21 January 2025, Tuesday
KSFE Galaxy Chits Banner 2

രാജ്യം കാത്തിരിക്കുന്നു; ജനാധിപത്യ കൊടുങ്കാറ്റ്

ഹരീഷ് ഖരെ
July 23, 2024 4:15 am

വിവാഹത്തിൽ പങ്കെടുത്തു, വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെയും മധ്യത്തിൽ നിന്ന് ഫോട്ടോയെടുത്തു. ഏതു തത്വശാസ്ത്രത്തിന്റെ പേരിലായാലും പ്രധാനമന്ത്രിക്ക് നിരസിക്കാൻ കഴിയാത്ത ക്ഷണമായിരുന്നു അത്. ഒട്ടേറെ കടപ്പാടുകളുള്ള, ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയിൽ നിന്നുള്ള ക്ഷണം നിരസിക്കാൻ സവിശേഷമായ ധെെര്യം വേണം. നിയന്ത്രണവിധേയനായ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയ്ക്ക് അതിന്റേതായ നിബന്ധനകളുണ്ട്. ആ നിബന്ധനകൾ രാജ്യത്തിന്റെ ക്ഷേമത്തെ ദോഷകരമായി ബാധിക്കുകയും അതിന്റെ ചേതനയെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
10 വർഷത്തെ തീവ്രമായ ചങ്ങാത്ത മുതലാളിത്തം അഭൂതപൂർവമായ അസമത്വങ്ങളും തൊഴിലില്ലായ്മയും മാത്രമല്ല, പൊതുജീവിതത്തില്‍ ഭക്തിയോടും സന്മാര്‍ഗത്തോടുമുള്ള നിസംഗതയും സൃഷ്ടിച്ചു. മോഡി പ്രോജക്ട് വളർത്തിയ ശതകോടീശ്വരാനുകൂല പക്ഷപാതത്തിന് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത വില നൽകേണ്ടിവന്നു. കുപ്രസിദ്ധമായ കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തം (ട്രിക്കിൾ ഡൗണ്‍) ഒരിക്കല്‍ക്കൂടി ശതകോടീശ്വരന്മാർക്കു വേണ്ടിയും പാവപ്പെട്ടവർക്കെതിരായും മാത്രം പ്രവർത്തിച്ചു. എന്നിട്ടും ആ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്ന് മോചിതനാകാൻ പ്രധാനമന്ത്രി തയ്യാറല്ല.
അടുത്ത ഏതാനും വർഷങ്ങളിൽ പുരോഗമന രാഷ്ട്രീയത്തിന്റെ പ്രാഥമിക ദൗത്യം പൊതു സമ്പത്തിന്റെയും വിഭവങ്ങളുടെയും പൂർണമായ അവകാശം ശതകോടീശ്വരന്മാരിലേക്ക് നയിക്കുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കുതിപ്പ് തടയുക എന്നതായിരിക്കണം. ജനാധിപത്യ രാഷ്ട്രീയത്തിലെ മോഡിയുടെ ബാധ്യത, കഴിഞ്ഞ 10 വർഷമായി തങ്ങള്‍ക്കായി പണമൊഴുക്കിയ പണച്ചാക്കുകളെയും തന്ത്രശാലികളായ സഖ്യകക്ഷികളെയും ഒപ്പം നിര്‍ത്തുക എന്നതായിരിക്കും. ഒന്നും രണ്ടും മോഡി സര്‍ക്കാരുകള്‍ മാരകമായ മുതലാളിത്തത്തിന്റെ ആലിംഗനത്തിൽ കുടുങ്ങിക്കിടന്നു. ഈ കെട്ടുപാട് ഒട്ടും ദുർബലമാകാത്തതുപോലെയാണ് 2024ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അദ്ദേഹം വാചാലനായത്.

തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ വര്‍ഗീയവികാരങ്ങളുടെയും വിദ്വേഷങ്ങളുടെയും പ്രത്യാഘാതങ്ങളില്‍ നിന്നും തന്റെ ഭരണത്തെ രക്ഷിക്കേണ്ടതുണ്ട്. ഭൂരിപക്ഷ സമുദായത്തിന്റെ വർഗീയ പ്രചരണങ്ങൾക്കും വാദങ്ങൾക്കും അദ്ദേഹം മാന്യത നൽകിയിരുന്നു. പക്ഷേ ഉത്തർപ്രദേശിലെ അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നിടത്തെ വോട്ടർമാർ പ്രധാനമന്ത്രിയോട് മുഖം തിരിച്ചു. എന്നാല്‍ മോഡിയുടെ വിദ്വേഷപ്രകടനത്തെ വോട്ടർമാർ നിരസിച്ചതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ മറ്റൊരു ബലിയാടിനെ കണ്ടെത്താനാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി ഉയർത്തിയ അതേ മുസ്ലിം വിരുദ്ധ നടപടികളാണ് യുപി മുഖ്യമന്ത്രിയില്‍ നിന്ന് അടുത്ത ദിവസങ്ങളിലുണ്ടായത്. കൻവാരികളുടെ വഴിയിലുള്ള ഭക്ഷണശാലകളോട് അവരുടെ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്ന ഉത്തരവ് അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന പിന്തിരിപ്പൻ ചിന്തയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യയിലെ കൊളോണിയൽ ഭരണാധികാരികൾ പൊതുസ്ഥലങ്ങളിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് വെള്ളെമെടുക്കാന്‍ വെവ്വേറെ പാത്രങ്ങള്‍ നിശ്ചയിച്ചിരുന്നതുപോലെ.
കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ നിന്ന് ഒരു വാര്‍ത്ത പുറത്തുവന്നു- “റോഡരികിലെ ക്ഷേത്രങ്ങളെ രക്ഷിക്കാൻ വിഎച്ച്പി പ്രതിഷേധം സംഘടിപ്പിക്കും” എന്ന്. റോഡുകൾ കയ്യേറുന്ന മതപരമായ നിർമ്മിതികൾ പൊളിക്കണമെന്ന് പൗരസമിതിയാണ് നിർദേശിച്ചത്. പക്ഷേ പൊളിക്കേണ്ട മതകേന്ദ്രങ്ങളിൽ പ്രകടനങ്ങളും ഹനുമാൻ ചാലിസ ജപവും ഉൾപ്പെടെ പ്രക്ഷോഭങ്ങളുടെ പരമ്പര സംഘടിപ്പിക്കാൻ വിഎച്ച്പി പദ്ധതിയിടുന്നു. നിലവില്‍ മോഡിയുമായി അകല്‍ച്ചയിലാണെങ്കിലും അദ്ദേഹത്തിന്റെ മുൻ സഹയാത്രികന്‍ പ്രവീൺ തൊഗാഡിയയാണ് നേതൃത്വം നല്‍കുന്നത്. “നമ്മുടെ ആളുകളാണ് സർക്കാർ രൂപീകരിച്ചത്, അതുകൊണ്ട് അവർ മതവികാരം വ്രണപ്പെടുത്തില്ല” എന്നാണദ്ദേഹത്തിന്റെ വിശദീകരണം.

ഗുജറാത്ത് ഒരു ഒറ്റപ്പെട്ട കേസല്ല. പ്രധാനമന്ത്രിയെന്ന നിലയിൽ, മതവിശ്വാസത്തിന്റെ ആശ്ലേഷത്തിൽ നിന്ന് വിമുക്തനാകാന്‍ മോഡിക്ക് പ്രയാസമില്ല. പക്ഷേ തികച്ചും വ്യക്തിഗതമാക്കിയ തെരഞ്ഞെടുപ്പിനിടെ വാരാണസിയിൽ അദ്ദേഹം തന്നെ വര്‍ഗീയാവേശം ശക്തിപ്പെടുത്തുകയായിരുന്നു. ആ പുരാതന നഗരം, നിലവില്‍ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായി രൂപാന്തരപ്പെട്ടിരിക്കുന്നു. എല്ലാം ഹിന്ദു നവോത്ഥാനം എന്ന പേരിൽ. എന്നിട്ടും വാരാണസിയില്‍ വിജയിച്ചത് കഷ്ടിച്ച്. മോഡിയുടെ അടുത്ത കുരുക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ്. അതിനെ മനോജ് സോണി സിൻഡ്രോം എന്നും വിളിക്കാം. കാലാവധി അവസാനിക്കുന്നതിന് അഞ്ച് വർഷം മുമ്പ് ഒരു റിക്രൂട്ട്മെന്റ് അഴിമതിയുടെ പശ്ചാത്തലത്തിൽ യുപിഎസ്‌സി ചെയർമാന്‍ കഴിഞ്ഞദിവസം രാജിവച്ചു.
ഓരോ ഭരണാധികാരിക്കും സവിശേഷമായ തിരഞ്ഞെടുപ്പധികാരമുണ്ട്. മികച്ച ഉപദേശകർ, കൺസൾട്ടന്റുമാർ, കൗൺസിലർമാർ എന്നിവരെ ഒപ്പം നിര്‍ത്തി അവര്‍ക്ക് സ്വയം വികസിക്കാം. അല്ലെങ്കിൽ മൂന്നാംനിര സിഇഒമാർ, കഴിവുകുറഞ്ഞ മന്ത്രിമാർ, വാഴ്ത്തിപ്പാടലുകാര്‍ എന്നിവരെ തിരഞ്ഞെടുക്കാം. മുഖ്യമന്ത്രിയായും ഇപ്പോൾ പ്രധാനമന്ത്രിയായും മോഡി രണ്ടാം വിഭാഗത്തിന്റെ കൂട്ടുകെട്ടിൽ സുഖാലസ്യത്തോടെ കഴിയുന്നു. എന്നാൽ ‘ട്രിക്കിൾ ഡൗൺ’ ഇടനിലക്കാര്‍ ഇതിനകം തന്നെ നമ്മുടെ സ്ഥാപനങ്ങളുടെയും ദേശീയതയുടെയും ഊർജസ്വലതയെ നശിപ്പിച്ചു.
പരാജയത്തെ അവര്‍ വിജയമായി അവതരിപ്പിക്കുന്നു. ചെെനീസ് സെെന്യത്തിന്റെ ഇന്ത്യൻ പ്രദേശത്തെ അധിനിവേശത്തെയും വിജയമായി നിരത്തുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ട് നിരോധനമെന്ന ദുരന്തത്തെ ചരിത്രനേട്ടമായി ചിത്രീകരിക്കുന്നു. മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമമോ താല്പര്യമോ ഇല്ലാതെ മോസ്കോയ്ക്കും കീവിനും ഇടയിൽ സമാധാനം കൊണ്ടുവന്നുവെന്ന് നായകൻ ചമയുന്നു. ഈ വിപത്തിനെതിരെ ഒരു കൊടുങ്കാറ്റ് ഉയരേണ്ടതുണ്ട്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ശക്തികളും — പ്രത്യേകിച്ച് ജുഡീഷ്യറി — ദേശീയ തകർച്ച തടയാൻ തങ്ങളുടെ ഊർജം സംഭരിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി രാജ്യത്തെ പ്രതിസന്ധിയിലേക്കും അരാജകത്വത്തിലേക്കും മാത്രമേ നയിക്കൂ.
(ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.