9 February 2026, Monday

Related news

February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026
January 8, 2026
December 26, 2025
December 14, 2025

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്: സിആര്‍പിഎഫ് ജവാന് വീരമൃത്യു

മൂന്ന് പൊലീസ് കമാന്‍ഡോകള്‍ക്ക് പരിക്ക് 
Janayugom Webdesk
ഇംഫാല്‍
July 14, 2024 9:51 pm

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ജിരിബാമില്‍ ഉണ്ടായ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോണ്‍ബങ് ഗ്രാമത്തിലാണ് സംഭവം. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 20-ാം ബറ്റാലിയന്‍ സിആര്‍പിഎഫിന്റെയും മണിപ്പൂര്‍ പൊലീസിന്റെയും സംയുക്ത സംഘത്തിന് നേരെ സായുധരായ അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ശനിയാഴ്ച നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട തിരച്ചില്‍ നടത്താന്‍ സംയുക്ത സുരക്ഷാ സംഘം മോണ്‍ബങ് ഗ്രാമത്തിലേക്ക് അടുക്കുമ്പോഴായിരുന്നു ആക്രമണം. വെടിവയ്പ്പില്‍ പരിക്കേറ്റ അജയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരില്‍ ജിരിബാം പൊലീസ് സ്റ്റേഷനിലെ ഒരു സബ് ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നുണ്ട്.

അസം അതിര്‍ത്തിയിലുള്ള ജിരിബാം മേഖല അടുത്തിടെ കുക്കി-മെയ്തി സംഘര്‍ഷത്തിന്റെ വലിയ കേന്ദ്രമായി മാറിയിട്ടുണ്ട്. ജൂണില്‍ കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കുറഞ്ഞത് 70 വീടുകളും പൊലീസ് ഔട്ട്പോസ്റ്റുകളും അഗ്‌നിക്കിരയാക്കിയിരുന്നു. പുതിയ സംഭവങ്ങള്‍ കണക്കിലെടുത്ത് മോണ്‍ബങ്ങിലും സമീപഗ്രാമമായ സെയ്ജാങിലും കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി മണിപ്പൂര്‍ പൊലീസ് അറിയിച്ചു. എകെ 56 റൈഫിള്‍, നാല് ഒമ്പത് എംഎം പിസ്റ്റൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, 25 വെടിമരുന്ന് എന്നിവയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. 2023 മേയ് മുതല്‍ കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പുരില്‍ 250 ഓളം പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. 67,000 പേര്‍ ഭവനരഹിതരായി. 

Eng­lish Sum­ma­ry: Anoth­er fir­ing in Manipur: CRPF jawan martyred
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.