23 December 2024, Monday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മ: മോഡി സര്‍ക്കാരിന് കടുത്ത വെല്ലുവിളി

പ്രത്യേക ലേഖകന്‍
June 20, 2024 4:10 am

എന്‍ഡിഎയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കേന്ദ്രത്തിലെ പുതിയ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുക പ്രധാന വെല്ലുവിളിയാകും. കഴിഞ്ഞ 10 വര്‍ഷം അധികാരത്തിലിരുന്ന മോഡി സര്‍ക്കാരിന് പുതിയതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല എന്ന അക്ഷന്തവ്യമായ വീഴ്ച ഭാവി സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കും. മോഡി തെരഞ്ഞെടുപ്പ് കാലത്ത് ഉരുവിട്ടു തുടങ്ങിയ ഗ്യാരന്റി എന്ന വാക്കിനപ്പുറം അസംഘടിത മേഖലയിലും കാര്‍ഷിക മേഖലയിലും പുതിയ തൊഴിലവസരം സൃഷ്ടിക്കുക എന്നത് കഴിഞ്ഞ 10 വര്‍ഷവും മരീചികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സഖ്യസര്‍ക്കാരിന് തൊഴിലില്ലായ്മ പരിഹരിക്കുക എന്നത് കടുത്ത വെല്ലുവിളിയായി മാറുന്നത്. 2014 മുതല്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ മോഡി സര്‍ക്കാര്‍ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുവിരല്‍ അനക്കിയില്ല. അതേസമയം പൊതുമേഖലയൊന്നാകെ വിറ്റഴിച്ച് നിലവിലുണ്ടായിരുന്ന തൊഴില്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ പുതിയ സഖ്യ സര്‍ക്കാരിന് തൊഴിലില്ലായ്മ എന്ന ഗുരുതര വിഷയം തീര്‍ച്ചയായും അഭിമുഖീകരിക്കേണ്ടി വരും. ടിഡിപി- ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളെ പരിഗണിക്കാതെ മുന്നോട്ടുപോകുന്നത് കടുത്ത ഭരണപ്രതിസന്ധി സൃഷ്ടിക്കാനാണ് സാധ്യത.
2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച നാഷണല്‍ എംപ്ലോയ്മെന്റ് പോളിസി മോഡി സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. 90 ശതമാനം തൊഴില്‍ ശക്തിയും അസംഘടിത മേഖലയെ ആശ്രയിച്ചിരിക്കുന്ന രാജ്യത്ത്, മോഡി ഭരണകാലത്ത് ഇതിന്റെ ശതമാനം വര്‍ധിച്ചതല്ലാതെ തൊഴിലവസരം സൃഷ്ടിക്കാനായില്ല. സ്വകാര്യ മേഖലയിലെ തളര്‍ച്ചയും വിദേശ നിക്ഷേപം ഇടിഞ്ഞതും സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങളുടെ തകര്‍ച്ചയും തൊഴിലില്ലായ്മ വര്‍ധിക്കാന്‍ ഇടവരുത്തിയിരുന്നു. കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഫലമായി അവിടെയും തൊഴില്‍ലഭ്യത ഗണ്യമായി ഇടിഞ്ഞു. 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കിയ പുത്തന്‍ പരിഷ്കാരത്തിന്റെ ഫലമായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് പദ്ധതിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. രാജ്യത്തെ 47 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്ന സാഹചര്യത്തില്‍ 2020ല്‍ മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമം ആ മേഖലയെയും അപ്പാടെ തകര്‍ത്തു. സൈന്യത്തില്‍ ആരംഭിച്ച അഗ്നിപഥ് പദ്ധതി യുവജനങ്ങളുടെ സൈനിക മോഹമെന്ന ആഗ്രഹത്തിനും വിലങ്ങുതടിയായി. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം രാജ്യത്തെ 15 നും 29 വയസിനുമിടയിലുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മാ നിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്.
ജനതാദള്‍ യുണെെറ്റഡ് ശക്തമായി എതിര്‍ക്കുന്നതിനാല്‍ അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കാന്‍ ആലോചന നടക്കുന്നുവെന്നും വാര്‍ത്തകളുണ്ട്. പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു ലോക് ജനശക്തി പാര്‍ട്ടി എന്നിവ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ നാല് വര്‍ഷത്തെ സേവന കാലാവധിക്ക് ശേഷം മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് സെെനികരായി നിയമിക്കും.75 ശതമാനം പേര്‍ക്ക് സേനയില്‍ നിന്ന് പുറത്തുപോകേണ്ടി വരും. തൊഴില്‍ സ്ഥിരത ഇല്ലാതാക്കുന്ന ഈ വ്യവസ്ഥയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുഴുവന്‍ അഗ്നിവീര്‍മാര്‍ക്കും 15 വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.