23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 13, 2024
July 26, 2024
April 27, 2024
November 29, 2023
November 23, 2023
November 15, 2022
November 8, 2022
November 8, 2022
October 27, 2022
October 26, 2022

ബില്ലുകൾ തടഞ്ഞുവയ്ക്കൽ; ഗവര്‍ണര്‍ മറുപടി നല്‍കണം

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
July 26, 2024 11:20 pm

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിക്കുന്നതും രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടുന്നതും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍മാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് എന്നിവരുടെ സെക്രട്ടറിമാര്‍ക്കും കേന്ദ്രസര്‍ക്കാരിനുമാണ് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. കേരളാ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഏഴു ബില്ലുകളില്‍ നാലു ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത രാഷ്ട്രപതിയുടെ നടപടിയും കേരളത്തിന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. 

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനുമതി നല്‍കാതെ തിരിച്ചയയ്ക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുക തുടങ്ങിയ വിഷയങ്ങളില്‍ കോടതി മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്ക് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച എട്ട് ബില്ലുകളില്‍ രണ്ടെണ്ണം കഴിഞ്ഞ 23 മാസമായും ഓരോന്നു വീതം 15, 13, ബാക്കിയുള്ളവ 10 മാസം വീതവും അനുമതിക്കായി കാത്തു കിടക്കുന്നു. ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുന്ന ഗവര്‍ണര്‍മാരുടെ തീരുമാനവും വേണുഗോപാല്‍ കോടതിയില്‍ ഉന്നയിച്ചു. 

ഓരോ തവണയും സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍, ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഒരു കാരണവും പറയാതെ ബില്ലുകൾക്ക് അനുമതി നൽകാത്തത് ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിനു വിരുദ്ധമാണെന്നും ബംഗാൾ വാദിച്ചു.
വിഷയത്തില്‍ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ വേണുഗോപാലിനോടും സമാന കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോടും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കേരളം ഹര്‍ജിക്കൊപ്പം വ്യവസ്ഥകളും നിര്‍ദേശിച്ചിട്ടുണ്ടെന്ന് വേണുഗോപാല്‍ അറിയിച്ചു.

സംസ്ഥാന സർവകലാശാലകളും സഹകരണ സംഘങ്ങളും സംബന്ധിച്ച നിയമങ്ങളിലെ ഭേദഗതികളുമായി ബന്ധപ്പെട്ടതായിരുന്നു രാഷ്‌ട്രപതി തടഞ്ഞുവച്ച ബില്ലുകൾ. യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) (നമ്പർ 2) ബിൽ, 2021–22) കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ, 2022- 23) യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ, 2022 യൂണിവേഴ്സിറ്റി നിയമങ്ങൾ ( ഭേദഗതി) (നമ്പർ 3) ബിൽ, 2022 എന്നിവയാണ് രാഷ്‌ട്രപതി പിടിച്ചുവച്ചിരിക്കുന്നത്.
നേരത്തെ, ഗവർണറുടെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഹർജിയിൽ കഴിഞ്ഞ വർഷം നവംബർ 20ന് സുപ്രീം കോടതി നോട്ടീസും അയച്ചിരുന്നു. പിന്നാലെയാണ് ഗവർണർ ഏഴു് ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.

വിസിമാരുടെ നിയമനം സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിക്കും സ്റ്റേ 

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കാർഷിക സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച നടപടിക്കും ഹൈക്കോടതിയുടെ സ്‌റ്റേ. സെനറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താതെ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചോദ്യം ചെയ്യുന്ന ഹർജികളിൽ ജസ്റ്റിസ് എ എ സിയാദ് റഹ്മാനാണ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ അനുവദിച്ചത്. 

കുഫോസ്, കേരള, എംജി, മലയാളം സർവകലാശാലകളിലെ വിസി നിയമനത്തിന് ചാൻസലർ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചതും നേരത്തെ ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കാർഷിക സർവകലാശാലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. പി കെ സുരേഷ് കുമാറും എൻ കൃഷ്ണദാസും ഓപ്പൺ സർവകലാശാലയിലെ സെർച്ച് കമ്മിറ്റിക്കെതിരെ അഡ്വ. ബിജു കെ മാത്യുവും ഡോ. കെ ശ്രീവത്സനുമാണ് ഹർജികൾ നൽകിയത്. കോടതി ഹർജികൾ വിശദ വാദത്തിനായി മാറ്റി.
ആറ് സർവകലാശാലകളിലെ വിസിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് ജൂൺ 28നാണ് ഗവർണർ വിജ്ഞാപനം ഇറക്കിയത്. യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് സെർച്ച് കമ്മിറ്റികളിൽ ഉണ്ടായിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.