23 November 2024, Saturday
KSFE Galaxy Chits Banner 2

ഭരണഘടന പൊളിച്ചെഴുതാനിറങ്ങിയവര്‍ ഇന്ന് കാപട്യത്തോടെ സ്തുതിക്കുന്നു

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
July 5, 2024 7:31 pm

‘അക്ഷരം വിപ്രഹസ്തേന’-അക്ഷരം ബ്രാഹ്മണന്റെ കൈകൊണ്ടു മാത്രം എന്നെഴുതിവച്ച മനുസ്മൃതിയായിരിക്കണം രാജ്യത്തിന്റെ ഭരണഘടന എന്ന് വിചാരധാരയില്‍ കുറിച്ച മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരു പതിറ്റാണ്ടുകാലം യത്നിച്ചത്. ഭരണഘടന പൊളിച്ചെഴുതാനുള്ള അംഗബലം പാര്‍ലമെന്റില്‍ ഇല്ലാതിരുന്നതുകൊണ്ട് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്നും തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഹുങ്ക് പ്രകടിപ്പിച്ചു. പക്ഷേ, ഇന്ത്യന്‍ ജനത ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി നിലയുറപ്പിച്ചു. ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന ബിജെപി, ഈ തെരഞ്ഞെടുപ്പില്‍ ഘടക പാര്‍ട്ടികളുടെ പിന്തുണയോടെ ഞാണിന്മേല്‍ കളിയെന്ന ഭരണത്തിന്റെ അവസ്ഥയിലേക്ക് നിലംപൊത്തി.
പൗരാവകാശ നിയമ ഭേദഗതിയും ഏകീകൃത സിവില്‍കോഡും ഭരണഘടന പൊളിച്ചെഴുത്തിന്റെ ആമുഖമെഴുത്തായിരുന്നു. മതനിരപേക്ഷത, സോഷ്യലിസം എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നൊഴിവാക്കി ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുന്നതും രാജ്യം കണ്ടു. സംഘപരിവാരത്തിന്റെ രക്തവിശുദ്ധി സംസ്കാരം മനുസ്മൃതിയും മുന്നോട്ടുവയ്ക്കുന്നുണ്ട്. മനു, മനുഷ്യനെ നാലായി വിഭജിച്ചു. ബ്രഹ്മാവിന്റെ നെറ്റിത്തടത്തില്‍ നിന്ന് ജനിക്കുന്നവന്‍ ബ്രാഹ്മണന്‍, കൈത്തണ്ടയില്‍ നിന്ന് ജനിക്കുന്നവന്‍ ക്ഷത്രിയന്‍, തുടകളില്‍ നിന്ന് ജനിക്കുന്നവന്‍ വൈശ്യന്‍, പാദങ്ങളില്‍ നിന്ന് ജനിക്കുന്നവന്‍ ശൂദ്രന്‍. ബ്രാഹ്മണന്‍ ദൈവത്തോട് ഏറ്റവും അടുത്തുനില്‍ക്കും, ക്ഷത്രിയന്‍ ബ്രാഹ്മണന്റെ ഉപദേശപ്രകാരം രാജ്യം ഭരിക്കണം, വൈശ്യന്‍ കച്ചവടം ചെയ്ത് ജീവിക്കണം, ശൂദ്രന്‍ അടിമപ്പണി — ഭൃത്യവേലയെടുത്ത് ജീവിക്കണം. 

നാലു കൂട്ടരല്ലാതെ മറ്റൊരു കൂട്ടരുമുണ്ട്. ദൈവീക ശരീരത്തില്‍ നിന്നല്ലാത്ത പഞ്ചമന്മാര്‍— പട്ടികജാതി-വര്‍ഗ‑ഗോത്രവിഭാഗക്കാര്‍. അവരെ മനുഷ്യരായേ പരിഗണിക്കുന്നില്ല. ഇതില്‍ രക്തവിശുദ്ധി ബ്രാഹ്മണനും ക്ഷത്രിയനും മാത്രം. അവരാണ് സംഘ്പരിവാറിന്റെ യഥാര്‍ത്ഥ ഹിന്ദുക്കള്‍. ഗോള്‍വാള്‍ക്കര്‍ എഴുതിയത് ഇന്ത്യ രക്തവിശുദ്ധിയുള്ള യഥാര്‍ത്ഥ ഹിന്ദുക്കളുടെ രാഷ്ട്രമെന്നാണ്. അതല്ലാത്തവര്‍ ഒന്നുകില്‍ ഇന്ത്യ വിട്ടുപോകണം അല്ലെങ്കില്‍ പൗരാവകാശമില്ലാത്ത അടിമകളെപ്പോലെ കഴിഞ്ഞുകൂടണം. ഇതാണ് സംഘപരിവാരങ്ങളുടെ ഹിന്ദുത്വം. ഈ അജണ്ടയിലുള്ള ഹിന്ദു രാഷ്ട്രം സ്ഥാപിക്കുവാനും മനുസ്മൃതിയിലധിഷ്ഠിതമായ ഭരണഘടന സൃഷ്ടിക്കുവാനുമാണ് നരേന്ദ്ര മോഡിയും അമിത് ഷായും നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന അഹന്തയോടെ മതവിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അവതരിപ്പിച്ചത്. ജനത ആ കെണിയില്‍ വീണില്ല എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സര്‍വമത സാഹോദര്യത്തിന്റെയും വിജയമായി.
ഏകാധിപത്യത്തിനായി ആഗ്രഹിച്ച മോഡിയെയും അമിത് ഷായെയും കൂട്ടരെയും പണിപൂര്‍ത്തിയാകാതെ, മോഡി തന്നെ മുഖ്യകാര്‍മ്മികനായി വിഗ്രഹപ്രതിഷ്ഠ നടത്തിയ അയോധ്യയിലെ ശ്രീരാമന്‍ പോലും രക്ഷിച്ചില്ല. അയോധ്യ ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍പ്പോലും ബിജെപി നിലംപൊത്തി. ശക്തമായ ‘ഇന്ത്യ’ — പ്രതിപക്ഷം പാര്‍ലമെന്റിലുണ്ടായതോടെ സ്ഥലജലവിഭ്രാന്തിയോടെ ആക്രോശിക്കുകയും ജല്പനങ്ങള്‍ ആവര്‍ത്തിക്കുകയുമാണ് നരേന്ദ്ര മോഡി. യഥാര്‍ത്ഥ ഹിന്ദു ഹിംസയുടെ നീചമാര്‍ഗത്തിലേക്ക് പോവുകയില്ലെന്നും അഹിംസാമാര്‍ഗത്തിലൂടെ സഞ്ചരിക്കുകയില്ലെന്നും ആര്‍എസ്എസും ബിജെപിയും യഥാര്‍ത്ഥ ഹിന്ദുക്കളെയല്ല പ്രതിനിധീകരിക്കുന്നതെന്നും വസ്തുതകള്‍ നിരത്തി പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലുമുയര്‍ത്തിയപ്പോള്‍ ഹിന്ദുക്കളെയാകെ പ്രതിപക്ഷം ഭീകരവാദികളാക്കിയെന്ന് ദുര്‍വ്യാഖ്യാനിച്ച് വീണ്ടും മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു പാര്‍ലമെന്റിലും ബിജെപി. വര്‍ഗീയ കാര്‍ഡിറക്കിയിട്ടും തെരഞ്ഞെടുപ്പില്‍ തലനാരിഴയ്ക്ക് മാത്രം കടന്നുകൂടിയ ബിജെപി മതനിരപേക്ഷ ഇന്ത്യയുടെ മാനസം മനസിലാക്കുന്നില്ലെന്നര്‍ത്ഥം.

മതനിരപേക്ഷതയുടെയും മാനവമൈത്രിയുടെയും പതാക വാനംമുട്ടെ ഉയര്‍ത്തിപ്പിടിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെ നിരവധി വര്‍ഗീയ ലഹളകള്‍ക്ക് തിരികൊളുത്തിയ സംഘപരിവാരവും ഗുജറാത്തില്‍ വംശഹത്യാ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയും ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം നാളെ ഇന്ത്യയില്‍ ഗുജറാത്ത് ആവര്‍ത്തിക്കപ്പെടാമെന്നു പറഞ്ഞ്, മോഡി കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ആ പരീക്ഷണ യത്നത്തിലായിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് വിലക്കയറ്റവും തൊഴിലില്ലായ്മയും കുത്തക മുതലാളി സംരക്ഷണവും ചൂണ്ടിക്കാട്ടുമ്പോള്‍ മറുപടിയില്ലാതെ ബാലമനസ് എന്ന് അപഹസിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്.
മണിപ്പൂര്‍ എന്ന സംസ്ഥാനത്തെ 14 മാസമായി നരേന്ദ്ര മോഡി കണ്ടതേയില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്നതുപോലും അദ്ദേഹം വിസ്മരിച്ചു. നൂറുകണക്കിനാളുകള്‍ പിടഞ്ഞുമരിച്ചു. സ്ത്രീകള്‍ നഗ്നരായി തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങളും വിദ്യാലയങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. മൗനത്തിന്റെ വല്‍മീകത്തിലായിരുന്ന മോഡി ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടേയിരിക്കുന്നു എന്ന കടുത്ത ഫലിതം പാര്‍ലമെന്റില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഗുജറാത്ത് പരീക്ഷണം മണിപ്പൂരിലും അരങ്ങേറ്റുകയാണ്. മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ വിശ്വസിക്കാനാവില്ലെന്ന നിശിത വിമര്‍ശനം സുപ്രീം കോടതി തന്നെ നടത്തിയിട്ടും ആടയാഭരണങ്ങളോടെ അരങ്ങുവാഴുകയാണ് സംഘപരിവാരം.
ഭരണഘടന പൊളിച്ചെഴുതി മനുസ്മൃതിയെ മാറോട് ചേര്‍ത്തുപിടിക്കുവാന്‍ ശ്രമിച്ചവര്‍ ജനഹിതം വന്നപ്പോള്‍ ഭരണഘടനയില്‍ മുത്തമിടുന്നു, മുഖത്തോട് ചേര്‍ത്തുവയ്ക്കുന്നു. കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ ചരിത്രം എങ്ങനെ വിലയിരുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.