിലെ കണ്ണിയെന്ന് സൂചന. കോടതി റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഉദ്യോഗസ്ഥർ അപേക്ഷ നൽകി. അടുത്ത മാസം ഇടമലയാർ ആനവേട്ട കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് കണ്ണിയിൽ ഉൾപ്പെട്ട ഒരാൾ അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികൾ എല്ലാവരും ജാമ്യത്തിലാണ്. ജോസഫ് കുര്യൻ മൂന്ന് ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കൊമ്പ് വീട്ടിലെ കട്ടിലിനടിയിലും രണ്ടെണ്ണം അടുക്കളയിൽ അടുപ്പിനു സമീപം കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. കുഴിച്ചിട്ട കൊമ്പുകൾ വർഷങ്ങൾക്കു മുമ്പ് കാട്ടിൽ ആനയെ വെടിവച്ചുകൊന്ന് എടുത്തതാണെന്നും ഒരു കൊമ്പ് അടുത്തിടെ മറ്റൊരാളിൽ നിന്നു വാങ്ങിയതാണെന്നും ജോസഫ് കുര്യൻ സമ്മതിച്ചതായി വനപാലകർ പറഞ്ഞു. 

കൊമ്പു നൽകിയതായി പറയുന്ന പൂയംകുട്ടി സ്വദേശിയെ അന്വേഷിക്കുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തിയിട്ടില്ല. കൈവശമുണ്ടായിരുന്ന തോക്ക് കാട്ടിൽ വച്ച് ആന ചവിട്ടിയൊടിച്ചതായി ഇയാൾ മൊഴി നൽകി. കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതോടെയാണ് വനപാലകർ വീട് പരിശോധിച്ചത്. കുട്ടമ്പുഴ റേഞ്ച് ഓഫിസർ ആർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫിസി ലെയും പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. കേരളത്തെ ഞെട്ടിച്ച ഇടമലയാർ ആനവേട്ട കേസ് 2015 ജൂലൈ മാസത്തിലാണ് പുറം ലോകം അറിയുന്നത്. വടാട്ടുപാറ ചക്കിമേട് സ്വദേശി കെ ടി കുഞ്ഞുമോൻ റെയ്ഞ്ച് ഓഫിസറോട് പറഞ്ഞ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആനവേട്ടയെ കുറിച്ചായിരുന്നു കുഞ്ഞുമോന് പറയാനുണ്ടായിരുന്നത്. 

നിരവധി ആനകളെ കൊന്നൊടുക്കി കൊമ്പുകൾ മോഷ്ടിച്ച സംഘത്തെക്കുറിച്ചുള്ള അന്വേഷണം അവിടെ നിന്നാണ് തുടങ്ങുന്നത്. ഏറ്റവുമൊടുവിലായി ആനവേട്ട സംഘത്തിലെ ഇടനിലക്കാരിയായ തങ്കച്ചി എന്ന സിന്ധുവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് ഇടമലയാർ‑തുണ്ടം ആനവേട്ട കേസ് സംസ്ഥാനന്തര ബന്ധം പുറത്തറിയുന്നത്. അന്വേഷണ സംഘം തങ്കച്ചിയെ കൊൽക്കത്തയിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ മകൻ അജീഷിനെയും അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് സുധീഷ് എന്ന ചന്ദ്രബാബുവിനെ പിടിയിലായതിനു പിന്നാലെയാണ് തങ്കച്ചിയും കുടുങ്ങുന്നത്. മലയാറ്റൂർ, മൂന്നാർ, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ പരിധികളിലായി വൻ തോതിലുള്ള ആനവേട്ടയായിരുന്നു സംഘം നടത്തിയിരുന്നത്. കുഞ്ഞുമോന്റെ വെളിപ്പെടുത്തലിനു പിന്നാലെ തുടങ്ങിയ അന്വേഷണത്തിൽ 70 പേരെയാണ് പ്രതി ചേർത്തത്. 

Eng­lish Summary:A man was arrest­ed with three ele­phant tusks
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.