24 November 2024, Sunday
KSFE Galaxy Chits Banner 2

വയനാട് ഉരുൾപൊട്ടൽ ഓർമ്മപ്പെടുത്തുന്നത്

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
August 11, 2024 4:15 am

യനാട്ടിലെ ചൂരൽമല, അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഉരുൾപൊട്ടലുകൾ അവശേഷിപ്പിച്ചിരിക്കുന്നത് ഹൃദയഭേദകമായ കുറച്ചുദൃശ്യങ്ങളാണ്. ഭ്രാന്തമായി ഒഴുകിയ ചൂരൽമലയിലെ പുഴ കവർന്നെടുത്തത് നൂറുകണക്കിനു ജീവനുകളാണ്. വെള്ളാർമല ജിവിഎച്ച്എസിനു മുമ്പിലുള്ള കളിസ്ഥലവും കഴിഞ്ഞ് മലയോട് ചേർന്നൊഴുകിയ ശാന്തസുന്ദരമായ അരുവിയാണ് ജൂലൈ 30-ാം തീയതി അർധരാത്രിക്കു ശേഷം രൗദ്രഭാവം പൂണ്ട് അവിടുത്തെ മനുഷ്യരെയും മനുഷ്യനിർമ്മിതമായ എല്ലാ എടുപ്പുകളെയും തച്ചുതകർത്ത് തരിപ്പണമാക്കി സംഹാര താണ്ഡവമാടിയത്. ആ പുഴയുടെ കുറുകെ ഉണ്ടായിരുന്ന ചെറിയൊരു പാലവും തകർത്തുകളഞ്ഞു. അവിടെയാണിപ്പോൾ ഇന്ത്യൻ സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചു നൽകിയത്.
വെള്ളാർമല സ്കൂളിന്റെ ഗ്രൗണ്ടിന് വടക്കുവശം ആൾ താമസമുണ്ടായിരുന്ന സ്ഥലമെല്ലാം ഇന്ന് ഉരുൾപൊട്ടി കൂറ്റൻ പാറകളും വൃക്ഷങ്ങളും വേരുകളും ചെളിയും നിറഞ്ഞ് കുമിഞ്ഞിരിക്കുന്നു. അവിടെ നിൽക്കുമ്പോൾ രക്ഷാപ്രവർത്തകരിൽ ഒരാൾ പറഞ്ഞു. ഇവിടെ ഈ പ്രദേശത്ത് 60ലധികം വീടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഒരെണ്ണത്തിന്റെ മേൽക്കൂര പോലും കാണാനില്ല. അതിനുള്ളിലെ മനുഷ്യരെയും ഒന്നും ബാക്കി വച്ചിട്ടില്ല. അതിന്റെ അടിയിൽ മനുഷ്യരുണ്ടാകുമോ? പെട്ടെന്ന് അറിയാതെ കാൽ മാറ്റിവച്ചുപോയി. അവിടെ നിൽക്കാൻ തോന്നിയില്ല. റോഡെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തിന്റെ മറുവശത്ത് രണ്ടു വൃക്ഷശിഖരങ്ങളിലായി കെട്ടിയ ഒരു ‘അയ’ (തുണി വിരിക്കാൻ കയർ ഉപയോഗിച്ച് കെട്ടിയത്) കാണാം. വീടിന്റെ ടെറസിന്റെ രണ്ടു വശങ്ങളിലായിട്ടുള്ള മരക്കൊമ്പുകളിലായി ആ വീട്ടുകാർ കെട്ടിയതാണ് അത്. ആ രണ്ടു വൃക്ഷത്തെയും കയർ അയയെയും അവശേഷിപ്പിച്ച് ആർത്തലച്ചു വന്ന പുഴ വീടിനെയും വീട്ടുകാരെയും കൊണ്ടുപോയി. എല്ലാത്തിനും മൂകസാക്ഷിയായി പകുതി തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ് നിൽക്കുന്നു.

ഇതായിരുന്നു ഞങ്ങളുടെ വീട്

ചൂരൽമല വാർഡിലെ മുൻ പഞ്ചായത്ത് മെമ്പർ സിപിഐയുടെ സവിത താമസിച്ചിരുന്നത് ഇവിടെയാണ്. സഖാവ് സവിതയെയും അവരുടെ ഒരു മകള്‍ ശ്രേയയെയും ഉരുൾപൊട്ടി വന്ന മലവെള്ളം കൊണ്ടുപോയി. സവിതയുടെ മറ്റൊരു മകള്‍ ശ്രുതി മേപ്പാടി ക്യാമ്പിൽ ഉണ്ട്. സിപിഐയുടെ ചൂരൽമല ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രശാന്തും ഈ ക്യാമ്പിലുണ്ട്. ഒരു ജ്യേഷ്ഠനും അനുജനും വീടിനോടൊപ്പം നഷ്ടപ്പെട്ട പ്രശാന്തിന്റെ മറ്റൊരു സഹോദരൻ കല്പറ്റ എസ്ഡിഎം സ്കൂൾ ക്യാമ്പിലുമുണ്ട്.
അട്ടമല പൂർണമായും ഒറ്റപ്പെട്ടു എന്നുമാത്രമല്ല അവിടേക്കുള്ള റോഡും ഏറെക്കുറെ ഒഴുകിപ്പോയി. ബാക്കി ഭാഗം തകർന്നു. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിച്ചിരുന്ന പാടികളും (ലയങ്ങൾ) അവരുടെ മസ്റ്ററിങ് ഓഫിസുകളുമെല്ലാം തൊഴിലാളികളോടൊപ്പം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. വഴിമാറി ഒഴുകിയ പുഴയുടെ പടിഞ്ഞാറുവശം ഒന്നോ രണ്ടോ പാടികൾ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അതിനും വടക്കുവശത്തായി സിപിഐയുടെയും എഐടിയുസിയുടെയും പ്രാദേശിക നേതാവ് സുദേവന്റെ വീട്. അർധരാത്രി കഴിഞ്ഞ് അലറിപ്പാഞ്ഞെത്തിയ മലവെള്ളവും പാറയും ചെളിയും സുദേവന്റെയും കുടുംബാംഗങ്ങളുടെയും ജീവൻ കവർന്നെടുത്തു. സഖാവിന്റെ വീടിന്റെ അടിത്തറമാത്രം ഇന്ന് ദുഃഖാകുലമായി അവശേഷിക്കുന്നു. പുഞ്ചിരിമട്ടത്തിന്റെ മലനെറുകയിൽ ഇരുന്ന സാമാന്യം വലിയ ഒരു പാറ ഉരുൾപൊട്ടലിൽ ഒഴുകി നാലഞ്ച് കിലോമീറ്ററിനിപ്പുറം മുണ്ടക്കൈയിലെ മുസ്ലിം പള്ളിക്കു താഴെ വന്നിരിക്കുന്നതു കാണുമ്പോൾ കലിപൂണ്ട പ്രകൃതിയുടെ രൗദ്രഭാവത്തിന്റെ തീവ്രത ആർക്കും മനസിലാക്കാൻ കഴിയും.
ഉരുൾപൊട്ടലിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങൾ വിദഗ്ധർ ചർച്ച ചെയ്യട്ടെ. എന്നാൽ 400ലധികം ആളുകൾ മരണപ്പെട്ടുവെന്നും ഇനിയും 200ലധികം ആളുകളെ കണ്ടുകിട്ടാനുണ്ടെന്നും ഔദ്യോഗികമായി പറയുന്ന ഈ മഹാദുരന്തം ലാഭക്കൊതിപൂണ്ട മനുഷ്യരുടെ കണ്ണുതുറപ്പിക്കേണ്ടുന്നതാണ്. ഒരു കാലഘട്ടത്തിൽ വൻഖനികളായിരുന്ന ഈ സ്ഥലങ്ങളാണ് പിന്നീട് തേയിലത്തോട്ടങ്ങളായി മാറിയത് എന്നത് മിക്കവർക്കും അറിയാം. പശ്ചിമഘട്ട മലനിരകളിൽപ്പെട്ട ഈ പ്രദേശം അതീവ പരിസ്ഥിതിലോല മേഖലയാണെന്നതും അവിതർക്കിതമാണ്.

വിദ്യാഭ്യാസ സംവിധാനത്തെ ചോദ്യംചെയ്യുന്ന ദുരന്തം

അമിതലാഭം മാത്രം ലക്ഷ്യമിടുന്ന കോർപറേറ്റ് കമ്പനികൾ തേയിലക്കാടുകളെ ഇന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. വെറും വിനോദസഞ്ചാരമല്ല; അഡ്വഞ്ചർ ടൂറിസം അഥവാ സാഹസിക വിനോദസഞ്ചാരം. മേപ്പാടിയിലും, പോകുന്ന വഴിയിലുള്ള കുന്നുകളിലും തേയിലക്കാടുകളുടെ ഇടയിൽ യുവത്വത്തിന്റെ സാഹസികതയെ വിറ്റ് പള്ള വീർപ്പിക്കുന്ന കമ്പനികൾ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങൾ കാണാം. മേപ്പാടിയിലും ചൂരൽമലയിലുമുള്ള റിസോർട്ടുകളുടെ യഥാർത്ഥ എണ്ണം ഏതെങ്കിലും അധികാര സ്ഥാനത്തിന് അറിയാമോയെന്നറിയില്ല. സൂചിപ്പാറ വെള്ളച്ചാട്ടവും, കാന്തൻപാറ വെള്ളച്ചാട്ടവും, ചെമ്പ്ര കൊടുമുടിയും അവിടത്തെ മനോഹരമായ തടാകവും ആയിരക്കണക്കിന് തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്.
ഹോംസ്റ്റേകൾ നല്ലതാണെങ്കിലും ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന കോൺക്രീറ്റ് സൗധങ്ങൾ ആശാസ്യമാണോ എന്നത് ഗൗരവമായി ചിന്തിയ്ക്കേണ്ടുന്ന വിഷയമാണ്. തേയിലയിൽ നിന്നും അമിതലാഭമില്ലാത്തതുകൊണ്ടും തേയിലത്തോട്ടങ്ങളിൽ എന്നും തൊഴിലാളികൾ ആവശ്യമാണ് എന്നുള്ളതുകൊണ്ടും സ്ഥിരം തൊഴിലാളികളെ ഒഴിവാക്കാനുള്ള പുതിയ മാർഗങ്ങൾ ഈ സന്ദർഭം നോക്കി മെനഞ്ഞെടുക്കാൻ ചില കമ്പനികൾ ശ്രമിക്കുന്നുമുണ്ട്.
എന്തായാലും സുരക്ഷിതമായ ഒരു സ്ഥലത്ത് പുതിയ ടൗൺഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ഉറപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം മാതൃകാപരമാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി ദുരന്ത ബാധിത മേഖലയിൽ സന്ദർശനം നടത്തുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ പുനരധിവാസ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ കാര്യമായ ഒരു സഹായം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രകൃതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കണമെന്ന ഒരിക്കൽക്കൂടിയുള്ള മുന്നറിയിപ്പായി നാമിതിനെ കാണണം. മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും ശാസ്ത്രീയ റിപ്പോർട്ടുകളും കല്പറ്റ ഗവ. കോളജിലെ മലയാളം അധ്യാപകൻ ഗോപിനാഥന്റെ അനുഭവ സാക്ഷ്യപത്രവും നമ്മുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്. മുൻകാലങ്ങളിലെ പ്രകൃതിക്ഷോഭങ്ങൾ ഓർമ്മകളുടെ കലവറയിൽ മറക്കാൻ കഴിയുമെങ്കിലും 2018ലെ വെള്ളപ്പൊക്കവും 2019ലെ പുത്തുമല, കവളപ്പാറ ദുരന്തങ്ങളും 2020ലെ മൂന്നാർ പെട്ടിമുടി, വയനാട്, വിലങ്ങാട് ദുരന്തങ്ങളും ഭൂകമ്പമാപിനിയിൽ പോലും ഇടംപിടിക്കാതെ ഭൂമിക്കടിയിൽ ഉണ്ടാകുന്ന പ്രകമ്പനങ്ങളും നമ്മളെ തുറിച്ചു നോക്കുന്നതുപോലെ.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.