23 January 2026, Friday

വ്യാജ അക്കൗണ്ടിലെ പോസ്റ്റ്: ധ്രുവ് റാഠിക്കെതിരെ കേസ്

Janayugom Webdesk
മുംബൈ
July 13, 2024 8:02 pm

പാരഡി അക്കൗണ്ടില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം വന്നതിന്റെ പേരില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ പരീക്ഷ പോലും എഴുതാതെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തത്‌. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഓം ബിര്‍ലയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി. 

ഇതുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ധ്രുവ് റാഠി വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ വ്യാജന്‍ പോസ്റ്റ് നീക്കം ചെയ്ത് ക്ഷമാപണം നടത്തി പോസ്റ്റിറക്കി. സംഭവത്തിന്റെ പേരില്‍ ധ്രുവ് റാഠിക്കെതിരെ കേസെടുത്തത് വിവാദമായതോടെ സത്യാവസ്ഥയെ കുറിച്ച് അറിയാനായി അന്വേഷണം ആരംഭിച്ചതാണെന്ന് പൊലീസ് വിശദീകരിക്കുന്നു. അഞ്ജലി ബിര്‍ള ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരുന്നു. ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലാണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകരിലൊരാളായ ധ്രുവ് റാഠിയുടെ രാഷ്ട്രീയ വീഡിയോകള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇക്കാരണത്താല്‍ പലപ്പോഴും സംഘപരിവാര്‍ സംഘടനകളുടെ കടുത്ത സൈബര്‍ ആക്രമണത്തെയും അദ്ദേഹത്തിന് നേരിടേണ്ടിവരുന്നുണ്ട്. 

Eng­lish Sum­ma­ry: Post on fake account: Case against Dhruv Rathi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.