മുതിര്‍ന്ന സിപിഐ(എം) നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ഇന്ന് രാവിലെ തെക്കൻ കൊല്‍ക്കത്ത ബാലിഗഞ്ച് മേഖലയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
2000 മുതൽ 11 വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു. 1944 മാർച്ച് ഒന്നിനായിരുന്നു ജനനം. 1966ൽ സിപി ഐ(എം) അംഗമായി. 1968ൽ പശ്ചിമബംഗാൾ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറി. 1971ല്‍ സിപിഐ(എം) സംസ്ഥാന കമ്മറ്റി, 82ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയില്‍ അംഗമായി. 1985ൽ കേന്ദ്രകമ്മറ്റിയിലും 2000 മുതൽ പൊളിറ്റ് ബ്യൂറോയിലുമെത്തി.
1977ല്‍ കോസിപുരിൽനിന്നായിരുന്നു ആദ്യ നിയമസഭാ മത്സരം. 1987മുതല്‍ 1996വരെ വാർത്താവിനിമയ, സാംസ്കാരിക വകുപ്പ് മന്ത്രിയായി. 1996–99 കാലത്ത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി. അദ്ദേഹം അതേ വർഷം നവംബറിൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. ഭാര്യ: മീര. മകൾ: സുചേതന.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അവയവങ്ങള്‍ മെഡിക്കല്‍ ഗവേഷണത്തിന് വിട്ടുകൊടുക്കും. മൃതദേഹം സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്കാരം ഇന്ന് നടക്കുമെന്ന് സിപിഐ(എം) വൃത്തങ്ങള്‍ അറിയിച്ചു.
ജ്യോതിബസുവിനെ അപേക്ഷിച്ച് ബുദ്ധദേവ് ഭട്ടാചാര്യ ഉദാരവല്‍കൃത തീരുമാനങ്ങളാണ് ഭരണരംഗത്ത് നടപ്പാക്കിയത്. ഇത് വ്യാവസായിക വികസനത്തെ സഹായിച്ചുവെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കുന്ന നിയമം വലിയ പ്രതിഷേധം വിളിച്ചുവരുത്തി. 2008ല്‍ സിംഗൂരില്‍ ടാറ്റായുടെ പ്ലാന്റ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം വളര്‍ന്നുവരികയും രത്തന്‍ ടാറ്റയ്ക്ക് പദ്ധതി ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. നന്ദിഗ്രാമില്‍ കെമിക്കല്‍ ഹബ്ബ് തുടങ്ങാനായി സ്ഥലം ഏറ്റെടുത്തതും വിവാദമായി. ഈ രണ്ട് സംഭവങ്ങളും ബുദ്ധദേവ് സര്‍ക്കാരിന് തിരിച്ചടിയായി.
വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചതെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയോടും ബംഗാളിനോടുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം, ദീര്‍ഘവീക്ഷണം എന്നിവ എടുത്ത് പറയേണ്ടതാണ്. പാര്‍ട്ടിയുടെ വഴികാട്ടിയായി എന്നും ഓര്‍മ്മിക്കുമെന്നും ചൂണ്ടിക്കാട്ടി.
സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തെ സിപിഐ(എം)ന്റെയും ഇടതുപക്ഷത്തിന്റെയും ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യ. ദീര്‍ഘകാലത്തെ പൊതുജീവിതവും സേവനസന്നദ്ധതയും അദ്ദേഹത്തെ ജനങ്ങൾക്ക് പ്രിയങ്കരനാക്കി. കവിതകൾ, ലേഖനങ്ങള്‍, വിവർത്തനം എന്നിവയിലൂടെ ബംഗ്ലാ സാഹിത്യത്തെയും സാംസ്കാരികരംഗത്തെയും സമ്പന്നമാക്കിയ വ്യക്തികൂടിയായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. എന്നും നിസ്വരോടൊപ്പം നിലകൊള്ളുകയും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ ചെറുത്ത് ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്, മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി തുടങ്ങിയവരും അനുശോചിച്ചു.
തിരുവനന്തപുരം: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വം.
ജ്യോതി ബസുവിന്റെ നിര്യാണത്തിന് ശേഷം ബംഗാളിലെ ഇടതുപക്ഷമുന്നണിയുടെ മുഖമായിരുന്നു സഖാവ് ബുദ്ധദേവ്. ബംഗാളിന്റെ വികസനത്തിനുവേണ്ടി അദ്ദേഹം കണ്ട സ്വപ്നങ്ങൾ എല്ലാം ആത്മാർത്ഥമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നില്‍ ഉയര്‍ന്നുവന്ന പ്രത്യയശാസ്ത്ര‑രാഷ്ട്രീയ പ്രശ്നങ്ങളില്‍ അദ്ദേഹം ഇടപെട്ടത് തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു. പ്രസ്ഥാനം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും സോഷ്യലിസം അജയ്യത തെളിയിക്കുമെന്നും അദ്ദേഹം എന്നും വിശ്വസിച്ചിരുന്നു. ഇടതുപക്ഷ ഐക്യത്തിന്റെ ശരികളെപ്പറ്റി തികഞ്ഞ ബോധ്യമുണ്ടായിരുന്ന ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ചെങ്കൊടി താഴ്ത്തിപ്പിടിക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
English Summary:Buddhadeb Bhattacharjee passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.