2 October 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 2, 2024
October 2, 2024
October 1, 2024
October 1, 2024
September 29, 2024
September 27, 2024
September 26, 2024
September 23, 2024
September 23, 2024
September 18, 2024

ലൈംഗിക ആരോപണം; രഞ്ജിത്തിന്റെ രാജി ആവശ്യം ശക്തം

Janayugom Webdesk
തിരുവനന്തപുരം
August 24, 2024 11:01 pm

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തുവന്നതിന് പിന്നാലെ രാജി ആവശ്യം ശക്തമായി.  അണിയറ പ്രവർത്തകർക്കായി നടത്തിയ പാർട്ടിക്കിടെ രഞ്ജിത്ത്‌ തന്നോട്‌ മുറിയിലേക്ക്‌ വരാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. സിനിമയെക്കുറിച്ച്‌ ചർച്ച ചെയ്യാനെന്ന്‌ കരുതി എത്തിയ തന്നോട്‌ മോശമായി പെരുമാറിയെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നും നടി പറഞ്ഞിരുന്നു.

രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിവിധ സ്ത്രീപക്ഷ സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ബംഗാളി നടി ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ചാലപ്പുറത്തെ രഞ്ജിത്തിന്റെ വീടിന് പൊലീസ് കാവലേര്‍പ്പെടുത്തി. കസബ പൊലീസ് സംഘമാണ് സുരക്ഷയൊരുക്കിയത്. രഞ്ജിത് ഇപ്പോള്‍ വയനാട്ടിലാണ് താമസം.

അതേസമയം ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും സജി ചെറിയാന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. രഞ്ജിത്തിന്റെ വിഷയത്തിലുള്‍പ്പെടെ, കുറ്റം ചെയ്തവര്‍ എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടിയും പറഞ്ഞു. മിനിമം കൂലി ഉറപ്പാക്കുന്നത് ഉള്‍പ്പെടെ തൊഴില്‍ നിയമങ്ങള്‍ നമുക്കുണ്ട്. തൊഴില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നടപടിയുണ്ടാകും. അതിനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ട്. ഏത് തൊഴിലിടത്തും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണം. തൊഴിലിടങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
വനിതാ കമ്മിഷൻ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്നും അവർ വ്യക്തമാക്കി.
അതിനിടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിനെതിരെ ലൈംഗികാരോപണമുന്നയിച്ച് നടി രേവതി സമ്പത്തും രംഗത്തെത്തി.

മാറ്റി നിർത്തി അന്വേഷിക്കണം: എഐവൈഎഫ്

രഞ്ജിത്തിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമം ബംഗാളി നടി ശ്രീലേഖ മിത്ര പരസ്യമായി വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തി സമഗ്രാന്വേഷണം നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമി പോലുള്ള മഹത്തായ സാംസ്കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് രഞ്ജിത്ത് നടത്തിക്കൊണ്ടിരിക്കുന്ന മോശം പ്രവണതകൾക്കെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളെയടക്കം ചെയർമാൻ സ്വാധീനിക്കുന്നുവെന്ന അത്യന്തം ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ എഐവൈഎഫ് രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. മികച്ച നടനും സംവിധായകനുമാണ് എന്നത് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും എഐവൈഎഫ് പ്രസ്താവിച്ചു.
ചലച്ചിത്ര രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ രാജ്യത്താദ്യമായി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണവും തുടർ നടപടികളുമാവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സിനിമാ മേഖലയിലെ പ്രശ്ന പരിഹാരങ്ങൾക്കായുള്ള അടിയന്തര നടപടികൾ ഗവണ്മെന്റ് സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.