20 January 2026, Tuesday

Related news

September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025
September 5, 2025
September 5, 2025
September 5, 2025
September 4, 2025

ഇന്ന് അത്തം; ഇനി ഓണമേളം

ചില്ലോഗ് തോമസ് അച്ചുത്
തൃശൂര്‍
September 6, 2024 10:27 am

സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് ചിങ്ങമാസത്തിലെ അത്തം ആഘോഷിക്കും. പത്താംനാൾ തിരുവോണവും. ഇത്തവണ ചിങ്ങത്തിൽ രണ്ട്‌ തിരുവോണവും അത്തവുമുണ്ടെന്ന പ്രത്യേകതയുണ്ട്. വയനാട്‌ ദുരന്തം തീർത്ത പ്രതിസന്ധിയിലും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ്‌ മലയാളി. ഇന്നു മുതൽ ഇനി പത്തുദിനം വീ­ടു­കളിൽ പൂക്കളങ്ങൾ വിരിയും. 

ഓണമെത്തിയതോടെ വ്യാപാരവും തകൃതിയിലാണ്. വസ്‌ത്ര, പൂവിപണി ഇതിനകം തന്നെ സജീവമാണ്‌. ഗൃഹോപകരണങ്ങൾ മുതൽ തു­ണിത്തരങ്ങൾക്ക് വരെ പ്ര­ത്യേക ഓഫറുകളും സമ്മാന പദ്ധതികളുമായി കമ്പനികളും രംഗത്തെത്തിക്കഴിഞ്ഞു. പ്രത്യേക വിലക്കിഴിവുകളുമായി ഖാദിമേളകളും ഹാൻടെക്സുകളോടൊപ്പം സ­പ്ലൈകോ വിപണികളും നാളെ മുതൽ സജീവമാകും. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ പുതിയ ഇനം തുണിത്തരങ്ങളുടെ ശേഖരം എത്തിക്കഴിഞ്ഞു. നഗരങ്ങളിലെ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ തിരക്കാരംഭിച്ചു.

ഇതോടൊപ്പം തെരുവോര കച്ചവടവുമായി ഇതര സംസ്ഥാനക്കാരും ഓണവിപണിയില്‍ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. വഴിയോരം കൈയ്യടക്കി വിവിധതരം ഷർട്ടുകൾ, ടീ ഷർട്ടുകൾ, പാന്റ് മുണ്ടുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ വിലക്കുറവിൽ വിൽപ്പന നടത്തുന്നുണ്ട്.
പൂവ്, പച്ചക്കറി, പലചരക്ക് വിപണികളെല്ലാം തിരക്കിലായി. ജില്ലയില്‍ കൃഷിവകുപ്പിന്റെ 181ഓണച്ചന്തകൾ 11ന് ആരംഭിക്കും. കണ്‍സ്യുമർഫെഡിന്റെ 143 വിപണികള്‍ നാളെ മുതല്‍ ആരംഭിക്കും. കുടുംബശ്രീയുടെ 186 വിപണികളും സജീവമാകുന്നതോടെ ഈ ഓണം ജനത്തിന് ആഘോഷിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 

ഓണ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനെത്തുന്ന മറുനാടൻ പൂവില്പനക്കാരും റോഡരികിൽ സജീവമാണ്. കേരളത്തിലെ വ്യാപാരികളും ഇത്തരം പൂ വില്‍പ്പനകാരും തമ്മില്‍ അസ്വാരസ്യങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് മുതല്‍ കച്ചവടം തകൃതിയാകുമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും.
കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പച്ചക്കറി വില കുറഞ്ഞതായി കച്ചവടക്കാർ പറയുന്നുണ്ട്. ത­ക്കാളിക്ക് മൊത്തവില 30 രൂപയും ചില്ലറ വില്പനവില 35–40 വരെയുമാണ്. ബീൻസ് 30- 40, വെണ്ട 20–30, ക്യാരറ്റ് 50–60, ബീറ്റ്റൂട്ട് 50–60, സവാള 50–55, ഉള്ളി 50–90 എന്നിങ്ങനെയാണ് വില. കൂടാതെ ഓണം കളറാക്കാൻ ഇത്തവണ നഗരത്തില്‍ സര്‍ക്കസും എത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.