29 September 2024, Sunday
KSFE Galaxy Chits Banner 2

മെഡിക്കല്‍ കോളജ് പരിസരത്തെ കിണറില്‍ ഇ കോളി ബാക്ടീരിയ: പരിശോധന ശക്തമാക്കും

Janayugom Webdesk
മഞ്ചേരി
September 5, 2024 9:26 pm

ഗവ. മെഡിക്കല്‍ കോളജിന് സമീപത്തെ കിണറില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ പരിശോധന ശക്തമാക്കാന്‍ ആരോഗ്യവകുപ്പ്. നഗരസഭ ചെയര്‍പേഴ്‌സന്‍ വി എം സുബൈദയുടെ അധ്യക്ഷതയില്‍ പൊതുജനാരോഗ്യ സമിതിയുടെ അടിയന്തിര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളജിന് സമീപത്തെ നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നഗരസഭ ആരോഗ്യവിഭാഗവും പരിശോധന നടത്തി. അത്യാഹിത വിഭാഗം റോഡിന് സമീപത്തെ ഹോട്ടലിലേക്കും കൂള്‍ബാറിലേക്കും വെള്ളം എടുക്കുന്ന കിണറ്റിലാണ് അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ലാബില്‍ നിന്നും പരിശോധന നടത്തിയ വെള്ളം മാത്രമെ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് പരിശോധന നടത്തി ഉറപ്പാക്കും. വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നതിനായി യു വി ഫില്‍റ്റര്‍ സ്ഥാപിക്കാനും ഉടമകളോട് നിര്‍ദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് ജ്യൂസുകളും മറ്റും തയ്യാറാക്കാനും നിര്‍ദേശം നല്‍കി. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കും.

ഡെങ്കിപ്പനി തടയുന്നതിനായി കൃഷിയിടങ്ങളിലും റബര്‍, കവുങ്ങ് തോട്ടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുന്നതിനായി കൃഷി ഓഫിസറെ യോഗം ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളജിലെ 10 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ഏതാനും ദിവസം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഒരേ സമയം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്കായിരുന്നു രോഗം. ഉറവിടം കണ്ടെത്താന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നിലവില്‍ 78 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഈ വര്‍ഷം 300ലധികം പേര്‍ക്ക് മഞ്ചേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. വി പി ഫിറോസ്, നഗരസഭ സെക്രട്ടറി എച്ച് സിമി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷീന ലാല്‍, ഡോ. സബിത, ഡോ. സജിന്‍ലാല്‍, സി വി ബിശ്വജിത്ത്, ഡോ. മുബഷിറ, ഡോ. കുഞ്ഞിമൊയ്തീന്‍, ഡോ. ഷാനവാസ്, കൃഷി ഫീല്‍ഡ് ഓഫിസര്‍ ബിന്ദ്യ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.