23 January 2026, Friday

ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്; പൂജ ഖേദ്കര്‍ക്കെതിരെ എഫ്ഐആര്‍

Janayugom Webdesk
മുംബൈ
July 19, 2024 10:43 pm

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ ഐഎഎസ് സെലക്ഷന്‍ റദ്ദാക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) തീരുമാനം. ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷന്‍ പുറത്തു വിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങള്‍ പൂജ വ്യാജമായി ചമച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. പൂജക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. 

വിഷയവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൂജയ്‌ക്കെതിരെ പരാതി സമര്‍പ്പിക്കും. സെലക്ഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ആവശ്യപ്പെടും. അവരുടെ മറുപടി അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യുപിഎസ്‌സി വ്യക്തമാക്കി.
പുനെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ കാറിലെ സഞ്ചാരവും അഡീഷണല്‍ കളക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ ഇവരെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇവരെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് തിരികെവിളിക്കുകയും ചെയ്തിരുന്നു.

2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിവില്‍ സര്‍വീസ് ലഭിക്കാനുള്ള സംവരണത്തിനായി വിവിധ കാലയളവില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്നാണ് പ്രധാന ആരോപണം. കാഴ്ച പരിമിതി ഉൾപ്പെടെ 51 ശതമാനം വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിൽ നിന്നും പൂജ സർട്ടിഫിക്കറ്റ് നേടിയിരുന്നു. 2023 ജൂൺ മുതലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് ഖേദ്കറുടെ അമ്മയ്ക്കും പിതാവിനുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.

Eng­lish Sum­ma­ry: Fake cer­tifi­cate to get IAS; FIR against Poo­ja Khedkar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.