28 September 2024, Saturday
KSFE Galaxy Chits Banner 2

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനമാറ്റം; ആശങ്കയോടെ യാത്രക്കാർ

Janayugom Webdesk
കൊച്ചി 
June 21, 2024 8:00 pm

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആസ്ഥാനം കൊച്ചിയില്‍ നിന്ന് ഉത്തരേന്ത്യയിലേക്കു മാറ്റിയത് കമ്പനിക്കും യാത്രക്കാർക്കും തിരിച്ചടിയാകും. 2013 മുതല്‍ കൊച്ചിയില്‍ പ്രവർത്തിച്ചിരുന്ന ആസ്ഥാനമാണ് ഹരിയാനയിലെ ഗുഡ്ഗാവിലേക്കു മാറ്റിയത്. കൃത്യ സമയം പാലിക്കാത്തതും സർവീസുകൾ റദ്ദാക്കുന്നതും ഉൾപ്പടെ പ്രതിസന്ധികൾ നേരിടുമ്പോൾ നേരത്തേ യാത്രക്കാർക്ക് അടിയന്തരമായ ഇടപെടലിന് സാദ്ധ്യതകൾ ഉണ്ടായിരുന്നു .ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന എയർ ഇന്ത്യ എക്സ്പ്രസിനെ യാത്രക്കാർ കൈയൊഴിയുന്ന സമയത്താണ് ഓഫീസ് മാറ്റവും നടന്നത്, നയപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ആസ്ഥാനം മാറ്റി സ്ഥാപിച്ചത്. 2023ലാണ് ഇതിനായുള്ള നീക്കങ്ങള്‍ കമ്ബനി ആരംഭിച്ചത്. ഇതിനായി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാരെ ഗുഡ്ഗാവിലേക്കു നേരത്തെതന്നെ മാറ്റി. 

ആസ്ഥാനമാറ്റത്തോടെ 300 ഓളം പേർക്കു ജോലി നഷ്‌ടമായിട്ടുണ്ടെന്നാണു കണക്ക്. നിരവധി പേർ ജോലി ഉപേക്ഷിക്കുകയും ചെയ്തു. അതേസമയം ജീവനക്കാരുടെ എണ്ണം കുറച്ച്‌ കൊച്ചി എളംകുളത്ത് ഓഫീസ് പ്രവർത്തനം നടത്തുമെന്നാണ് കമ്പനിയുടെ വിശദീകരണം. ആസ്ഥാനം കൊച്ചിയില്‍നിന്നു മാറ്റിയെങ്കിലും വിമാന സർവീസുകളില്‍ മാറ്റമുണ്ടാകില്ലെന്നും അധികൃതർ പറയുന്നു. അടുത്തിടെ ജീവനക്കാരും കമ്പനിയും തമ്മിലുള്ള തർക്കങ്ങള്‍ നിരവധി വിമാന സർവീസുകളെയും ബാധിച്ചിരുന്നു. 

കഴിഞ്ഞമാസം 300 ഓളം കാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് സർവീസുകളെ താറുമാറാക്കി. 200ല്‍പ്പരം സർവീസുകള്‍ റദ്ദാക്കേണ്ടിവന്നതോടെ ആയിരക്കണക്കിനു യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നത്. പിന്നീട് ഡല്‍ഹി ലേബർ കമ്മീഷണറുടെ ഇടപെടലിലാണു പ്രശ്നം പരിഹരിച്ചത്. ഗള്‍ഫ് മേഖലയിലെ ഉള്‍പ്പെടെ പ്രവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന വിമാന കമ്പനിയെന്ന നിലയില്‍ വലിയ ലാഭമാണു കൊച്ചി സെക്ടറില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസിനു ലഭിക്കുന്നത്. 

Eng­lish Summary:Relocation of Air India Express; Wor­ried passengers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.