27 December 2025, Saturday

സ്ത്രീകള്‍ക്ക് ആ ‘ശങ്ക’ ആശങ്ക തന്നെ; 194 തദ്ദേശസ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തിയില്ല

സബിന പത്മന്‍
കണ്ണൂര്‍
August 20, 2024 7:19 pm

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ ആ ‘ശങ്ക’ തീര്‍ക്കാന്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങളില്ലാത്തത് ഇന്നും ആശങ്കയായി തുടരുന്നു. നിയമപ്രകാരം ഒരു മുനിസിപ്പാലിറ്റി അനുയോജ്യവും സൗകര്യപ്രദവുമായ സ്ഥലങ്ങളില്‍ ആവശ്യത്തിന് പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കണമെന്നാണെങ്കിലും അതില്ലെന്ന് മാത്രമല്ല വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍മ്മിച്ച പല സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങള്‍ പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണുള്ളത്. ഒരു മുനിസിപാലിറ്റിയില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ ആവശ്യത്തിന് പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുകയും അത് ദിവസവും വൃത്തിയാക്കി ശരിയായ രീതിയില്‍ നിലനിര്‍ത്തുകയും വേണമെന്നാണെങ്കിലും സംസ്ഥാനത്ത് പല ശൗചാലയങ്ങളും ഉപയോഗിച്ച സ്ത്രീകളുടെ അനുഭവം അത്ര സുഖകരമായിരിക്കില്ല. പുരുഷന്‍മാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ മൂത്രശങ്ക തീര്‍ക്കാന്‍ എങ്ങനെയെങ്കിലും സാധിക്കുമെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. പല സ്ത്രീകളും ശങ്ക സഹിച്ച് പിടിച്ച് ശൗചാലയം ഉപയോഗിക്കുന്നതിന് മാത്രമായി മെച്ചപ്പെട്ട ഹോട്ടലുകളെയോ മറ്റോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് നിലവില്‍ ചില സ്ഥലങ്ങളില്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങളുണ്ടെങ്കിലും ഭൂരിഭാഗത്തിന്റെയും സ്ഥിതി ദയനീയമാണ്.
സര്‍ക്കാരിന്റെ കണക്ക് പ്രകാരം 194 തദ്ദേശസ്ഥാപനങ്ങള്‍ സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ ഏര്‍പ്പെടുത്താത്തത് എറണാകുളത്തെ തദ്ദേശസ്ഥാപനങ്ങളാണ്. 79 തദ്ദേശ സ്ഥാപനങ്ങളിലാണ് സ്ത്രീസൗഹൃദ ശൗചാലയങ്ങളില്ലാത്തത്. കൊല്ലത്ത് 40, മലപ്പുറം 24, കണ്ണൂര്‍ 19, ആലപ്പുഴ 10, തിരുവനന്തപുരം 10, കാസര്‍ക്കോട് 12 എന്നീ തദ്ദേശസ്ഥാപനങ്ങളാണ് ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്താത്തത്. ദീര്‍ഘദൂരയാത്രകളുള്‍പ്പെടെ ചെയ്യേണ്ടി വരുന്ന സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നതായിരുന്നു എല്‍ ഡി എഫ് സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി. പക്ഷെ ഇന്നും പല കാരണങ്ങളാലും സംസ്ഥാനത്ത് 117 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കിയിട്ടില്ല. 

ദേശിയ, സംസ്ഥാന പാതയോരങ്ങള്‍, ബസ് സറ്റേഷനുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ തുടങ്ങി ജനങ്ങള്‍ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞശേഷം പലതും അടച്ചിട്ട അവസ്ഥയിലാണ്. സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിപാടിയില്‍ ഉള്‍പെടുത്തിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഗ്രാമപഞ്ചായത്ത്. കോര്‍പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലായി 1842 ശുചിമുറികള്‍ നിര്‍മിക്കാനാണ് ലക്ഷ്യം വെച്ചതെങ്കിലും നിലവില്‍ 549 എണ്ണത്തിന്റെ മാത്രമാണ് ഉദ്ഘാടനം കഴിഞ്ഞത്. ഏറ്റവും പുതിയ കണക്ക് പ്രകാരം ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ തൃശൂരാണുള്ളത്. ഇവിടെ 25 തദ്ദേശസ്ഥാപനങ്ങളില്‍ നിര്‍ദ്ദേശമുണ്ടായിട്ടും പദ്ധതി നടപ്പിലാക്കിയിട്ടില്ല. തിരുവനന്തപുരത്ത് ‑10, കൊല്ലത്ത്-13, പത്തനംതിട്ട‑1. ആലപ്പുഴ‑10, കോട്ടയം-5, ഇടുക്കി-3, എറണാകുളം-13, പാലക്കാട്-3,കോഴിക്കോട്-7, മലപ്പുറം-9, വയനാട്-6, കണ്ണൂര്‍-7, കാസര്‍കോട്-5 എന്നീ സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കാത്തത്. സര്‍ക്കാര്‍ മികച്ച പല പദ്ധതികളും പ്രഖ്യാപിക്കുകയും അതിന് തുടക്കം കുറിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പിന്നീട് അത് കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാകുകയാണ്.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.