ട്രാഫിക് ജംങ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന സമയത്തിനുള്ളിൽ വാഹനത്തിന്റെ ചില്ല് കഴുകുന്നതും കളിപ്പാട്ടങ്ങളുടെ വില്പനയും അപകട സാധ്യതയേറുന്നു. നാടോടി വിഭാഗത്തിലുള്ള വനിതകളടക്കമാണ് തിരക്കേറിയ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ കച്ചവടം നടത്തുന്നത്. വാഹനം നിർത്തുമ്പോഴേക്കും ഡ്രൈവറുടെ അനുമതിയൊന്നും തേടാതെ വാഹനത്തിന്റെ ചില്ലിലേക്ക് സോപ്പുവെള്ളം ചീറ്റി പെട്ടെന്നുതന്നെ ബ്രഷ് കൊണ്ട് തുടച്ചുനീക്കും. തുടർന്ന് ഡ്രൈവറോട് പണത്തിനായി കൈനീട്ടുകയാണ് ചെയ്യും. ചിലർ പണം നൽകാതെയും പോകും. പലരും പണം കൊടുക്കുമ്പോഴേക്കും സിഗ്നൽ ലഭിക്കുകയും വാഹനം മുൻപോട്ടെടുക്കുകയും ചെയ്യും. പിന്നാലെ കുഞ്ഞിനെയുമെടുത്ത് ഓടുന്നതിനിടയിൽ പിന്നാലെ വരുന്ന വാഹനം ഇവരെ തട്ടി അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ വ്യഗ്രത കൂടിയാകുമ്പോൾ അപകടസാധ്യത കൂടുന്നു. ഇവരെക്കണ്ട് പെട്ടെന്ന് വാഹനം നിർത്തേണ്ടിവരുമ്പോൾ പിന്നിലുള്ള വാഹനവുമായി ഇടിക്കുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. ദേശീയപാതയും സംസ്ഥാനപാതയും സന്ധിക്കുന്ന ഇടമാണ് പെരിന്തൽമണ്ണ ട്രാഫിക് ജംങ്ഷൻ. വലിയ വാഹനങ്ങളടക്കം പോകുന്ന ജംങ്ഷനിൽ ഇറക്കവും കയറ്റവുമുണ്ട്. ഇതിനിടയിലാണ് കുട്ടികളെ ഉപയോഗിച്ച് കുമിള കളിപ്പാട്ടം, പേന, ബലൂൺ തുടങ്ങിയവയുടെ കച്ചവടവും നടത്തുന്നത്. റോഡിലിറങ്ങിയുള്ള കച്ചവടമാണ് അപകടസാധ്യതയേറ്റുന്നത്.
കഴിഞ്ഞദിവസം ഇവരുടെ കൂടെയുള്ള കുട്ടിയുടെ നെറ്റിയിൽ പരിക്കേറ്റിരുന്നു. വീണതാണെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. സംഘത്തിലെ പ്രായമായ സ്ത്രീ പാതയോരത്തിരുന്ന് ഭിക്ഷ തേടുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും മറ്റ് ആളുകൾ ഇവിടെ കൊണ്ടുവന്നിറക്കുകയാണെന്നും പറയുന്നുണ്ട്. ആഴ്ചകളായി ഇവർ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഉണ്ട്. ഉപജീവനമാർഗമെന്ന നിലയിൽ പൊലീസും കണ്ണടയ്ക്കുകയാണ്. അതേസമയം അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാണിതെന്ന് നിലവിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.