5 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 10, 2024
July 9, 2024
May 18, 2024
November 15, 2023
October 11, 2023
April 26, 2023
March 29, 2023
December 10, 2022
October 23, 2022
September 25, 2022

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വിജയത്തിന് 75 വയസ്

കെ ജി ശിവാനന്ദൻ
July 9, 2024 4:45 am

രു കമ്മ്യൂണിസ്റ്റുകാരന്റെ വിജയത്തിന് 75 വയസ് തികയുകയാണ്. ലോകത്താദ്യമായി ബാലറ്റുപ്പെട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് 1957ൽ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ കേരള സംസ്ഥാനത്താണ്. ഇതിനും എട്ടു വർഷം മുമ്പ് ഉണ്ടായ മറ്റൊരു വിജയം ചരിത്രം മാറ്റിയെഴുതി. 1949 ജൂൺ മാസത്തിലാണ് സംഭവം. 1952ലാണ് സ്വതന്ത്ര ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശ പ്രകാരമുള്ള തെരഞ്ഞെടുപ്പ് ദേശീയ തലത്തിൽ നടന്നത്. അന്ന് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. അതിനു മുമ്പുതന്നെ തിരുവിതാംകൂർ‑കൊച്ചി നാട്ടുരാജ്യങ്ങളിൽ പ്രായപൂർത്തി വോട്ടവകാശം വിനിയോഗിക്കാൻ അവസരം ലഭിച്ചു. തിരുവിതാംകൂറിൽ 1948ൽ ഈ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. എന്നാൽ കൊച്ചിയിൽ ആ അവസരം ലഭിച്ചത് 1949ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഉണ്ടായ ഉപതെരഞ്ഞെടുപ്പിലാണ്. കൊച്ചി നിയമസഭയിലേക്ക് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്, പ്രജാമണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ച സി യു നാരായണനാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം കോടതി വിധിയെ തുടർന്ന് അസാധുവായി.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ സിപിഐ തീരുമാനിച്ചത് ഇ ഗോപാലകൃഷ്ണ മേനോനെ മത്സരിപ്പിക്കാനാണ്. അദ്ദേഹം അതിനു മുമ്പ് 1945ൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും കൊച്ചി അസംബ്ലിയിലേക്ക് സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം 25 വയസ്. വോട്ടവകാശം ഭൂനികുതി കൊടുക്കുന്നവർക്കും എസ്എസ്എൽസി പാസായവർക്കും മാത്രമായിരുന്നു. എന്നിട്ടും മൂന്ന് പ്രമുഖർ മത്സരിച്ചതിൽ രണ്ടാം സ്ഥാനത്ത് ഗോപാലകൃഷ്ണ മേനോനെത്തി. തൃശൂരിൽ സി അച്യുതമേനോനായിരുന്നു മത്സരിച്ചത്.
1945ലെ തെരഞ്ഞെടുപ്പിലൂടെ ഗോപാലകൃഷ്ണ മേനോൻ കഴിവും കാര്യശേഷിയുമുള്ള നേതാവെന്ന പ്രതിച്ഛായയിൽ ജനങ്ങൾക്കിടയിൽ സുപരിചിതനായി. മാത്രമല്ല വിദ്യാർത്ഥി കാലം മുതലുള്ള പൊതുപ്രവർത്തനത്തിലൂടെ ആർജിച്ച ത്യാഗസന്നതയും സൗമ്യതയും ആരെയും ആകർഷിക്കുന്നതുമായിരുന്നു. 

ദേശീയ, സംസ്ഥാന തലങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളുടെ കാലമായിരുന്നു അന്ന്. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങൾ ചേർന്ന് തിരു ‑കൊച്ചി സംസ്ഥാനത്തിന് രൂപം കൊടുത്തു. തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖനായി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 100-ാം വർഷം ലോക രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആഘോഷിക്കുന്ന സന്ദർഭത്തിലാണ് ഇന്ത്യയിൽ പാർട്ടിയുടെ രണ്ടാം കോൺഗ്രസ് ചേരുന്നത്. ജനാധിപത്യ രീതിയിൽ നിന്നും വ്യതിചലിച്ച് സായുധ മാർഗം സ്വീകരിക്കുന്ന നയം കൽക്കത്ത തീസീസ് എന്ന പേരിൽ പുറത്തുവന്നു. അതോടെ രാജ്യമാകെ കമ്മ്യൂണിസ്റ്റ് വേട്ട ആരംഭിച്ചു. പാർട്ടിയെയും ബഹുജന സംഘടനകളെയും നിരോധിച്ചു. പാർട്ടി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദിക്കുന്നതും അറസ്റ്റും ജയിൽവാസവും നിത്യ സംഭവങ്ങളായി. പാർട്ടി തീരുമാനമനുസരിച്ച് പ്രധാന പ്രവർത്തകരെല്ലാം ഒളിവിൽ പോയി. ഇ ഗോപാലകൃഷ്ണ മേനോനും ഒളിവിൽ പ്രവർത്തിക്കാൻ സന്നദ്ധനായി.
അതിനിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നത്. പൊലീസിന്റെ പിടിയിൽ പെടാതെ നോക്കണം. അറസ്റ്റിന് കീഴ്പ്പെടരുത്. ഇതായിരുന്നു പാർട്ടി നിർദേശം. ഒളിവിലിരുന്നുതന്നെ നോമിനേഷൻ ഒപ്പിട്ടു നൽകി, സ്ഥാനാർത്ഥിത്വം വരണാധികാരി അംഗീകരിച്ചു. സാഹസികമായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സന്നദ്ധമായി ഒരുപറ്റം പ്രവർത്തകർ മുന്നോട്ട് വന്നു. ഗോപാലകൃഷ്ണ മേനോന് പ്രത്യക്ഷപ്രവർത്തനം സാധ്യമായിരുന്നില്ല. പ്രചരണ രംഗത്ത് മുന്നിട്ടുനിന്നത് എതിർ സ്ഥാനാർത്ഥികളാണ്. 1948ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സി യു നാരായണൻ തന്നെയായിരുന്നു പ്രജാമണ്ഡലത്തിന്റെ സ്ഥാനാർത്ഥി. കെസി കെഎം മേത്തർ കെഎസ്‌പി സ്ഥാനാർത്ഥിയും. എതിർ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് സംസ്ഥാന നേതാക്കളുടെ നിര തന്നെ ഉണ്ടായിരുന്നു. സിപിഐ സ്ഥാനാർത്ഥിക്കുവേണ്ടി പ്രചരണത്തിന് എത്തിയത് അമ്പാടി വിശ്വനാഥ മേനോനും ബീഡി തൊഴിലാളിയായ കരുവന്നൂർക്കാരൻ എം എം അബ്ദുള്ളയും മാത്രം. എന്നാൽ അടുക്കും ചിട്ടയോടെയുള്ള പ്രവർത്തനം സ്ഥിരോത്സാഹവും അർപ്പണ ബോധവുമുള്ള പ്രവർത്തകർ താഴെ തലത്തിൽ നിശബ്ദമായി നടത്തിയിരുന്നു.
വോട്ടെണ്ണൽ കേന്ദ്രം തൃശൂരിലായിരുന്നു. കോൺഗ്രസുകാർ വലിയ വിജയപ്രതീക്ഷയാണ് വച്ചുപുലർത്തിയിരുന്നത്. അവരുടെ വിജയിയായ സ്ഥാനാർത്ഥിയെ വരവേൽക്കാൻ പുല്ലൂറ്റ് കനോലി കനാലിൽ വള്ളങ്ങളുടെ നിര തന്നെ തയ്യാറായി. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് രണ്ട് സിപിഐ പ്രതിനിധികൾ മാത്രമാണ് പോയത്, ജോൺ വൈദ്യരും, ടി എൻ കുമാരനും. വോട്ടെണ്ണൽ കഴിഞ്ഞു, തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ഫല പ്രഖ്യാപനമായിരുന്നു അത്. സിപിഐ സ്ഥാനാർത്ഥി ഇ ഗോപാലകൃഷ്ണ മേനോൻ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു.
ഇരട്ട വിജയമായിരുന്നു സഖാവിന്റെത്. ഒന്ന്, ഇന്ത്യയിലാദ്യമായി പ്രായപൂർത്തി വോട്ടവകാശ പ്രകാരം നടന്ന തെരഞ്ഞെടുപ്പിൽ നിയമസഭാ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ എന്ന ഖ്യാതി. രണ്ട്, ഈ വിജയം നേടിയത് വോട്ടർമാരെ മുഖാമുഖം കാണാതെ ഒളിവു ജീവിതം നയിച്ചുകൊണ്ടായിരുന്നു എന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയായി ഈ മഹാ വിജയം. 

നിയമസഭാ സാമാജികനായി ജനങ്ങൾ തെരഞ്ഞെടുത്തുവെങ്കിലും ഇ ഗോപാലകൃഷ്ണ മേനോന് സഭയിൽ പോകാൻ കഴിഞ്ഞില്ല. അറസ്റ്റ് വാറണ്ടുള്ളതിനാൽ ഒളിവ് ജീവിതം അവസാനിപ്പിച്ചിരുന്നില്ല. നാമനിർദേശപത്രിക നൽകിയത് കൊച്ചി നിയമസഭയിലേക്കായിരുന്നുവെങ്കിലും 1951 മാർച്ച് മാസത്തിലുണ്ടായ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഗോപാലകൃഷ്ണ മേനോൻ ജയിൽ മോചിതനായി. ഇതിനിടയിൽ സഖാവിന്റെ കത്ത് സ്പീക്കർ നിയമസഭയിൽ ചർച്ചയ്ക്കായി വച്ചു. അംഗത്വം റദ്ദ് ചെയ്യേണ്ടതില്ലായെന്ന പ്രമേയം സഭ പാസാക്കി. നിയമസഭാ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് സ്പീക്കറുടെ അടുത്തേക്ക് നടന്നുനീങ്ങിയിരുന്ന ഗോപാല കൃഷ്ണ മേനോന്റെ നേർക്കായിരുന്നു എല്ലാ കണ്ണുകളും. പലരും അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് അദ്ദേഹത്തെ നോക്കിയിരുന്നത്. അതിനു പ്രത്യേക കാരണമുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ഭീകരനായ മനുഷ്യനായിരിക്കും സഭയിലെത്തുന്നതെന്നാണ് അവർ കരുതിയിരുന്നത്. കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് എതിരാളികൾ പറഞ്ഞു പരത്തിയ കഥകൾ അത്തരത്തിലുള്ളതായിരുന്നു. ആകൃതിയിലും പ്രകൃതത്തിലും അതിൽ നിന്നെല്ലാം വ്യത്യസ്തനായ സൗമ്യനും സുമുഖനുമായ കമ്മ്യൂണിസ്റ്റ് നേതാവിനെ കണ്ടപ്പോൾ അവരെല്ലാം അന്തം വിട്ട് നിന്നു പോയതാകാം.
മറ്റൊരു കടമ്പ കൂടി കടന്നാണ് ഗോപാലകൃഷ്ണ മേനോൻ സഭയിലെത്തിയത്. തെരഞ്ഞെടുപ്പ് ചട്ട പ്രകാരം, നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആൾ 35 ദിവസത്തിനകം ഒരു മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പുവച്ചിരിക്കണം. വ്യവസ്ഥ പാലിക്കാതെ വന്നാൽ വിജയം അസാധുവാകും. ഈ സാഹചര്യത്തെ മറികടക്കാൻ സാഹസികമായ പദ്ധതിയാണ് പാർട്ടി തയ്യാറാക്കിയത്. അതുപ്രകാരം നിശ്ചയിക്കപ്പെട്ട വോളണ്ടിയർമാരോടൊപ്പം പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുന്ന ഗോപാലകൃഷ്ണ മേനോൻ, വക്കീലായ ഇ പത്മനാഭമേനോനെയും കുട്ടി സമയ പരിധി അവസാനിക്കുന്ന 35-ാം നാൾ രാത്രി ഒമ്പത് മണിക്കുശേഷം മജിസ്ട്രേറ്റിന്റെ താമസ സ്ഥലത്തെത്തി. മജിസ്ട്രേറ്റ് കൃഷ്ണയ്യർ താമസിച്ചിരുന്നത് കൊടുങ്ങല്ലൂർ ടൗണിൽ കോട്ട കോവിലകത്തിനടുത്തുള്ള കെട്ടിടത്തിലായിരുന്നു. അഭിഭാഷകനായ ഇ പി മേനോൻ, നിയുക്ത എംഎൽഎയെ പരിചയപ്പെടുത്തി കാര്യം ബോധിപ്പിച്ചു. നാളെ രാവിലെ വരികയെന്ന മറുപടി പറഞ്ഞു പിന്തിരിയുകയാണ് മജിസ്ട്രേറ്റ് ചെയ്തത്. തിരിച്ചു പോകാൻ തയ്യാറാകാതെ രണ്ടും കല്പിച്ച് ഒരു കാര്യം ഇരുവരും മജിസ്ട്രേറ്റിനോട് അല്പം കടുപ്പിച്ച് തന്നെ പറഞ്ഞു. “അങ്ങയുടെ ഈ നടപടിയുടെ പേരിൽ അംഗത്വം റദ്ദാക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം മജിസ്ട്രേറ്റ് പറയേണ്ടി വരും.” ഇത്രയും പറഞ്ഞു നിർത്തി. അപ്പോഴേക്കും വക്കീലിന്റെ കയ്യിലിരുന്ന കടലാസ് തിരിച്ചു വാങ്ങി മജിസ്ട്രേറ്റ് ഒപ്പുവച്ചു. പിറ്റേദിവസത്തെ പ്രധാന പത്രങ്ങളിലെല്ലാം വാർത്ത അച്ചടിച്ചു വന്നു. അത് ഇങ്ങനെയായിരുന്നു. “ഒളിവിലിരുന്ന് നിയമസഭയിലേക്ക് ജയിച്ച ഇ ഗോപാലകൃഷ്ണ മേനോൻ പൊലീസിന്റെ പിടിയിൽ പെടാതെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി സത്യപ്രതിജ്ഞ ചെയ്തു.”
കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ജനങ്ങളുടെ പ്രസ്ഥാനമാണ്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ജനങ്ങളിൽ നിന്ന് ആർജിച്ചെടുക്കുന്ന തൊഴിലാളി വർഗത്തിന്റെ വിമോചനപ്രസ്ഥാനമാണിത്. 75 വർഷം പിന്നിടുന്ന ആവേശകരമായ ഓർമ്മകളുടെ അനുഭവങ്ങൾ മാർഗദീപമായി നമുക്ക് മുന്നിലുണ്ട്. 

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.