23 November 2024, Saturday
KSFE Galaxy Chits Banner 2

വനഭൂമിയില്‍ അഡാനിയുടെ താപവൈദ്യുത നിലയം; കേന്ദ്ര‑യുപി സര്‍ക്കാരുകള്‍ക്ക് ഹരിത ട്രിബ്യൂണല്‍ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2024 10:24 pm

അഡാനി ഗ്രൂപ്പിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വഴിവിട്ടു സഹായിക്കുന്നെന്ന ആരോപണങ്ങള്‍ വീണ്ടും ശരിവയ്ക്കുന്നു. ഉത്തര്‍പ്രദേശിലെ (യുപി) വനമേഖലയില്‍ അഡാനി കമ്പനി താപവൈദ്യുത നിലയം നടത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) കേന്ദ്രസര്‍ക്കാരിനും യുപി ഗവണ്‍മെന്റിനും അഡാനി ഗ്രൂപ്പിന് കീഴിലുള്ള മിര്‍സാപൂര്‍ തെര്‍മല്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസ് അയച്ചു. മിര്‍സാപൂര്‍ വനമേഖലയില്‍ താപനിലയം നിര്‍മ്മിച്ചത് 2016ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവിന് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. വനഭൂമിയില്‍ മതിലുകളും റോഡുകളും അനധികൃതമായി നിര്‍മ്മിക്കുന്നതും കര്‍ഷകരുടെ ഭൂമികള്‍ കയ്യേറിയതും എന്‍ജിടി ചൂണ്ടിക്കാണിച്ചു. 

കിഴക്കന്‍ യുപിയിലെ ഈ വനമേഖലയില്‍ കരടി സംരക്ഷണകേന്ദ്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇവിടെ പലതരത്തിലുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ വന്യജീവികളുടെ സങ്കേതം കൂടിയാണ്. വിന്ധ്യന്‍-കൈമൂര്‍ ആവാസവ്യവസ്ഥ 24 ഭൗമജീവികളാല്‍ സമ്പന്നമാണ്. മിര്‍സാപൂരിലെ ദാദ്രി ഖുര്‍ദ് ഗ്രാമത്തില്‍ 2x660 മെഗാവാട്ട് കല്‍ക്കരി അധിഷ‍്ഠിത താപവൈദ്യുത നിലയം സ്ഥാപിക്കുന്നതിന് വെല്‍സ‍്പണ്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് പരിസ്ഥിതി അനുമതി തേടിയെങ്കിലും ഹരിത ട്രിബ്യൂണല്‍ അതിന്മേല്‍ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ നിലവില്‍ ആ പ്ലാന്റ് അഡാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിര്‍സാപൂര്‍ എനര്‍ജി യുപി പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റിയിരിക്കുകയാണ്. 

2014 ഓഗസ്റ്റ് 21ന് പരിസ്ഥിതി അനുമതി നല്‍കിയ ഉത്തരവ് വഴിവിട്ടതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു. തങ്ങളുടെ ഭൂമി സമ്മതമില്ലാതെ അഡാനി കമ്പനി നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ‍്തെന്നും പ്രദേശത്തെ കര്‍ഷകര്‍ ആരോപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.