22 December 2024, Sunday
KSFE Galaxy Chits Banner 2

ഗുരുവായൂരിൽ ഇന്ന് (18.08.24) ഇല്ലം നിറ — ഇല്ലം നിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ

Janayugom Webdesk
തൃശൂര്‍
August 17, 2024 10:40 pm

ഇല്ലായ്മയുടെ കർക്കടകം കഴിഞ്ഞു. പ്രതീക്ഷയുടെ പൂവിളിയുമായി ചിങ്ങം പിറന്നു. പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ ഇന്നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിലാണ് ചടങ്ങ്. ‘ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരിന് സമർപ്പിക്കുന്ന പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. രാവിലെ പത്തു മണിയോടെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി. അഴീക്കൽ കുടുബാംഗം വിജയൻ നായർ, മനയം കുടുംബാഗംകൃഷ്ണകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ തുടങ്ങിയവർ സന്നിഹിതരായി. ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ഈ മാസം 28ന് നടക്കും. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപുത്തരി. പുന്നെല്ലിന്റെ അരി കൊണ്ടുള്ള പായസവും അപ്പവും ശ്രീഗുരുവായൂരപ്പന് നേദിക്കും. അന്നേ ദിവസത്തെ വിശേഷ പുത്തരി പായസം പ്രധാനമാണ്.

അതേ സമയം ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇത് തടയണമെന്ന ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. കൊടിമരച്ചുവട്ടിൽ പൂജ നടത്താനുള്ള ദേവസ്വം ഭരണാസമിതി തീരുമാനം ദേവഹിതവും, തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂജ കൊടിമരച്ചുവട്ടിൽ നടത്താൻ തീരുമാനിച്ചത്. പൂജ നമസ്കാര മണ്ഡപത്തിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചേന്നാസ് മനയിലെ ചിലര്‍ ഹർജി നല്‍കിയത്. ഇവര്‍ അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുകയാണെന്നും തിരക്ക് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായകരമാവുമെന്നും ദേവസ്വം എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്നലെ പ്രത്യേക സിറ്റിങ്ങിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.