3 January 2025, Friday
KSFE Galaxy Chits Banner 2

നരേന്ദ്ര മോഡിയുടെ മെഗാഫോണോ നടേശൻ?

വി ദത്തന്‍
June 21, 2024 4:33 am

നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയ്യാറാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്താണ് നടേശന്റെ ഈ ഉറച്ച നിലപാട്? മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യൂനപക്ഷങ്ങൾ കേരളത്തിന്റെ സമ്പത്തെല്ലാം കൊള്ളയടിക്കുന്നു എന്ന് നാഴികയ്ക്കുനാല്പതു വട്ടം പറഞ്ഞുകൊണ്ടിരിക്കുക എന്നതു തന്നെ. ഈ നിലപാട് പോലും നടേശന്റെ സ്വന്തം കണ്ടുപിടിത്തമല്ല. ഹിന്ദുക്കളുടെ കെട്ടുതാലി വരെ മുസ്ലിങ്ങൾ അടിച്ചുമാറ്റുന്നു എന്ന ഇന്ത്യ ഭരിക്കുന്ന മതഭ്രാന്തരുടെ അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ വിപുലപ്പെടുത്തിയ കോപ്പിയടിയാണ്.
എസ്എൻഡിപി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയും ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കാൻ ജീവിതാവസാനം വരെ ശ്രമിക്കുകയും ചെയ്ത മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ മുസ്ലിങ്ങളെ കുറിച്ച് പ്രധാനമന്ത്രി മോഡി ഛർദിച്ചു വച്ചത് നടേശൻ അതേപടി വിഴുങ്ങി വിസർജിക്കില്ലായിരുന്നു.
“കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ-
പാരങ്ങളിൽ നിന്ന് വൻകടലിൻ
ചീറുംതിരകൾ കടന്നോ ഹിമാലയ-
മേറിയോ വന്നവരേറെയില്ല.
എത്രയോ ദൂരം വഴിതെറ്റി നിൽക്കേണ്ടോ-
രേഴച്ചെറുമൻ പോയ് തൊപ്പിയിട്ടാൽ
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട നമ്പൂരാരെ.
ഇത്ര സുലഭവുമാശ്ചര്യവുമായി –
സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ
ബുദ്ധിയുള്ളോരിങ്ങാശ്രേയസുപേക്ഷിച്ചു
ബദ്ധരായ് മേവുമോ ജാതി ജേലിൽ? ’’ (ദുരവസ്ഥ) എങ്ങനെയാണ് ഇവിടെ ഇസ്ലാം ഉടലെടുത്തതെന്നും വളര്‍ന്നതെന്നും ആശാൻ വളരെ കൃത്യമായി വിവരിക്കുന്നുണ്ട്. ‘ആട്ടും വിലക്കും വഴിയാട്ടും സഹിച്ചു പൊറുതിമുട്ടിയ’ താണ ജാതിക്കാർ ഹിന്ദുമതം വിട്ടുപോയ കാര്യം നേരത്തെ തന്നെ പരാമർശിച്ചിട്ടുണ്ട്. “കെട്ട നമ്പൂരിമതം” എന്നാണ് ഹിന്ദുമതത്തിന് ആശാൻ ഇവടെ നൽകുന്ന വിശേഷണം. ഇതൊന്നും മനസിലാക്കാതെയാണ് ആശാൻ ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ട് നടേശൻ, മോഡിയെ പോലുള്ള പരമത വിദ്വേഷികളുടെ വിവരദോഷങ്ങൾ ഏറ്റുപിടിക്കുന്നത്. മോഡി പറയുംപോലെയുള്ള നുഴഞ്ഞുകയറ്റക്കാരല്ല മുസ്ലിങ്ങൾ എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ആശാൻ വ്യക്തമാക്കിയിരിക്കുന്നു.
ഗുജറാത്തിൽ 2,000ത്തിലധികം മുസ്ലിങ്ങളെ ഉന്മൂലനം ചെയ്തകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ നടത്തിയ മതഭ്രാന്ത ജല്പനം വേദവാക്യമായി യോഗം ജനറൽ സെക്രട്ടറി കരുതാൻ പാടില്ലായിരുന്നു. ‘പല മതസാരവും ഏകമെന്നും, ഒരു പീഡയുറുമ്പിനും വരുത്തരു‘തെന്നും ഉപദേശിച്ച ഗുരുവിന്റെ ധർമ്മം പ്രചരിപ്പിക്കാൻ വേണ്ടി സ്ഥാപിതമായ സംഘടനയുടെ സാധാരണ അംഗമായാൽ പോലും പറയാൻ പാടില്ലാത്ത വിദ്വേഷഭാഷയാണ് ജനറൽ സെക്രട്ടറി ഉപയോഗിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുന്നതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കാൻ പോലും തയ്യാറാണെന്ന നടേശന്റെ പ്രസ്താവന വെറും വിടുവായത്തമാണ്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും അടച്ചാക്ഷേപിക്കുന്നതും പുലഭ്യം പറയുന്നതുമാണോ യോഗത്തിന്റെ നിലപാട്? 

ആയിരത്താണ്ടുകളായി ബ്രാഹ്മണ പൗരോഹിത്യം കയ്യടക്കിവച്ചിരുന്ന ക്ഷേത്ര പ്രതിഷ്ഠയ്ക്കും മറ്റുമുള്ള അവകാശം ഒറ്റ രാത്രികൊണ്ട് ശ്രീനാരായണഗുരു നേടിയെടുത്തത് രക്തസാക്ഷിത്വം വരിച്ചിട്ടായിരുന്നില്ല. ശിവപ്രതിഷ്ഠ നടത്താൻ നിനക്കെന്തവകാശം? എന്ന് ചോദിച്ച് പാഞ്ഞടുത്ത ക്രുദ്ധപൗരോഹിത്യത്തെ “നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്’” എന്ന ശാന്തമായ മറുപടിയിലൂടെയാണ് ഗുരു നിശബ്ദരാക്കിയത്. അല്ലാതെ വടിവാളും തോക്കും വിടുവായത്തവും കൊണ്ടായിരുന്നില്ല.
ഏകോദര സഹോദരങ്ങളെപ്പോലെ സ്നേഹത്തോടും സൗഹാർദത്തോടും കഴിയുന്ന വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരെ തമ്മിലടിപ്പിക്കാൻ വർഗീയതയുടെ വിഷം ചീറ്റുന്ന ഭരണവര്‍ഗമായ സംഘപരിവാരങ്ങൾക്കൊപ്പം നിന്ന് ലഹളയ്ക്ക് മറ്റാരു വട്ടംകൂട്ടിയാലും, ശ്രീനാരായണ ഭക്തരോ അനുയായികളോ അങ്ങനെ ചെയ്യാൻ പാടില്ല. വിശേഷിച്ച് ക്രിസ്ത്യാനികളെയും മുഹമ്മദീയരെയും അപവദിച്ചും ദ്രോഹിച്ചും. കാരണം കാരുണ്യത്തിന്റെയും അനുകമ്പയുടെയും മൂര്‍ത്തികളായി ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീബുദ്ധനും ശങ്കരാചാര്യർക്കും ഒപ്പം നാരായണഗുരു അവതരിപ്പിക്കുന്ന മഹാത്മാക്കളിൽ രണ്ടു പേർ യേശു ക്രിസ്തുവും മുഹമ്മദ് നബിയുമാണ്.
“പുരുഷാകൃതി പൂണ്ട ദൈവമോ
നരദിവ്യാകൃതി പൂണ്ട ധർമ്മമോ
പരമേശ പവിത്ര പുത്രനോ
കരുണാവാൻ നബി മുത്തു രത്നമോ” എന്നാണ് ഗുരു അനുകമ്പാ ദശകത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന് ആരാധ്യരായിട്ടുള്ള മഹാപുരുഷന്മാർ ജന്മം നല്‍കിയ മതത്തിൽപ്പെട്ടവരെ അധിക്ഷേപിക്കുന്നത് ഗുരുവിനെ ആക്ഷേപിക്കുന്നതിനു തുല്യമാണ്.
ഭരണം കയ്യിൽക്കിട്ടിയപ്പോൾ ഭരണഘടനാ ലംഘനത്തിനു മുതിർന്ന മോഡിയെപ്പോലെ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വം കൈവശമെത്തിയതിന്റെ ഹുങ്കിൽ ഗുരുദേവകൃതികളിൽ നിന്നും “അനുകമ്പാദശകം” നീക്കം ചെയ്യണമെന്നു നടേശൻ ഉത്തരവിടുമോ? ഉറച്ച നിലപാടുകൾ കൈ ക്കൊള്ളുന്നതിന്റെ പേ രിൽ രക്തസാക്ഷിത്വമെന്ന വീമ്പടി കേൾക്കുമ്പോൾ, കവികളെ ഗളഹസ്തം ചെയ്യുമെന്ന് ചിലർ പറഞ്ഞതിന് ചങ്ങമ്പുഴ കൊടുത്ത മറുപടിയാണ് ഓർമ്മ വരുന്നത്.
“ഗളഹസ്തം ചെയ്യുംപോൽ, ഗളഹസ്തം -
അല്ലല്ല ഗളഹസ്തം വെറുമൊരു ചൊറി കുത്താണോ? ”
ഉറച്ച നിലപാട് സ്വീകരിക്കേണ്ട സമയത്ത് മൗനം ദീക്ഷിക്കുകയും എതിരാളികളോടൊപ്പം ചേർന്ന് അവകാശങ്ങൾ അടിയറവയ്ക്കുകയും ചെയ്ത ചരിത്രമാണ് വെള്ളാപ്പള്ളി നടേശനുള്ളത്. സംവരണം സാമ്പത്തികാടിസ്ഥാനത്തിൽ വേണമെന്ന് കേന്ദ്ര സർക്കാരും സംഘപരിവാരവും തീരുമാനിച്ചപ്പോൾ, എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ചങ്ങാത്തത്തിൽ മതിമറന്ന് ഒരക്ഷരം എതിർത്തു പറയാതിരുന്നാണ് നടേശൻ മുമ്പ് രക്തസാക്ഷിയായത്. സാമുദായിക സംവരണം എന്ന എസ്എൻഡിപിയുടെ എക്കാലത്തെയും ഉറച്ച നിലപാട് ഭരണകൂടം അട്ടിമറിച്ചപ്പോൾ ‘നടേശന്റെ രക്തസാക്ഷിത്വ വീര്യം’ എവിടെപ്പോയിരുന്നു?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.