രാജ്യതലസ്ഥാനത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ അപകടം സംഭവിക്കാമെന്ന മുന്നറിയിപ്പ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. സ്ഥാപനത്തിന് ലൈസന്‍സ് പോലും ഇല്ലെന്ന് പരാതിക്കാരനായ കിഷോര്‍ സിങ് കുശ്വാഹ ആരോപിച്ചു.
ഓള്‍ഡ് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് അക്കാദമിയുടെ താഴത്തെ നിലയില്‍ വെള്ളം ഇരച്ചുകയറിയാണ് മലയാളി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. എറണാകുളം കാലടി സ്വദേശി നെവിന്‍ ഡാല്‍വിന്‍ (23), തെലങ്കാന സ്വദേശി ടാനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ചത്. അഴുക്കുചാലിലെ പൈപ്പ് പൊട്ടിയാണ് വെള്ളം കയറിയത്.
താഴത്തെ നിലയില്‍ അനുമതിയില്ലാതെയാണ് ക്ലാസ് നടത്തിയിരുന്നത്. പരീക്ഷാ പരിശീലനവും നടത്തിയിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ജീവന്‍ അപകടപ്പെടുത്തുമെന്ന് നേരത്തെ മുന്‍സിപ്പാലിറ്റി അധികൃതരോട് പറഞ്ഞിരുന്നുവെന്ന് കുശ്വാഹ പറഞ്ഞു. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ജൂലൈ 15നും 22നും ഓണ്‍ലൈനില്‍ ആരാഞ്ഞുവെങ്കിലും പരിശോധിച്ച് വരികയാണെന്ന മറുപടിയാണ് വെബ്സൈറ്റില്‍ നിന്ന് ലഭിച്ചത്.
2021 ഓഗസ്റ്റിലാണ് കെട്ടിടം പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. രണ്ട് സ്റ്റേര്‍കേസുകള്‍, രണ്ട് ലിഫ്റ്റ്, രണ്ട് ലിഫ്റ്റ് ലോബി, പാര്‍ക്കിങ്, കാര്‍ ലിഫ്റ്റ്, സംഭരണ കേന്ദ്രം എന്നിവ താഴത്തെ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുത്തിരുന്നു. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതിന് പരിശീലന കേന്ദ്രം ഉടമകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
റാവൂസിലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചിട്ടുണ്ട്. ബേസ്‌മെന്റിൽ പ്രവർത്തിക്കുന്ന നിരവധി കോച്ചിങ് സെന്ററുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ 13 കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയെടുത്തിരുന്നു. ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എംസിഡി മുന്നറിയിപ്പ് നൽകി.
സംഭവത്തില്‍ രണ്ട് എൻജിനീയര്‍മാരെ എംസിഡി സസ്പെന്റ് ചെയ്തിട്ടുണ്ട്. ലോക്കല്‍ ജൂനിയര്‍ എൻജിനിയര്‍, അസിസ്റ്റ് എൻജിനിയര്‍ എന്നിവരെ എംസിഡി കമ്മിഷണര്‍ അശ്വനി കുമാറാണ് പിരിച്ചുവിട്ടത്. കരോള്‍ ബാഗ് സോണിനായി മെയിന്റനൻസ് വിഭാഗത്തോടൊപ്പം പ്രവര്‍ത്തിച്ചവരായിരുന്നു ഇവര്‍.
English Summary: Accident at Training Center; Authorities ignored the warning
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.