22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024

ആചാരപ്പെരുമയുടെ ‘ഓണവില്ല് ‘…

ശ്യാമ രാജീവ്
തിരുവനന്തപുരം
September 5, 2024 10:18 pm

ഓണക്കാലത്ത് കേരളത്തില്‍ മറ്റെവിടെയും കാണാത്ത ആചാരപ്പെരുമ അനന്തപുരിയില്‍ ഉണ്ട്, പള്ളിവില്ല് എന്ന ‘ഓണവില്ല് ‘. തലസ്ഥാനത്തിന്റെ ഓണാഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ചടങ്ങ് കൂടിയാണ് ഓണവില്ല് സമര്‍പ്പണം.
തിരുവോണ നാളില്‍ സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ കരമന, മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ അന്തിമഘട്ട മിനുക്കുപണിയിലാണ്. നൂറ്റാണ്ടുകളായി ഇവരാണ് ഓണവില്ല് നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നത്. ആര്‍ ബിന്‍കുമാര്‍ ആചാരിയാണ് ഈ തലമുറയിലെ വില്ല് സമര്‍പ്പണ കാരണവര്‍. സഹോദരങ്ങളായ ക്ഷേത്ര ശില്പി സുദര്‍ശന്‍ ആചാരി, ഉമേഷ് ആചാരി, സുലഭന്‍ ആചാരി, കാര്‍ത്തികേയന്‍ ആചാരി എന്നിവരും ഇളമുറക്കാരായ അനന്തപത്മനാഭന്‍, നിഖില്‍ മഹാദേവ്, പ്രണവ് ദേവ് എന്നിവരും ചേര്‍ന്ന എട്ടാമത്തെ തലമുറയാണ് ഇപ്പോള്‍ ഓണവില്ല് നിര്‍മ്മിക്കുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മിക്കുന്നത്. കടമ്പുവൃക്ഷം, മഹാഗണി എന്നിവയാണ് വില്ല് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷ്മി, ഭൂമീദേവി, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷിമാര്‍ തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും. ആറ് ജോഡി വില്ലുകളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ചാര്‍ത്തുന്നത്. വില്ലില്‍ ചുവന്ന ചരടും തുഞ്ചലവും കെട്ടും. ഇവ നിര്‍മ്മിക്കുന്നത് സെന്‍ട്രല്‍ ജയിലിലെ തടവുകാരാണ്. 

മിഥുന മാസാവസാനത്തിൽ ആരംഭിക്കും. തിരുവോണനാളില്‍ പുലര്‍ച്ചെയാണ് വില്ല് സമര്‍പ്പണം. ഓണവില്ല് എന്ന ആചാരപ്പെരുമയ്ക്ക് ക്ഷേത്രത്തോളം പഴക്കമുണ്ട്. പള്ളിവില്ലെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. പിന്നീട് വാമൊഴിയിലൂടെ വന്നു ചേര്‍ന്നതാണ് ഓണവില്ലെന്ന വാക്കെന്ന് ബിന്‍കുമാര്‍ ആചാരി പറഞ്ഞു.
മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു യാത്ര അയയ്ക്കും മുമ്പ്, വിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിച്ചുവെന്നും വിഷ്ണു, വിശ്വകര്‍മ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും അവതാര ചിത്രങ്ങള്‍ ഭഗവദ് സന്നിധിയില്‍വച്ച് മഹാബലിയെ വരച്ചുകാട്ടണമെന്ന് നിര്‍ദേശിച്ചെന്നുമാണ് വിശ്വാസം. അപ്രകാരം വിശ്വകര്‍മ്മ ദേവന്റെ പരമ്പരയില്‍പ്പെട്ടവര്‍ തിരുവോണ ദിവസം പത്മനാഭ സന്നിധിയില്‍ ഓണവില്ല് സമര്‍പ്പിക്കുന്നുവെന്നതാണ് ഐതിഹ്യം.
പ്രധാന ദേവനായ ശ്രീപത്മനാഭന്റെ ചിത്രം വരയ്ക്കുന്നത് 4.5 അടി നീളവും ആറ് ഇഞ്ച് വീതിയും അര ഇഞ്ച് കനവുമുള്ള പലകയിലാണ്. നരസിംഹ മൂര്‍ത്തി, ശ്രീരാമസ്വാമി, ശാസ്താവ്, ശ്രീകൃഷ്ണന്‍, വിനായകന്‍ എന്നീ ദേവന്മാരുടെ കഥകളാണ് മറ്റുവില്ലുകളില്‍ വരയ്ക്കുന്നത്. കളമെഴുത്തിനുള്ള പൊടിയാണ് വരയ്ക്കാനായി ഉപയോഗിക്കുന്നത്. ഇരുവശവും മഴവില്ലുപോലെ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് ഇവ വില്ല് എന്നറിയപ്പെടുന്നത്. ഓണവില്ലിന് 2011 ല്‍ ട്രേഡ് മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.