21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

കോടികളുടെ നിക്ഷേപ തട്ടിപ്പ്: കെപിസിസി സെക്രട്ടറി അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
August 13, 2024 8:14 pm

കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. ഇതേ കേസിൽ തൃശൂരിലെ പ്രമുഖ വ്യവസായിയും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ പത്മശ്രീ ടി എ സുന്ദർ മേനോനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം ആദ്യഘട്ടത്തില്‍ ഹീവാൻസ് ഫിനാൻസ് ചെയർമാനായിരുന്നുവെന്നാണ് പരാതി. കാലടിയിൽ നിന്നാണ് തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് സംഘം ശ്രീനിവാസനെ പിടികൂടിയത്. 

അമിത പലിശ വാഗ്ദാനം ചെയ്ത് കോടികൾ ധനകാര്യ സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച് തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് നടപടി. കേസിൽ അറസ്റ്റിലാക്കുന്ന മൂന്നാമത്തെയാളാണ് ശ്രീനിവാസൻ. ഡയറക്ടർ ബോർഡ് അംഗങ്ങളായ സുന്ദർ മേനോൻ, ബിജു മണികണ്ഠൻ എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിൽ ആയവർ. അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകിയാണ് സ്ഥാപനത്തിലേക്ക് നിക്ഷേപം സ്വീകരിച്ചത്.ഇതിൽ 7 കോടിയോളം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയിലാണ് പൊലീസ് നടപടി. 

സുന്ദർ മേനോൻ, സി.എസ് ശ്രീനിവാസൻ എന്നിവരുടെ രാഷ്ട്രീയ, സാമൂഹിക പ്രതിച്ഛായ ഉപയോഗപ്പെടുത്തിയാണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകിയില്ല. മാരക രോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകിയില്ലെന്നും ആക്ഷേപമുണ്ട്. പണം കിട്ടാത്ത നിക്ഷേപകർ പൊലീസിൽ പരാതി നൽകിയിരുന്നു. 

ജമ്മു ആസ്ഥാനമാക്കിയാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തിൽ 4 ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും കലക്ടര്‍ ഉത്തരവിട്ടിരുന്നു. തുടർന്നാണ് 18 പേരുടെ പരാതിയിൽ സുന്ദർ മേനോനെ സിറ്റി കമ്മിഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Invest­ment fraud of crores: KPCC sec­re­tary arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.