18 October 2024, Friday
KSFE Galaxy Chits Banner 2

നിയമലംഘനം; പൂജ ഖേദ്കറുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു

Janayugom Webdesk
മുംബൈ
July 14, 2024 7:51 pm

അധികാരദുര്‍വിനിയോഗം നടത്തിയ വിവാദ ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കര്‍ ഉപയോഗിച്ച ആഡംബര കാര്‍ പൂനെ ട്രാഫിക് പൊലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹനനിയമം ലംഘിച്ച് സ്വകാര്യ ഓഡി കാറില്‍ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കാറില്‍ ‘മഹാരാഷ്ട്ര സര്‍ക്കാര്‍’ എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് വാഹനം പൊലീസ് പിടിച്ചെടുത്തത്. 

21 നിയമലംഘനത്തിനായി 26,000 രൂപ പിഴ ചുമത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവ ഇതുവരെ നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. 2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ ഖേദ്കറെ പൂനെയിലാണ് അസിസ്റ്റന്റ് കളക്ടറായി നിയമിച്ചത്. അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ പേരില്‍ പൂജയെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കും മുമ്പ് ജില്ലാ കളക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങളും പൂജക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

സര്‍വീസില്‍ പ്രവേശിക്കുന്നതിനായി മാനസിക വൈകല്യവും കാഴ്ചക്കുറവും കാട്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. അതേസമയം പൂജയ്ക്ക് 40 ശതമാനം കാഴ്ച വൈകല്യമുണ്ടെന്ന് പിതാവ് ദിലീപ് ഖേദ്കര്‍ പറഞ്ഞു. തന്റെ മകളെ ചെളിവാരിതേക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും പൂജയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ പല ഗൂഢതന്ത്രങ്ങളുമുണ്ടെന്നും ദിലീപ് പറഞ്ഞു. ഐഎഎസ് പരീക്ഷയ്ക്ക് ശേഷം പരിമിതികള്‍ തെളിയിക്കുന്നതിനായി മെഡിക്കല്‍ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പൂജ വിസമ്മതിക്കുകയായിരുന്നു. ഓരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആറു തവണയാണ് ഇവര്‍ മെഡിക്കല്‍ പരിശോധന നിരസിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഒബിസി വിഭാഗത്തിലായിരുന്നു പൂജ പരീക്ഷ എഴുതിയിരുന്നത്. 

കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം എട്ടു ലക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ട്ടിഫിക്കറ്റും ഇവര്‍ യുപിഎസ്‌സി മുമ്പാകെ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇവരുടെ പിതാവിന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കുടുംബത്തിന്റെ പ്രതിവര്‍ഷ വരുമാനം 43 ലക്ഷമാണെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വഞ്ചിത് ബഹുജന്‍ അഘാഡി ടിക്കറ്റില്‍ ദിലീപ് ഖേദ്കര്‍ മത്സരിച്ചിരുന്നു. പൂജയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളുണ്ടായേക്കാം. അതിനിടെ കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ മാതാവ് മനോരമ ഖേദ്കര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് മുല്‍ഷിയില്‍ കര്‍ഷകരുമായുണ്ടായ ഭൂമിതര്‍ക്കത്തിനിടെയാണ് മനോരമ തോക്കു ചൂണ്ടിയത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. 

Eng­lish Sum­ma­ry: Vio­la­tion of the law; Poo­ja Khed­kar’s lux­u­ry car has been seized by the police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.