21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024
November 17, 2024

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിധി നാളെ

Janayugom Webdesk
കൊല്ലം
September 11, 2024 8:51 pm

ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാളെ വിധി പറയും. തുടർ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് അഡീഷനൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് വിധി പറയുന്നത്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), ഭാര്യ എം ആർ അനിതകുമാരി എന്നിവരുടെ ജാമ്യാപേക്ഷയിലും വിധിയുണ്ടാകും. മൂന്നാം പ്രതിയും ഇവരുടെ മകളുമായ അനുപമയ്ക്ക് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അന്വേഷണം തൃപ്തികരമല്ലെന്ന കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിനെ നിയോഗിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്തും. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നു. എന്നാല്‍ അന്വേഷണം മൂന്നു പേരിൽ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്.

പ്രതികള്‍ക്ക് ജാമ്യം നൽകിയാൽ കേസ് വൈകിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയേക്കുമെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും പ്രോസിക്യൂഷൻ ഉന്നയിച്ചു. മൂന്നാം പ്രതിയായ മകൾ അനുപമ ഒറ്റയ്ക്കാണെന്നും മകളെ നോക്കാനായി ജാമ്യം വേണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇക്കാരണത്താൽ ജാമ്യം കൊടുക്കേണ്ടതില്ലെന്നും പഠനാവശ്യത്തിനായി മൂന്നാം പ്രതിക്കു ജാമ്യം നൽകിയ കോടതിയെയാണ് സമീപിക്കേണ്ടതെന്നും പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ വിചാരണ നടത്തുന്നതാണുചിതമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാല്‍ തുടർ അന്വേഷണം വിചാരണ നടപടികൾ വൈകിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും പ്രതികൾ അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകരുതെന്നും പ്രതിഭാഗം വാദിച്ചു.
എന്നാല്‍ തുടരന്വേഷണത്തിൽ പ്രതിഭാഗത്തിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻ രാജ് കോടതിയെ അറിയിച്ചു.

കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ പുളിയറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.