22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024
July 29, 2024
July 23, 2024

ഉന്നതവിദ്യാഭ്യാസ ഗുണനിലവാര വർധനവിന് മികവിന്റെ കേന്ദ്രങ്ങൾ

സ്വന്തം ലേഖിക 
തിരുവനന്തപുരം
July 29, 2024 11:40 pm

ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും ആധുനിക ഗവേഷണങ്ങൾ വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് മികവിന്റെ ഏഴ് കേന്ദ്രങ്ങൾ (സെന്റേഴ്സ് ഓഫ് എക്സലൻസ്) ആരംഭിക്കുന്നു.
പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങൾ. ശാസ്ത്രസാങ്കേതികം, സാമൂഹ്യശാസ്ത്രം, ഭാഷാസാംസ്കാരികം എന്നീ മൂന്ന് മേഖലകളിലായി രണ്ടുവീതം കേന്ദ്രങ്ങളാണ് പ്രവർത്തിക്കുക. ഒരു സെന്റർ അധ്യാപക-അനധ്യാപക-ഗവേഷക വിദ്യാർത്ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്പനയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ഇവയുടെ പ്രവർത്തനങ്ങൾക്കായി ആകെ 11.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും. ഓരോ സ്ഥാപനവും അതാത് മേഖലയ്ക്കുള്ളിൽ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും മികച്ച ഫാക്കൽറ്റി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ, വ്യവസായ പങ്കാളികൾ എന്നിവരുടെ സാന്നിധ്യമുണ്ടാകും. 

ആദ്യ ഘട്ടത്തിൽ, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേരടങ്ങുന്ന ഒരു കോർ അക്കാദമിക് ടീം (ഫാക്കൽറ്റി /ഫാക്കൽറ്റി ഫെലോ /റിസർച്ച് ഫാക്കൽറ്റി എന്നിവരുൾപ്പെടെ) ഓരോ കേന്ദ്രങ്ങളിലും രൂപീകരിക്കും. പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ വിദ്യാർത്ഥികളുടെ ഓരോ സംഘവും കേന്ദ്രത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട ഭരണസമിതികളും രൂപീകരിക്കും.
സംസ്ഥാനത്തിന് പുറത്തും വിദേശത്തുനിന്നുമുള്ള വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ‘സ്റ്റഡി ഇൻ കേരള’ പദ്ധതിക്കും ഉടൻ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്ര നിലവാരത്തിൽ പരിഷ്കരിച്ച് വിദേശ വിദ്യാർത്ഥികൾക്ക് കൂടി ആകർഷകമാവുന്ന ഘടകങ്ങൾ കൂട്ടിച്ചേർക്കും. അന്തർദേശീയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ പ്രധാന കലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്റെ സവിശേഷതകൾ, വിനോദസഞ്ചാര സാധ്യതകൾ, ഭക്ഷണവൈവിധ്യങ്ങൾ, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ ‑ഡിഗ്രി കോഴ്സുകൾ ലഭ്യമാക്കും. സംസ്ഥാനത്ത് നിലവിൽ വിദ്യാർത്ഥികൾ താല്പര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനഃക്രമീകരിച്ച് തൊഴിലധിഷ്ഠിതമായ ന്യൂ ജനറേഷൻ കോഴ്സുകളാക്കി മാറ്റും. 

കേന്ദ്രങ്ങളും പരി​ഗണിക്കുന്ന സ്ഥലവും

 ടീച്ചിങ്, ലേണിങ് ആന്റ് ട്രെയ്നിങ് – കാലിക്കറ്റ് സർവകലാശാല കാമ്പസ്
 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ്, ടെക്നോളജി ആന്റ് ഇന്നവേഷൻ (കെഐഎസ‌്ടിഐ) – കുസാറ്റ്
 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (കെഐഎഎസ്) – മൂന്നാർ
 കേരള നെറ്റ്‍വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എജ്യുക്കേഷൻ (കെഎൻആർഎസ് എച്ച്ഇ) – കേരള സർവകലാശാല
 സെന്റർ ഫോർ ഇൻ‍ഡിജീനസ് പീപ്പിൾസ് എജ്യുക്കേഷൻ (സിഐപിഇ) – വയനാട്
 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി (കെഐജിഇ) – കണ്ണൂർ സർവകലാശാല
 കേരള ലാംഗ്വേജ് നെറ്റ്‍വർക്ക് (കെഎൽഎൻ) – കാലടി സർവകലാശാല. 

ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് നവംബറില്‍

നവംബറിൽ സംസ്ഥാനത്ത് അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോൺക്ലേവ്.
അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, പുസ്തകോത്സവം, ശാസ്ത്രപ്രദർശനങ്ങൾ, ടെക്നിക്കൽ ഫെസ്റ്റിവൽ എന്നിങ്ങനെ സംഘടിപ്പിക്കും. സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി വിദേശ റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭയിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.