നീറ്റ്-യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ പരീക്ഷ റദ്ദാക്കിയാല്‍ അത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നീറ്റ് ഫലം റദ്ദാക്കണമെന്ന വിവിധ ഹർജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
ചില പരീക്ഷാ കേന്ദ്രങ്ങളില്‍ മാത്രമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായത്. രാജ്യമൊട്ടാകെ നടത്തുന്ന പരീക്ഷയില്‍ വലിയ തോതില്‍ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടു എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷ മൊത്തത്തില്‍ റദ്ദാക്കുന്നത് പരീക്ഷയെഴുതിയ സത്യസന്ധരായ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സുപ്രീം കോടതിയിൽ എത്തിയത്. കഠിന പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിർദേശിക്കുന്നത് അനുചിതമാണെന്ന് വിദ്യാർത്ഥികളുടെ ഹർജിയിൽ പറയുന്നു. അതേസമയം നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുകയാണ്.
നീറ്റ് പിജി ഓഗസ്റ്റ് 11ന്
ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11 ന് നടക്കും. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടക്കുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.
ജൂണ്‍ 23ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നടത്തിയ അവലോകന യോഗത്തിന് പിന്നാലെയാണ് പുതിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.
English Summary: NEET UG: Center says exam cannot be cancelled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.