20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 13, 2024
September 11, 2024
September 11, 2024
September 10, 2024

ഗുരുതര ആരോപണവുമായി വനിതാ നേതാവ്; കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ്

സ്വന്തം ലേഖകന്‍
കൊച്ചി
August 31, 2024 10:57 pm

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വനിതാനേതാവ്. അവസരങ്ങള്‍ ലഭിക്കാന്‍ ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കണമെന്നതുള്‍പ്പെടെയുള്ള ഗൗരവതരമായ ആരോപണങ്ങളുമായാണ് എഐസിസി മുന്‍ അംഗം സിമി റോസ്ബെല്‍ ജോൺ രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. മുതിര്‍ന്ന നേതാക്കളുടെ അടുത്ത് തനിച്ച് പോകുന്നത് സുരക്ഷിതമല്ലെന്നും നേതാക്കളില്‍ നിന്ന് വനിതാ പ്രവര്‍ത്തകര്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും കടുത്ത ആരോപണമുയര്‍ത്തിയിട്ടുണ്ട്. വി ഡി സതീശന്‍ തന്നെ പരസ്യമായി അപമാനിച്ചിട്ടുണ്ട്. ഹൈബി ഈഡനും സതീശനും രാഷ്ട്രീയരംഗത്ത് തന്നെ ഒതുക്കാന്‍ ഇടപെട്ടു. നേതാക്കളുടെ ഗുഡ്ബുക്കില്‍ ഇല്ലാത്തതുകൊണ്ടാകാം തനിക്ക് അവസരം കിട്ടാത്തത്. പാര്‍ട്ടിക്കുവേണ്ടി കഠിനമായി പ്രവര്‍ത്തിച്ച് പൊരുതി നേടിയതാണ് തനിക്ക് ലഭിച്ച പദവികള്‍. അല്ലാതെ ആരും തന്റെ സൗന്ദര്യം കണ്ടിട്ടോ വ്യക്തിത്വം കൊണ്ടോ താലത്തില്‍ നല്‍കിയതല്ലെന്നും അവര്‍ തുറന്നടിച്ചു. 

സ്പോൺസർമാരുണ്ടെങ്കിലെ ഇപ്പോൾ വനിതകൾക്ക് കോൺഗ്രസിൽ അവസരം കിട്ടൂ എന്ന സ്ഥിതിയാണ്. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും മഹിളാകോണ്‍ഗ്രസിലും ഒന്നും പ്രവര്‍ത്തിക്കാതെ തന്നെ ചിലര്‍ക്ക് അവസരം കിട്ടുന്നു. ആടിനെ പ്ലാവില കാണിക്കുന്നതുപോലെ അവസരം കിട്ടാൻ പലരും പിറകേ പോകുന്നു. ജെബി മേത്തറിനും ദീപ്തി മേരി വർ​ഗീസിനും അവസരങ്ങൾ ലഭിക്കുന്നത് അവര്‍ക്ക് സ്പോണ്‍സര്‍മാരുള്ളതുകൊണ്ടാണെന്നും സിമി ആരോപിച്ചു. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും പ്രതിപക്ഷ നേതാവ് അതിന്റെ ഭാഗമാണെന്നും അവര്‍‍ പറഞ്ഞു.
ചില ശബ്ദസന്ദേശങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിട്ടാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉറപ്പാണെന്നും സിമി റോസ്ബെൽ അഭിമുഖം പുറത്തുവന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് പറഞ്ഞു. പല വനിതാ കോൺഗ്രസ് നേതാക്കളുടെയും പശ്ചാത്തലം പരിശോധിക്കണം. നേതൃത്വത്തോട് ഒട്ടി നിൽക്കുന്നവർക്കേ കോൺഗ്രസിൽ സ്ഥാനമുള്ളൂ എന്നും സിമി തുറന്നു പറഞ്ഞു. 

കേരളത്തിലെ പല നേതാക്കളില്‍ നിന്നും വനിതാ നേതാക്കള്‍ക്ക് ഉണ്ടായ ദുരനുഭവം ഒരുപാട് പ്രവർത്തകർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സിമി റോസ്ബെൽ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഹേമ കമ്മിറ്റി മോഡൽ കോൺഗ്രസിലും കൊണ്ടുവരണം. കോൺ​ഗ്രസിൽ കാലങ്ങളായി സ്ത്രീകൾ ലിം​ഗ വിവേചനം നേരിടുന്നു. കെപിസിസി വര്‍ക്കിങ് കമ്മിറ്റിയില്‍ ഒരു വനിത പോലും ഇല്ല. മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ പാര്‍ട്ടിവിട്ടു. റോസക്കുട്ടി ടീച്ചര്‍, ലതികാ സുഭാഷ്, പത്മജ വേണുഗോപാല്‍ തുടങ്ങിയവരെല്ലാം ഇതിനുദാഹരണമാണ്. ഉയർന്നു വരുവാൻ സ്ത്രീകൾ നേതാക്കന്മാരുടെ ഇഷ്ടങ്ങൾക്കൊത്ത് നിൽക്കണം. അത്തരക്കാര്‍ക്ക് കൂടുതൽ പദവികളും അംഗീകാരങ്ങളും കൊടുക്കുന്നു. അല്ലാത്തവർക്ക് ജയിക്കാവുന്ന സീറ്റ് തരില്ല. ഉയർന്ന പദവികളിൽ നിന്ന് മാറ്റിനിർത്തുന്നു. അവസരം നഷ്ടപ്പെടാതിരിക്കാൻ ഈ ചൂഷണങ്ങൾക്കെതിരെ ആരും പരാതി കൊടുക്കുന്നില്ല. തെരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ചവച്ച വനിതാ നേതാക്കൾ രാഷ്ട്രീയത്തിൽ നിന്ന് തന്നെ അപ്രത്യക്ഷരാകുന്നു. പ്രായമായ സ്ത്രീകളെ പരിഹസിച്ച് മാറ്റിനിർത്തുകയാണെന്നും അവര്‍ ആരോപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.