18 October 2024, Friday
KSFE Galaxy Chits Banner 2

സംസ്ഥാനത്തിന്റെ ‘വിദേശകാര്യ സെക്രട്ടറി’ ഭരണഘടനാവിരുദ്ധമല്ല

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
July 21, 2024 9:53 pm

ഭരണഘടനയെയും ഫെഡറല്‍ തത്വങ്ങളെയും മറികടന്ന് കേരളം സ്വന്തമായി ‘വിദേശകാര്യ സെക്രട്ടറി‘യെ നിയമിച്ചുവെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഏറ്റുപിടിച്ച്, സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ബിജെപി നേതാക്കള്‍ക്ക് വലിയ തിരിച്ചടിയുമാണ് പുതിയ വിവരങ്ങള്‍.
വിദേശരാജ്യങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ക്കായി ലെയ്സണ്‍ ഓഫിസറെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയത്. 2014 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന വിഭാഗ(സ്റ്റേറ്റ് ഡിവിഷന്‍)ത്തിന്റെ ഭാഗമായായിരുന്നു നിര്‍ദേശം. വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തില്‍ സംസ്ഥാനങ്ങളുമായി കൂടുതല്‍ ഏകോപനമുണ്ടാക്കുന്നതിനുള്ള സുപ്രധാനമായ ഇടപെടലായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ അവതരിപ്പിച്ചത്. 2014 നവംബര്‍ 26, 2016 മേയ് 11 തീയതികളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ. വി കെ സിങ് ലോക്‌സഭയില്‍ നല്‍കിയ മറുപടികളില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്. ഭരണപക്ഷ എംപിമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇവ. 

കയറ്റുമതിയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമായാണ് സ്റ്റേറ്റ് ഡിവിഷനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു. വ്യാപാരം, നിക്ഷേപം, സാംസ്കാരികം, മറ്റ് മേഖലകൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിദഗ്ധ സഹായവും നിര്‍ദേശവും ആവശ്യമുള്ള സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തുടർന്ന് സംസ്ഥാനങ്ങളിൽ നിന്നും മിഡിൽ/സീനിയർ ലെവൽ ഓഫിസർമാർക്ക് വിദേശകാര്യ വിഷയങ്ങളിൽ പരിശീലനം നൽകുകയും ചെയ്തു.
ഇതോടൊപ്പമാണ്, വിദേശകാര്യ വിഷയങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലും ‘എക്സ്റ്റേണല്‍ കോഓപ്പറേഷ’ന് വേണ്ടി ഉദ്യോഗസ്ഥനെ നിയമിച്ചത്. റിട്ട. ഐഎഫ്എസ് വേണു രാജാമണിയെയായിരുന്നു ആദ്യം 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്. 2023ൽ അദ്ദേഹത്തിന്റെ കാലാവധി തീർന്നപ്പോൾ സുമൻ ബില്ല ഐഎഎസിനായിരുന്നു ചുമതല. അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയപ്പോഴാണ് നോർക്ക സെക്രട്ടറിയായ വാസുകി ഐഎഎസിന് ഈ ചുമതല നല്‍കിയത്.

സ്റ്റേറ്റ് ഡിവിഷന്‍ രൂപീകരിച്ചതിനെത്തുടര്‍ന്നുണ്ടായ നേട്ടങ്ങളും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ പൗരന്മാരെ യെമനിൽ നിന്ന് ഒഴിപ്പിക്കാനുള്ള ദൗത്യത്തിലും, നേപ്പാളിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യക്കാരെ രക്ഷിക്കാനും ദുരിതാശ്വാസ സഹായങ്ങള്‍ നല്‍കാനുമെല്ലാം ഈ പദ്ധതി സഹായകമായെന്ന് കേന്ദ്രം പറഞ്ഞു. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതുള്‍പ്പെടെ, വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചാബ്, ഹരിയാന, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമാരുടെ യാത്രകളും ഇടപെടലുകളുമെല്ലാം സ്റ്റേറ്റ് ഡിവിഷന്റെ നേട്ടങ്ങളായാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 

Eng­lish Sum­ma­ry: ‘For­eign Sec­re­tary’ of the State is not unconstitutional
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.