23 November 2024, Saturday
KSFE Galaxy Chits Banner 2

കാവിവൽക്കരണശ്രമം നീതിപീഠത്തിലും നിയമ പഠനത്തിലും

Janayugom Webdesk
July 13, 2024 5:00 am

ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകർ കഴിഞ്ഞദിവസം കോടതി നടപടികൾ ബഹിഷ്കരിച്ചുള്ള സമരം നടത്തുകയുണ്ടായി. വ്യക്തിപരമോ തൊഴിൽപരമോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല, മറിച്ച് കോടതികളിലെ കാവിവൽക്കരണത്തിനെതിരെയായിരുന്നു പ്രസ്തുത പ്രതിഷേധം, അതവർ തുറന്നു പറയുന്നില്ലെങ്കിലും. അലഹബാദിൽ മാത്രമല്ല പല കോടതികളിലും കാവി ചിന്തകളും മതപരവും ദെെവികമനോഭാവവുമുള്ള ജഡ്ജിമാരുടെ വിചിത്രമായ വിധികൾ നാം വായിക്കുന്നുണ്ട്. അലഹബാദിലെ ചില ജഡ്ജിമാർ അത്തരം വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് മാത്രമല്ല, സ്വയം ദൈവമായി (യജമാനന്മാരായി) ഭാവിക്കുന്നു എന്നതാണ് ഇപ്പോൾ അഭിഭാഷകർ ഉയർത്തിയിരിക്കുന്ന പ്രശ്നം. കാവിമനസുമായി നിയമത്തെ വ്യാഖ്യാനിക്കുകയും അതനുസരിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്ത ജഡ്ജിമാർ തന്നെയാണ് ഇത്തരം സ്വയം ദൈവികഭാവം പുല‍ർത്തുന്നത്. അങ്ങനെയൊരു ജഡ്ജിയുടെ വിധിപ്രസ്താവം കഴിഞ്ഞ ദിവസം നാം വായിക്കുകയുണ്ടായി. ഒരു കൂട്ടം ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ മതപരിവർത്തന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ന്യൂനപക്ഷമാകുമെന്ന നിരീക്ഷണവും നടത്തിയിരുന്നു. 

മനുസ്മൃതിയും ഭാഗവതവും മറ്റും വിധിയോടൊപ്പം ഉദ്ധരിക്കുക മാത്രമല്ല അതിന് നിയമവ്യാഖ്യാനം നൽകി വിധി പുറപ്പെടുവിക്കുന്ന പ്രവണതകളും അടുത്തിടെയുണ്ടായി. അലഹബാദിലെ അഭിഭാഷക സമരത്തിന് കാരണം ജഡ്ജിമാരെ ദൈവമെന്ന് സംബോധന ചെയ്യാത്തതിന് ജസ്റ്റിസ് അഗർവാൾ ഉൾപ്പെടെ അപമാനിച്ചുവെന്ന പശ്ചാത്തലത്തിലായിരുന്നു. മൈ ലോർഡ് എന്നുതന്നെ അഭിസംബോധന ചെയ്യണമെന്ന് ചില ജഡ്ജിമാർ വാശിപിടിക്കുകയാണ്. പല ജഡ്ജിമാരെയും അലട്ടുന്ന ഭഗവാൻ മനോഭാവ (ഗോഡ് സിൻഡ്രോം) ത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഹൈക്കോടതി അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് അനില്‍ തിവാരി പറഞ്ഞു. തങ്ങൾ മനുഷ്യരും പൊതുപ്രവർത്തകരുമാണെന്ന് അവർ തിരിച്ചറിയണമെന്നും തിവാരി പറയുന്നു. ഹൈക്കോടതി നീതിയുടെ ക്ഷേത്രമല്ല, മറിച്ച് നീതിന്യായ കോടതിയാണ്. ‘സർ’, ‘യുവർ ഓണർ’ അല്ലെങ്കിൽ ‘മന്നാനിയ’ (ബഹുമാനമുള്ളത്) എന്നിങ്ങനെയുള്ള അഭിവാദനങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടെന്നും അതേസമയം അത്തരം അഭിസംബോധന ഉപയോഗിക്കുന്നത് ചില ജഡ്ജിമാർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ലോർഡ് എന്ന് തന്നെ വിളിക്കണമെന്നുമാണ് ചിലരുടെ നിലപാടെന്നും അഭിഭാഷകർ പരാതിപ്പെടുന്നു. ലോർഡ് എന്ന് സംബോധന ചെയ്യാതിരുന്നതിനാൽ ഹൈക്കോടതിയിലെ ചില ജഡ്ജിമാർ അഭിഭാഷകരോട് മോശമായി പെരുമാറിയെന്നും വാദത്തിനിടെ അവരെ അധിക്ഷേപിച്ചുവെന്നും അഭിഭാഷക സംഘടന കുറ്റപ്പെടുത്തുന്നു. 

നമ്മുടെ കോടതികളിൽ കോളനിവാഴ്ചക്കാലത്തെ നിരവധി അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിന്റെ കൂടെ സംഘ്പരിവാർ അധികാരത്തിലേറിയതിനു ശേഷം വന്നുഭവിച്ച കാവിവൽക്കരണം കൂടിയായപ്പോൾ ചവറ്റുകുട്ടയിലിട്ട ചിലതിനെ പുറത്തെടുക്കുന്നതിനുള്ള ശ്രമമാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായിത്തന്നെയാണ് ഡൽഹി സർവകലാശാലയിലെ നിയമപഠന കേന്ദ്രം ബിരുദ ക്ലാസുകളിൽ മനുസ്മൃതി പഠിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെയും കാണേണ്ടത്. രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളെ മനുസ്മൃതി പഠിപ്പിക്കുന്ന വിധത്തിൽ കരിക്കുലം പരിഷ്കരിക്കണമെന്ന് നിയമ പഠനകേന്ദ്രം ചുമതലക്കാർ സർവകലാശാലയോട് അനുമതി തേടുകയായിരുന്നു. എൽഎൽബി ഒന്നും ആറും സെമസ്റ്ററുകളിൽ മാറ്റം വരുത്താനാണ് ആലോചന നടന്നത്. മനുസ്മൃതിയും നിയമസംഹിതയും തമ്മിലുള്ള ബന്ധമെന്ത് എന്ന് മനസിലാക്കാതെയുള്ള ഈ നീക്കത്തിലൂടെ സംഘ്പരിവാറിന്റെ അജണ്ടയാണ് വെളിപ്പെടുത്തിയത്. വർണാശ്രമ ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിക്കുകയും അതിൽ സവർണവിഭാഗത്തിന് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന പിന്തിരിപ്പൻ ചിന്തകളാണ് മനുസ്മൃതി മുന്നോട്ടുവയ്ക്കുന്നത്. നവോത്ഥാന പോരാട്ടങ്ങളിലൂടെ ഇല്ലാതാക്കിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും പുനഃസൃഷ്ടിക്കുന്നതിനുള്ള ചിന്തകളാണ് ഇത്തരം നടപടികൾക്ക് പ്രേരണയാകുന്നത്. അതാകട്ടെ സംഘ്പരിവാർ അജണ്ടയുടെ ഭാഗവുമാണ്. അധഃസ്ഥിതരെയും സ്ത്രീകളെയും രണ്ടാംതരമായി കാണുകയും യാഥാസ്ഥിതിക മനോഭാവം സൃഷ്ടിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന മനുസ്മൃതി പാഠഭാഗങ്ങളിൽ ഉള്‍പ്പെടുത്തണമെന്ന വാദം നല്ല സന്ദേശമല്ല നൽകുന്നത്. അതുകൊണ്ടുതന്നെയാണ് ഈ നടപടിക്കെതിരെ പുരോഗമന ചിന്താഗതിക്കാരായ സാമൂഹ്യ പ്രവർത്തകരും അധ്യാപക — വിദ്യാർത്ഥി സഘടനകളും രംഗത്തെത്തിയത്. ഈ പ്രതിഷേധം മനസിലാക്കി സര്‍വകലാശാലാ അധികൃതര്‍ കരിക്കുലത്തില്‍ മനുസ്മൃതി ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. അലഹബാദിലെയും മറ്റും ചില ജഡ്ജിമാരുടെ സവർണ — ദൈവ മനോഭാവവും ഡൽഹി സർവകലാശാലയിലെ കരിക്കുലം പരിഷ്കരണത്തിനുള്ള ശ്രമങ്ങളുണ്ടായതും സമാനമാണ്. നാം നേടിയ നവോത്ഥാനവും സാമൂഹ്യമായ മുന്നേറ്റവും പഴയ കാലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഇത്തരം നീക്കങ്ങൾ നീതിന്യായ വ്യവസ്ഥയിൽ മാത്രമല്ല സാമൂഹ്യ ജീവിതത്തിൽത്തന്നെ സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.