6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024
July 18, 2024
July 5, 2024
July 1, 2024
June 25, 2024

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Janayugom Webdesk
കോഴിക്കോട്
July 5, 2024 11:02 pm

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി പള്ളിക്കര സ്വദേശിയായ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ്യാർത്ഥി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കുട്ടി കുളിച്ച കിഴൂർ കാട്ടുംകുളം അടയ്ക്കുകയും കുളത്തിന് മുൻവശത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 

രണ്ടുമാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. രാമനാട്ടുകര ഫാറൂഖ് കോളജിന് സമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകൻ ഇ പി മൃദുൽ (12) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കണ്ണൂർ, മലപ്പുറം സ്വദേശികളായ കുട്ടികളാണ് നേരത്തെ മരിച്ചത്. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ വി ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 12നാണ് മരിച്ചത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 20ന് മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി-ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5)യും മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയ്ക്കായി വിദേശത്ത് നിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചിട്ടുണ്ട്. ജർമ്മനിയിൽ ഉല്പാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഏഴിനം മരുന്നുകൾ ചികിത്സയ്ക്കായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വൃത്തിഹീനമായ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്വിമ്മിങ് പൂളുകൾ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാൽ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. 

സ്വിമ്മിങ് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാൻ സഹായകമാകും. ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഇ ശ്രീകുമാർ തുങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Amoe­bic encephali­tis con­firmed again in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.