പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി എന്ന എം മണി (85) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴി മീനാഭവനില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. മെരിലാന്‍ഡ് സുബ്രഹ്മണ്യം, കുഞ്ചാക്കോ എന്നീ നിര്‍മ്മാതാക്കള്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അരോമ മണി. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മ്മിച്ചു. 1977 ല്‍ റിലീസ് ചെയ്ത നടന്‍ മധു സംവിധായകനും നായകനുമായ ധീരസമീരെ യമുനാതീരെ ആയിരുന്നു ആദ്യ സിനിമ. അദ്ദേഹം നിര്‍മ്മിച്ച പദ്മരാജന്റെ ‘തിങ്കളാഴ്ച നല്ല ദിവസം’, സിബി മലയിലിന്റെ ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായി 2013ല്‍ പുറത്തിറങ്ങിയ ആര്‍ട്ടിസ്റ്റാണ് അവസാനം റിലീസായ ചിത്രം. 2017ല്‍ അക്കു അക്ബറിന്റെ സംവിധാനത്തില്‍ ‘പേരിനൊരാള്‍’ എന്ന ചിത്രം നിര്‍മ്മിച്ചുവെങ്കിലും റിലീസായില്ല. സ്റ്റാച്യുവില്‍ അരോമ ഹോട്ടല്‍, അരോമ ടെക്‌സ്റ്റയില്‍ എന്നീ സ്ഥാപനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് രംഗത്തെ തുടക്കം.
ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഓഗസ്റ്റ് 15, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൂര്യഗായത്രി, ധ്രുവം, കമ്മിഷണര്‍, ജനാധിപത്യം, എഫ്‌ഐആര്‍, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ തുടങ്ങിയവ അദ്ദേഹം നിര്‍മ്മിച്ച സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്. കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്‌ക്കൊരുമ്മ, മുത്തോടു മുത്ത്, ആ ദിവസം എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്. പദ്മരാജന്‍, പി ചന്ദ്രകുമാര്‍, സിബി മലയില്‍, കെ മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയന്‍, വി എം വിനു, സുനില്‍, തുളസിദാസ്, ശ്യാമപ്രസാദ് തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സംവിധായകരായിരുന്നു. ഭാര്യ: പരേതയായ എല്‍ കൃഷ്ണമ്മ. മക്കള്‍: എം സുനില്‍കുമാര്‍, എം സുനിത സുബ്രഹ്മണ്യം, എം അനില്‍കുമാര്‍. മരുമക്കള്‍: സന്ധ്യ, സുബ്രഹ്മണ്യം, പിങ്കി. മൃതദേഹം നാളെ രാവിലെ 10 മുതല്‍ 11.30 വരെ തൈക്കാട് ശാന്തികവാടത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് 1.30 ന് അരുവിക്കരയിലെ അരോമ ഗാര്‍ഡന്‍സില്‍ നടക്കും.
English Summary: Famous film producer and director Aroma Mani passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.