28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

June 23, 2024
December 18, 2023
August 20, 2023
December 6, 2022
November 27, 2022
May 2, 2022
April 29, 2022
February 8, 2022
January 27, 2022
January 19, 2022

ഐസിഎംആറിനെ നിഷ്ക്കരുണം ഒഴിവാക്കി; കോവാക്സിന് പേറ്റന്റ് നേടാന്‍ ഭാരത് ബയോടെക്

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2024 9:24 pm

ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കോവാക്സിന്റെ ബൗദ്ധികസ്വത്തവകാശം സ്വകാര്യ കമ്പനി സ്വന്തമാക്കുന്നതായി ആക്ഷേപം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് കോവാക്സിന്‍ കണ്ടുപിടിച്ചത്. എന്നാല്‍ മരുന്നിന്റെ ബൗത്തിക സ്വത്തവകാശം ഒറ്റയ്ക്ക് സ്വന്തമാക്കാനാണ് ഭാരത് ബയോടെകിന്റെ നീക്കം. ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നല്‍കിയ പേറ്റന്റ് അപേക്ഷയില്‍ ഭാരത് ബയോടെക് അവരുടെ ഗവേഷകരുടെ പേര് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഐസിഎംആറിന്റെ കാര്യം പറയുന്നേയില്ല. ബൗദ്ധിക സ്വത്തവകാശം ഐസിഎംആറിനും ഭാരത് ബയോടെക്കിനും അവകാശപ്പെട്ടതാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ 2021 ജൂലായില്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നതാണ്. ഇതിന് വിരുദ്ധമായ നടപടിയാണ് ഭാരത് ബയോടെക് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ നല്‍കിയ അപേക്ഷകളില്‍ കമ്പനി ചെയര്‍മാന്‍ ദീപക് കുമാര്‍, സ്ഥാപകന്‍ കൃഷ്ണമൂര്‍ത്തി എല്ല എന്നിവര്‍ വാക്സിന്‍ കണ്ടുപിടിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഭാരത് ബയോടെക്കും ബിജെപി നേതാക്കളും തമ്മില്‍ അടുത്തബന്ധമുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഭാരത് ബയോടെക്കുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് (ടിഡിപി) 25 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് നല്‍കിയിരുന്നു. കേന്ദ്രം ഭരിക്കുന്ന പ്രബല പാര്‍ട്ടിയായി ടിഡിപി ഇന്ന് മാറിയിരിക്കുന്നു. അതേസമയം വാക്സിന്‍ ഗവേഷണത്തിന് തങ്ങള്‍ പണം ചെലവഴിച്ചിട്ടില്ലെന്നും അവര്‍ക്ക് കീഴിലുള്ള, പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐവി) ഫണ്ട് നല്‍കിയിരുന്നെന്നും ഐസിഎംആര്‍ പറയുന്നു. അത് 35 കോടി രൂപ വരും. റോയല്‍റ്റി ഇനത്തില്‍ ഐസിഎംആറിന് 171 കോടി രൂപ ലഭിച്ചെന്ന് 2022 ജനുവരിയില്‍ സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍), ഐസിഎംആര്‍ എന്നിവരുമായി സഹകരിച്ച് ഭാരത് ബയോടെക് മുന്‍പും ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ നല്‍കിയ ബൗദ്ധിക സ്വത്തവകാശ അപേക്ഷയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നു. അപേക്ഷ ” നടപടിക്രമം വികസിപ്പിച്ചതിനും” വാക്സിന്‍ നിര്‍മ്മാണത്തിനും മാത്രമാണുള്ളതെന്നും അമേരിക്ക ആസ്ഥാനമായുള്ള വിട്രോവാക്സ് എന്ന കമ്പനിയുടെ ലൈസന്‍സ് ലഭിച്ച ശേഷം കോവാക്സിന്‍ അതിലേക്ക് ചേര്‍ക്കുകയായിരുന്നെന്നും ഭാരത് ബയോടെക് പറയുന്നു. വിട്രോവാക്സില്‍ നിന്ന് ലഭിച്ച ചേരുവ ഉപയോഗിച്ചാണ് കോവാക്സിന്‍ ശക്തമായ പ്രതികരണ ശേഷി കൈവരിച്ചതെന്നും വ്യക്തമാക്കി. 

കോവാക്സിന്‍ വികസനത്തിന്റെ എല്ലാ മേഖലകളിലും ഐസിഎംആറിന്റെ പങ്കാളിത്തം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐസിഎംആര്‍ മുന്‍ മേധാവി ബല്‍റാം ഭാര്‍ഗവ തന്റെ ’ ഗോയിംഗ് വൈറല്‍: ദ മേയ്ക്കിംഗ് ഓഫ് കോവാക്സിന്‍’ എന്ന പുസ്തകത്തില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്. ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞര്‍ സാര്‍സ് കോവ്-ടു വൈറസിനെ വേര്‍തിരിച്ചെടുത്തത് എങ്ങനെയാണെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതില്‍ നിന്നെല്ലാം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പങ്ക് വ്യക്തമാണ്. എന്നാല്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാലോ ഡോ. ഭാര്‍ഗവയോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. 

Eng­lish Summary:ICMR was mer­ci­less­ly shunned; Bharat Biotech to patent covaxin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.