15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 1, 2024
July 15, 2024
October 16, 2023
March 28, 2023
February 15, 2023
February 14, 2023
January 31, 2023
December 14, 2022
October 31, 2022
July 6, 2022

പക്ഷിപ്പനി: പ്രത്യേക പാക്കേജ് വേണമെന്ന് കേരളം; മന്ത്രി ചിഞ്ചുറാണി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2024 9:42 pm

പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടനാട്ടിലെ താറാവ്-കോഴി കർഷകർക്ക് പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടനാട് മേഖലയിൽ വളർത്താൻ കഴിയുന്ന താറാവുകളുടെയും, കോഴികളുടെയും എണ്ണം കുറയ്ക്കുന്നതിലൂടെ പരമ്പരാഗത കർഷകരുടെ സാമ്പത്തിക ക്ഷേമത്തെ വിപരീതമായ രീതിയിൽ ബാധിക്കും. ഇക്കാരണത്താലാണ് സമാശ്വാസ പാക്കേജിനായി സംസ്ഥാനം ആവശ്യമുന്നയിച്ചിരിക്കുന്നത്. പക്ഷികളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി ഉടനടി കേന്ദ്ര വിഹിതം അനുവദിക്കണമെന്നും മന്ത്രി ചിഞ്ചുറാണി ആവശ്യപ്പെട്ടു. കേരളത്തിലെ മൃഗസംരക്ഷണ മേഖല നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
വിവിധ കാലയളവുകളിൽ പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നീ അസുഖങ്ങൾ കാരണം കർഷകർക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നത് വരെ കാത്തുനിൽക്കാതെ ൈസംസ്ഥാന സർക്കാർ മുൻകൂറായി തുക നൽകുകയാണ് ചെയ്തിട്ടുള്ളത്. ഈ ഇനത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുവാനുള്ള കുടിശിക തുകയായ 6.2 കോടി രൂപ ഉടൻ അനുവദിക്കണം. 2023–24 കാലയളവിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തന ചെലവ് ഇനത്തിൽ 2.59 കോടിയും 2024–25 വർഷത്തേക്കുള്ള 3.46 കോടിയും കേരളത്തിന് ലഭിക്കാനുണ്ട്. 

നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നില നിർത്തുന്നതിനു പക്ഷി പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ട സാഹചര്യമുണ്ട്. ഇതിനായി രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും കേന്ദ്രസർക്കാരിന്റെ അനുമതിയോടുകൂടി പ്രതിരോധ കുത്തിവയ്പ്പ് നൽകുവാന്‍ അനുകൂല നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പാലോട് എസ്ഐഎഡിയില്‍ പക്ഷിപ്പനി നിരീക്ഷണ ലാബ്, കുട്ടനാടൻ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് എന്ന ഒരു പുതിയ ജനുസ്സായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചു.
രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയുടെ ഭാഗമായി കന്നുകാലികളുടെ പ്രജനനത്തിനു വേണ്ടി കേരള ലൈഫ് സ്റ്റോപ്പ് ഡെവലപ്മെന്റ് ബോർഡ് തയ്യാറാക്കിയ 47 കോടിയുടെ പുതിയ പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു. കർഷകർക്ക് വളർത്തുവാനായി മുന്തിയ ഇനം പന്നിക്കുഞ്ഞുങ്ങളും ആട്ടിൻകുട്ടികളെയും ലഭ്യമാക്കുന്നതിനും തീറ്റപ്പുൽകൃഷി വര്‍ധിപ്പിക്കുന്നതിനും ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്കായി 22 കോടി രൂപയുടെ പദ്ധതിയും കേന്ദ്രത്തിന് സമർപ്പിച്ചു. ദേശീയ കന്നുകാലി മിഷന്റെ ഭാഗമായുള്ള സംരംഭകത്വ വികസന പദ്ധതി പ്രകാരം പുൽകൃഷിക്കുള്ള ആനുകൂല്യം പരമാവധി പൊതുസംരംഭകരിലേക്ക് എത്തിക്കുന്നതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് അൽക്ക ഉപാദ്ധ്യായ, ജോയിന്റ് സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമ്മിഷണർ ഡോ.അഭിജിത് മിത്ര എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Bird flu: Ker­ala wants spe­cial pack­age; Min­is­ter Chinchu­rani held a meet­ing with Union Ministers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.