ഇപ്പോഴുമുണങ്ങാത്ത വ്രണമാണ് മണിപ്പൂരിലെ വംശീയ കലാപം. 2023 മേയ് മൂന്നിന് ആരംഭിച്ചതും രാജ്യത്തെയാകെ ഞെട്ടിച്ചതും മാത്രമല്ല, ലോകത്തിന് മുന്നിൽ നാണം കെടുത്തിയതുമായ സംഭവമായിരുന്നു അവിടെയിപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വംശീയ കലാപം. ഇത് സംസ്ഥാനം ഭരിക്കുന്ന ബിജെപി സ്പോൺസേഡ് (ഒത്താശയോടെയുള്ള) കലാപമായിരുന്നുവെന്ന് തുടക്കത്തിൽതന്നെ വ്യക്തമായിരുന്നതാണ്. ബിജെപി മാത്രം അത് സമ്മതിച്ചിരുന്നില്ല. അതാണ് പൊളിഞ്ഞുവീണിരിക്കുന്നത്. മെയ്തി വിഭാഗത്തിന് എല്ലാ സഹായങ്ങളും ചെയ്തത് ബിരേൻ സിങ്ങിന്റെ സർക്കാരായിരുന്നുവെന്നാണ് ഇപ്പോൾ ദേശീയ മാധ്യമം പുറത്തുവിട്ട ശബ്ദ സന്ദേശം വെളിപ്പെടുത്തുന്നത്. ആയുധങ്ങൾ കൊള്ളയടിക്കുന്നതിന് ഒത്താശ ചെയ്തെന്ന് മാത്രമല്ല അത് തന്റെ അറിവോടെയായിരുന്നു എന്നുള്ള മുഖ്യമന്ത്രിയുടെ സമ്മതം ഞെട്ടിപ്പിക്കുന്നതാണ്. മെയ്തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ വിധിച്ചതാണ് വംശീയ കലാപത്തിലേക്ക് നയിച്ചതെന്നായിരുന്നു ബിജെപി സർക്കാർ വാദിച്ചുകൊണ്ടിരുന്നത്. സാങ്കേതികമായി അത് ശരിയായിരുന്നു. അതേസമയം ബിജെപിയുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരുത്തരവാദപരമായ സമീപനത്തെത്തുടർന്നാണ് ഹൈക്കോടതി വിധിയുണ്ടായത് എന്ന കാര്യം മറച്ചുവയ്ക്കാനാണ് അവർ ശ്രമിച്ചത്.
പത്ത് വർഷങ്ങൾക്ക് മുമ്പുതന്നെ പട്ടികവിഭാഗത്തിൽ പെടുത്തണമെന്ന ആവശ്യം മെയ്തി വിഭാഗക്കാർ ഉന്നയിച്ചുതുടങ്ങിയിരുന്നു. അവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയത് 2013ലായിരുന്നു. അന്ന് കേന്ദ്രത്തിൽ കോൺഗ്രസായിരുന്നുവെങ്കിലും 2014ൽ അധികാരം ബിജെപിയുടെ കയ്യിലെത്തി. 2017 മുതൽ മണിപ്പൂരിലും ബിജെപി അധികാരത്തിലേറി. പക്ഷേ ഹൈക്കോടതിക്ക് വ്യക്തമായ മറുപടി നൽകുന്നതിന് ഇരു സർക്കാരുകളും തയ്യാറായില്ല. മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2023 ഏപ്രിൽ അവസാനത്തിൽ മെയ്തികൾക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായത്. പട്ടികവർഗ സംവരണത്തിന്റെ പേരിൽ മറ്റുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനാൽ മെയ്തി അധിവാസ മേഖലകളിൽ കുടിയേറ്റം നടക്കുന്നുവെന്നും അതിൽ നിന്ന് രക്ഷനേടുന്നതിനാണ് പട്ടികവർഗ സംവരണം ആവശ്യപ്പെടുന്നതെന്നുമായിരുന്നു അവരുടെ നിലപാട്. കുക്കി വിഭാഗത്തിൽ വലിയ ശതമാനം ഹിന്ദു വിശ്വാസം പിന്തുടരുന്നവരല്ലെന്നതും തങ്ങളുടെ 32 നിയമസഭാംഗങ്ങളില്‍ 25 ഉം മെയ്തി വിഭാഗത്തിൽ നിന്നാണ് എന്നതും കാരണം ബിജെപി എക്കാലവും കുക്കി വിരുദ്ധ നിലപാടാണ് സ്വീകരിച്ചുപോന്നിരുന്നത്. അതുകൊണ്ടാണ് കോടതിയിൽ വ്യക്തമായ നിലപാടെടുക്കാതെ ഉഴപ്പിയതെന്ന് വ്യക്തം. ഈ സാഹചര്യത്തിലാണ് കോടതിവിധി മെയ്തി വിഭാഗത്തിന് അനുകൂലമായത്. കോടതിവിധിയെ ചോദ്യംചെയ്തും വിധിക്ക് അനുഗുണമായ കേന്ദ്ര, സംസ്ഥാന ബിജെപി സർക്കാരുകളുടെ സമീപനങ്ങളിൽ പ്രതിഷേധിച്ചുമാണ് ഒരുവിഭാഗം 2023 മേയ് ആദ്യദിനങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ മാത്രമല്ല ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചത്, മറുവിഭാഗത്തെ രംഗത്തിറക്കുകയും അതിനെ വംശീയ ഉന്മൂലന നീക്കമാക്കുകയുമാണ് ചെയ്തതെന്ന് തുടക്കത്തിൽത്തന്നെ ആരോപണമുണ്ടായി.
പ്രതിപക്ഷത്തിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും മാത്രമല്ല ബിജെപിക്കാരായിരുന്ന കുക്കി വിഭാഗത്തിൽ നിന്നുപോലും പ്രസ്തുത വിമർശനമുണ്ടായിരുന്നു. അതിന്റെ പേരിൽ കുക്കി വിഭാഗം എംഎൽഎമാർ ബിജെപി ഭരണനേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നതുമാണ്. മുഖ്യമന്ത്രിയെ മാറ്റിനിർത്തി വേണം അന്വേഷണവും അനന്തര നടപടികളുമെന്നും നിർദേശങ്ങളുണ്ടായി. എന്നാൽ ഒരുവർഷത്തിലധികമായി വംശീയാതിക്രമവും മുഖ്യമന്ത്രിയായി ബിരേൻ സിങ്ങും തുടരുന്നു. കൂടാതെ അദ്ദേഹത്തെ പൂർണമായും ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനം കേന്ദ്ര സർക്കാരിൽ നിന്നും ബിജെപി നേതാക്കളിൽനിന്നും ഉണ്ടാകുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മുഖ്യമന്ത്രിയുടേത് എന്ന് വ്യക്തമായ രഹസ്യസംഭാഷണം പ്രസക്തമാകുന്നത്. മെയ്തി വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചതായി 40 മിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശത്തിൽ ബിരേൻ സിങ് സമ്മതിക്കുന്നു. മെയ്തി വിഭാഗത്തിന്റെ കയ്യിൽ ഔദ്യോഗിക സംവിധാനങ്ങളുടെ ആയുധങ്ങൾ ലഭ്യമായ വിവരം തനിക്കറിയാമെന്ന് വ്യക്തമാക്കിയ ബിരേൻ സിങ്, അവയുടെ കണക്കുകളും കൃത്യമായി പറയുന്നു. പൊലീസ് കേന്ദ്രത്തിൽ നിന്ന് മെയ്തി വിഭാഗം ആയുധങ്ങൾ കവർന്നത് അറിയാമെന്നും അവരെ സംരക്ഷിച്ചതായും മുഖ്യമന്ത്രിയുടെ സംഭാഷണത്തിലുണ്ട്. ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് മെയ്തി വിഭാഗത്തിന് ഉറപ്പ് നല്‍കിയതായും കുക്കി വനിതകളെ നഗ്നരായി നടത്തിച്ചതും പരാമർശ വിഷയമാകുന്നുണ്ട്. തുടക്കത്തിൽത്തന്നെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സാധൂകരിക്കപ്പെടുകയാണ് ഇതിലൂടെ. അധികാരം പിടിക്കാനും നിലനിർത്താനും വംശഹത്യയും ഉന്മൂലനവും ആവശ്യമെങ്കിൽ അതിനും മടിക്കില്ലെന്ന സമീപനമാണ് ബിജെപി എക്കാലത്തും എവിടെയും സ്വീകരിക്കാറുള്ളത്. അത് ഉറപ്പിക്കപ്പെടുകയാണ് മണിപ്പൂരിനെ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിലൂടെ. കുടത്തിലുള്ള ഭൂതങ്ങളെ തുറന്നുവിട്ട് ഭീകരാന്തീക്ഷം സൃഷ്ടിക്കുകയും അതിനിടയിലൂടെ ജയിച്ചുകയറുകയുമെന്ന വന്യജീവികളെപോലും തോല്പിക്കുന്ന രീതിയാണ് തുറന്നുകാട്ടപ്പെടുന്നത്. അതുകൊണ്ട് ഒരുനിമിഷംപോലും അധികാരത്തിൽ തുടരാൻ മണിപ്പൂരിലെ ബിജെപി സർക്കാരിന് അർഹതയില്ല. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ പോലും അത് അപ്രസക്തമാക്കിയെന്നു വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.