21 December 2024, Saturday
KSFE Galaxy Chits Banner 2

അന്വേഷണ റിപ്പോര്‍ട്ടുകളുടെ ബാക്കിപത്രം

കെ ദിലീപ്
നമുക്ക് ചുറ്റും
August 21, 2024 4:32 am

‘ദൂരക്കാഴ്ചയില്‍ ആകാശത്ത് നിഗൂഢതകള്‍ക്കിടയില്‍ തിളങ്ങുന്ന നക്ഷത്രങ്ങളും ചന്ദ്രനുമൊന്നുംതന്നെ യഥാര്‍ത്ഥത്തില്‍ ഒട്ടും തിളക്കമുള്ളവയല്ല’ എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് മലയാള ചലച്ചിത്രരംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ ഒരു കൂട്ടായ്മ, വുമണ്‍ ഇന്‍ സിനിമ കളക്ടീവ് മുഖ്യമന്ത്രിക്ക് ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകൃതമാവുന്നത്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് ഹേമ ചെയര്‍പേഴ്സണും പ്രശസ്ത അഭിനേത്രി ശാരദ, റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി വത്സലകുമാരി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് സര്‍ക്കാര്‍ ഈ വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രൂപീകരിച്ചത്. കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് ഇപ്രകാരമായിരുന്നു: വനിതകള്‍ ചലച്ചിത്രരംഗത്ത് നേരിടുന്ന സുരക്ഷയടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, ചലച്ചിത്രരംഗത്തെ വനിതകളുടെ സേവനവേതന വ്യവസ്ഥകള്‍, ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍, ചലച്ചിത്ര സാങ്കേതിക മേഖലയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുവാന്‍ സ്കോളര്‍ഷിപ്പുകളും മറ്റും നല്‍കി പ്രോത്സാഹിപ്പിക്കുക, വനിതകള്‍ പ്രസവസംബന്ധമായും കുട്ടികളുടെ പരിപാലനത്തിനായും മറ്റ് ആരോഗ്യ പ്രശ്നങ്ങളാലും ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരുമ്പോള്‍ അവരെ സഹായിക്കുവാനുള്ള മാര്‍ഗങ്ങള്‍, ചലച്ചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ ലിംഗസമത്വം എങ്ങനെ ഉറപ്പുവരുത്താം, നിര്‍മ്മാണത്തില്‍ 30 ശതമാനം വനിതാ പങ്കാളിത്തമുള്ള സിനിമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം, മറ്റു തൊഴില്‍മേഖലകളില്‍ നിന്നും വളരെയധികം വ്യത്യസ്തമായ ഒരിടമാണ് ചലച്ചിത്രമേഖല എന്നതിനാല്‍ത്തന്നെ കമ്മിറ്റിക്ക് അതിന്റെ പ്രവര്‍ത്തനത്തിനും വിവരശേഖരണത്തിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ കലാരൂപമായാണ് ചലച്ചിത്രം വികസിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന വിവിധ കലാരൂപങ്ങള്‍ നാടകം, നൃത്തം, സംഗീതം തുടങ്ങിയവയെല്ലാം സാങ്കേതികതയുടെ സഹായത്തോടെ സമന്വയിപ്പിച്ച ഒരു പുതിയ കലാരൂപം. സെർഗി ഐസൻസ്റ്റനിന്റെ ‘ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍’ ഗ്രിഫ്ത്തിന്റെ ‘ബര്‍ത്ത് ഓഫ് എ നേഷന്‍’‍, സിഡീക്കയുടെ ‘ബൈസിക്കിള്‍ തീവ്സ്’ ഇവയെല്ലാം തന്നെ തുടക്കകാലത്ത് സിനിമയുടെ വ്യാകരണം ചമച്ച സൃഷ്ടികളാണ്. വളരെ വേഗം തന്നെ ലോകമെമ്പാടും പ്രചാരം നേടിയ സിനിമയെ മഹാനായ ലെനിന്‍ വിശേഷിപ്പിച്ചത് 20-ാം നൂറ്റാണ്ടിന്റെ മാധ്യമം എന്നാണ്. സിനിമയുടെ കച്ചവട സാധ്യതകള്‍ വളരെ തുടക്കകാലത്തുതന്നെ തിരിച്ചറിയപ്പെട്ടു. അമേരിക്കന്‍ ഐക്യനാടുകളിലെ ലോസ് ആഞ്ചലസില്‍ വളരെ വലിയ സ്റ്റുഡിയോകളും വലിയ മൂലധനത്തില്‍ സിനിമാനിര്‍മ്മാണവും ആരംഭിച്ചു. “വാര്‍ണര്‍ ബ്രദേഴസ്”, “എംജിഎം”, “20th സെഞ്ചുറി ഫോക്സ്” തുടങ്ങിയ സിനിമാ നിര്‍മ്മാണ കമ്പനികളും ലോകമെമ്പാടും വിഖ്യാതരായ സംവിധായകരും നടീനടന്മാരുമുണ്ടായി. വിനോദവ്യവസായത്തിന്റെ പര്യായമായി സിനിമ മാറി. അതോടൊപ്പം തന്നെ സിനിമ എന്ന തൊഴിലിടം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അരക്ഷിതമാണെന്ന അവസ്ഥയും നിലവില്‍ വന്നു. 

മറ്റു വ്യവസായങ്ങളില്‍ നിന്നും സിനിമയെ മാറ്റിനിര്‍ത്തുന്നത് ഓരോ കാലഘട്ടങ്ങളില്‍ നിര്‍മ്മാതാക്കളും സംവിധായകരും സൂപ്പര്‍താരങ്ങളുമൊക്കെ വാണിജ്യവിജയങ്ങളിലൂടെ നേടിയെടുക്കുന്ന ആ തൊഴിലിടത്തിലെ അപ്രമാദിത്തമാണ്. വലിയ നിര്‍മ്മാതാക്കളെ നേടുന്ന സംവിധായകര്‍, പേരെടുത്ത സംവിധായകര്‍ക്ക് പിറകെ പോകുന്ന നിര്‍മ്മാതാക്കള്‍, ഇവരെയെല്ലാം സ്വന്തം ചൊല്പടിയില്‍ നിര്‍ത്തുന്ന സൂപ്പര്‍താരങ്ങള്‍ ഇങ്ങനെയൊരു വിഷമവൃത്തത്തില്‍ ഇല്ലാതാവുന്ന മനുഷ്യാവകാശങ്ങള്‍. ലോകത്തെവിടെയും യുദ്ധമായാലും ക്ഷാമമായാലും കലാപങ്ങളായാലും ഏറ്റവും കൂടുതല്‍ യാതന അനുഭവിക്കുന്നത് സ്ത്രീകളും കുഞ്ഞുങ്ങളും തന്നെയാണ്. അതിനാല്‍ത്തന്നെ സ്ഥിരമായ ജോലികള്‍ക്ക് ലഭിക്കുന്ന ഒരു നിയമപരമായ പരിരക്ഷയുമില്ലാതെ നിര്‍മ്മാതാവിന്റെയോ സംവിധായകന്റെയോ നായകന്റെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കപ്പെടുന്ന സിനിമകളില്‍ അഭിനയിക്കുവാന്‍ അവസരം നേടുന്ന സ്ത്രീകള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളികളുണ്ടായിരുന്നു. ലോകപ്രശസ്ത അഭിനേത്രി ലിവ് യുള്‍മാന്‍ അവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. ഇങ്മർ ബർഗ്‌മൻ എന്ന വിഖ്യാത ചലച്ചിത്രകാരന്റെ അനേകം സിനിമകളില്‍ നായികയായിരുന്ന അവര്‍ ഹോളിവുഡില്‍ സ്വന്തം സ്ഥാനമുറപ്പിച്ചത് വളരെ സെലക്ടീവായി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടും സ്വന്തമായി ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ടുമാണ്. സ്ത്രീകള്‍ക്ക് ചലച്ചിത്ര മേഖലയില്‍ സ്വന്തമായൊരിടം നേടുക എന്നത് എത്രത്തോളം പ്രയാസമേറിയതാണ് എന്ന് അവര്‍ തുറന്നു പറയുന്നുണ്ട്. 

സിനിമ ഒരു വ്യവസായമായി വളര്‍ന്നതോടെ വളരെ ഗൗരവത്തോടെ ജീവിതത്തിന്റെ അനുച്ഛേദം സിനിമയിലൂടെ അവതരിപ്പിക്കാനൊരുമ്പെട്ട ചലച്ചിത്രകാരന്മാര്‍ക്ക് കൂടുതല്‍ പ്രേക്ഷകരെ ലഭിച്ചില്ല. സിനിമയെ നൂറു ശതമാനം വിനോദ മാധ്യമമായി കണ്ട് പ്രേക്ഷകരെ തിയേറ്ററിന്റെ ഇരുട്ടില്‍ അയഥാര്‍ത്ഥമായ ഒരു മായാലോകത്തേക്ക് നയിക്കുന്ന കച്ചവട ചിത്രങ്ങളിലൂടെ താരങ്ങളുയര്‍ന്നുവന്നു. ‘താരമൂല്യം’ കച്ചവട സിനിമയിലെ അവിഭാജ്യ ഘടകമായി മാറി. സംഘട്ടനങ്ങളും ത്രസിപ്പിക്കുന്ന നൃത്തങ്ങളുമൊക്കെയായി സിനിമ ഒരു ഉത്സവപ്പറമ്പായി മാറി. മറ്റ് മൂല്യങ്ങള്‍ക്കൊന്നുംതന്നെ യാതൊരു വിലയുമില്ലാതായി. വെള്ളിത്തിരയില്‍ കാണുന്ന അധോലോകം സിനിമാ സെറ്റുകളിലേക്കും പടര്‍ന്നു. മനുഷ്യാവകാശങ്ങളൊന്നും ബാധകമല്ലാത്ത ഒരു ലോകം സെറ്റുകളില്‍ വളര്‍ന്നു. ആ ലോകത്തിന്റെ പരിച്ഛേദമാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇരകളുടെ അനുഭവങ്ങളുടെ ഒരു ചെറിയ അംശം.
235 പേജുള്ള ഒരു റിപ്പോര്‍ട്ടാണ് കമ്മിറ്റി സര്‍ക്കാരിന് നല്‍കിയത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയുടെ പഠനത്തില്‍, സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന പ്രമേയങ്ങളുള്ള സിനിമകള്‍ ഫ്രാന്‍സിലും ഇന്ത്യയിലുമൊക്കെ വെറും പൂജ്യം ശതമാനം എന്നാണ്. എന്നാല്‍ ചൈനയിലും ഓസ്ട്രേലിയയിലും അത് 40 ശതമാനവും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസം കല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായിരുന്ന ഡോക്ടര്‍ അതിക്രൂര പീഡനത്തില്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തില്‍ രാജ്യമാകെ വിലപിക്കുകയാണ്. ലോകമെമ്പാടും സ്ത്രീകള്‍ക്കുനേരെ കൊടിയ അക്രമങ്ങള്‍ നടക്കുന്നു. ഈ രോഗത്തിന് തൊലിപ്പുറമേയുള്ള ചികിത്സകൊണ്ട് കാര്യമില്ല. സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന അക്രമവാസനയ്ക്കും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ വളരെ ശക്തമായ ബോധവല്‍ക്കരണ പ്രക്രിയ ആവശ്യമാണെന്നാണ് ഇന്ന് നമ്മുടെ മുന്നില്‍ വരുന്ന ഓരോ സംഭവവും തെളിയിക്കുന്നത്.

കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലേറെയും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി ചിത്രീകരിച്ചുകൊണ്ടും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പൗരുഷത്തിന്റെ പ്രകടനങ്ങളായി വര്‍ണിച്ചുകൊണ്ടുമാണ്. ഇത്തരം സിനിമകള്‍ ചിത്രീകരിക്കുന്നിടത്ത് തുല്യത പ്രതീക്ഷിക്കുന്നത് അര്‍ത്ഥശൂന്യമാണ്. മനുഷ്യന്റെ ദുര്‍ബല വികാരങ്ങളെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് കൂടുതല്‍ പണമുണ്ടാക്കാനുള്ള ഉപാധിയെന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചങ്ങാത്ത മുതലാളിത്തം തന്നെയാണ് അമ്മയും സഹോദരിയും ഭാര്യയും കൂട്ടുകാരിയുമൊക്കെയായി പുരുഷന്‍ കാണേണ്ട സ്ത്രീകളെ അധമമായി ചിത്രീകരിക്കുന്നത്, എന്തിലും വിപണനമൂല്യം മാത്രം കാണുന്നവരായി ജീവിക്കുവാനുള്ള സന്ദേശം നല്‍കുന്നത്.
ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് വളരെ സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരില്‍ നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ വലിയൊരു ഭൂരിപക്ഷത്തെ ഇത്തരത്തില്‍ പെടുത്താനാവില്ലായെന്നും നമ്മള്‍ കാണേണ്ടതുണ്ട്. അവര്‍ക്ക് സിനിമയെടുക്കാനും നിലനില്‍ക്കാനും ആ മേഖലയില്‍ പിടിമുറുക്കുന്ന ക്രിമിനല്‍ മാഫിയകളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്. അപ്രഖ്യാപിത വിലക്കുകളും മാറ്റിനിര്‍ത്തലുകളുമൊക്കെക്കൊണ്ട് സ്വന്തം തൊഴില്‍ ചെയ്യാന്‍ കഴിയാതിരുന്ന സംവിധായകരും നടന്മാരും നടികളുമുണ്ട്. നീതിക്കായി നിലയുറപ്പിച്ചതിനായിരുന്നു മലയാളത്തിലെ മുന്‍നിര സംവിധായകനായ വിനയന് വര്‍ഷങ്ങളോളം സിനിമാരംഗത്തു നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. അനശ്വര നടനായിരുന്ന തിലകന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. അനേകം ആര്‍ട്ടിസ്റ്റുകള്‍, സംവിധായകര്‍ എന്നിവരെല്ലാം മാറ്റിനിര്‍ത്തപ്പെട്ടപ്പോഴും ഈ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖര്‍ മൗനം പാലിക്കുകയാണുണ്ടായത്. ഈ മൗനത്തിന്റെ പരിണിത ഫലമാണ് മലയാള സിനിമാ മേഖലയില്‍ ഇപ്പോള്‍ സംഭവിച്ച ദുരന്തം. ചലച്ചിത്ര മേഖലയെ ക്രിമിനലുകളില്‍ നിന്ന് മോചിപ്പിക്കുവാന്‍ ഈ റിപ്പോര്‍ട്ട് സഹായകമാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.