22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 23, 2024
July 23, 2024
February 2, 2023
February 4, 2022
February 3, 2022
February 1, 2022
February 1, 2022
February 1, 2022
February 1, 2022

കേരളത്തെ ‘ഗോപി‘യാക്കി; നികുതി വിഹിതം 24,008.82 കോടി

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
July 23, 2024 4:00 pm

കേരളത്തെ ‘ഗോപി’യാക്കി കേന്ദ്ര ബജറ്റ്. ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്നും ബിജെപിക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയും വഴിതെറ്റി കേന്ദ്ര മന്ത്രിസഭയില്‍ അംഗത്വം നേടിയ ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി നിലനില്‍ക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ ഉറ്റുനോക്കിയത്. എന്നാല്‍ നിരാശയും അവഗണനയും മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ബജറ്റ് പ്രസംഗത്തില്‍ കേരളമെന്ന വാക്കുപോലും ഉരിയാടാന്‍ തയ്യാറാകാത്ത കേന്ദ്ര ധനമന്ത്രി, മോഡി സര്‍ക്കാര്‍ കേരളത്തോടുള്ള നിലവിലെ തൊട്ടുകൂടായ്മ ഇനിയും തുടരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അടിവരയിടുന്നു.
സാധാരണയായി സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവയ്ക്കാറുള്ള വിഹിതത്തിനപ്പുറം പുതുതായൊന്നും കേരളത്തിന് ലഭിച്ചില്ല. ബിഹാറിലെയും ഒഡിഷയിലെയും വിവിധ ക്ഷേത്രനഗരികള്‍ വികസിപ്പിച്ച് ടൂറിസം കേന്ദ്രങ്ങളാക്കാന്‍ ലക്ഷ്യമിടുന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ശബരിമലയെ പോലും അവഗണിച്ചു. റെയില്‍ മേഖലയുടെ കാര്യത്തില്‍ ബജറ്റില്‍ പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല.

പക്ഷിപ്പനി തടയാന്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദവി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ചിഞ്ചുറാണി കേന്ദ്ര സര്‍ക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാറും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ബജറ്റില്‍ ഇക്കാര്യം പരാമര്‍ശിച്ചതേയില്ല.

കേന്ദ്രം സമാഹരിക്കുന്ന നികുതികളില്‍ നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് ലഭിക്കുക 24,008.82 കോടി രൂപ മാത്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത് 21,261.54 കോടി രൂപയാണ്. നടപ്പുവര്‍ഷം കേന്ദ്ര നികുതിവിഹിതം 2,747.28 കോടി രൂപയാണ് ലഭിക്കുക. കോര്‍പറേറ്റ് നികുതി ഇനത്തില്‍ 7,209.36 കോടി രൂപ, വരുമാന നികുതി 8,303.11 കോടി, കേന്ദ്ര ജിഎസ്ടി പ്രകാരം 7,172.68 കോടി, കസ്റ്റംസ് ഡ്യൂട്ടി 1,059.99 കോടി, എക്സൈസ് തീരുവ 223.43 കോടി, സേവന നികുതി 0.79 കോടി, മറ്റ് നികുതികളും തീരുവകളും ചേര്‍ത്ത് 39.46 കോടി രൂപ എന്നിങ്ങനെയാണ് ബജറ്റിലെ സംസ്ഥാന വിഹിതം. 

Eng­lish Sum­ma­ry: Made Ker­ala ‘Gopi’; 24,008.82 crores as tax contribution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.