26 November 2024, Tuesday
KSFE Galaxy Chits Banner 2

പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ്സ് കുടിശികകൾ തീരുന്നു

Janayugom Webdesk
തിരുവനന്തപുരം
July 25, 2024 9:22 pm

പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ്സ് കുടിശികകൾ തീരുന്നു. സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ സമയബന്ധിതമായി കൈമാറിയാണ് കുടിശിക പരാതികൾ തീർപ്പാക്കിയത്. പട്ടിക ജാതിക്കാരായ 1,34,782 വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കൈമാറി. പട്ടിക വർഗ വിഭാഗത്തിൽ 23,118 വിദ്യാർത്ഥികൾക്കും പണം കൈമാറി. പബ്ലിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഓരോ വിദ്യാർത്ഥികൾക്കും തുക കൈമാറുന്നത്. പട്ടിക വർഗ വിഭാഗത്തിൽ വിതരണം പൂർത്തിയായി. മറ്റ് അർഹ, പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠനാനുകൂല്യവും വിതരണം തുടങ്ങിയിട്ടുണ്ട്. 

ആർട്സ്, സയൻസ്, പിഎച്ച്ഡി എന്നിങ്ങനെ മുൻഗണനാ ക്രമത്തിലാകും ഇവർക്ക് തുക വിതരണം ചെയ്യുക.
ശരാശരി 12 ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും ഇ ഗ്രാന്റ്സ് നൽകുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു പറഞ്ഞു. വിദ്യാഭ്യാസ അവസരങ്ങൾ വിപുലപ്പെടുത്തിയതോടെ ഈ എണ്ണം ഇനിയും ഉയർന്നേക്കും. 2023- 24 വർഷത്തിൽ ഗ്രാന്റിന് ഇനിയും അപേക്ഷിക്കാത്തവർക്ക് ഓഗസ്റ്റ് 15 വരെ ഇ ഗ്രാന്റ്സ് പോർട്ടലിൽ അപേക്ഷിക്കാൻ അവസരമുണ്ട്. 

2024–25 വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകുന്നതിനുള്ള അപേക്ഷാ നടപടികളും പൂർത്തിയാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. 2,67,000 പുതിയ അപേക്ഷകൾ പട്ടികജാതി വിഭാഗത്തിൽ ലഭ്യമായിട്ടുണ്ട്. പട്ടിക വർഗത്തിൽ 17000 ത്തോളം അപേക്ഷകരുണ്ട്. പിന്നാക്ക — മറ്റ് അർഹ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വകയിരുത്തൽ ബജറ്റിൽ കേന്ദ്ര സർക്കാർ കുറച്ചത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. വരുമാന പരിധിയുടെ പേരിൽ പട്ടികജാതി കുട്ടികൾക്ക് കേന്ദ്ര സർക്കാർ നിഷേധിച്ച തുക കൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണ് കേരളം പഠനാനുകൂല്യങ്ങൾ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ 2021–22 അധ്യയന വർഷം മുതൽ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന നിബന്ധന കേന്ദ്ര സർക്കാരാണ് ഏർപ്പെടുത്തിയത്. എന്നാൽ ഇതു സംബന്ധിച്ച സാങ്കേതിക സഹായം നൽകാൻ കേന്ദ്ര സർക്കാർ കാലതാമസം വരുത്തിയ കാരണമാണ് സ്കോളർഷിപ്പ് കുടിശികയായ സാഹചര്യമുണ്ടായത്. വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിലും ഈ അപേക്ഷകൾ സ്ഥാപനങ്ങൾ പരിശോധിച്ച് സമർപ്പിക്കുന്നതിലും വന്ന കാലതാമസവും കുടിശിക വരുവാൻ കാരണമായെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Dues of E‑Grants of Sched­uled Caste-Back­ward stu­dents are due

You may also like this video

TOP NEWS

November 26, 2024
November 26, 2024
November 26, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.