19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 18, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 13, 2024
September 13, 2024
September 12, 2024
September 12, 2024

പ്രിയസഖാവിന് വിട

Janayugom Webdesk
September 13, 2024 5:00 am

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യാനന്തരം ദേശീയ ഐക്യത്തെയും പ്രോജ്വലിപ്പിച്ച വീരതെലങ്കാനയുടെ മണ്ണ് ദേശീയ രാഷ്ട്രീയത്തിന് സംഭാവന നൽകിയ പോരാളിയാണ് സീതാറാം യെച്ചൂരി. ഹൈദരാബാദിലെ ബാല്യ കൗമാരങ്ങൾക്കിടെ പഠനത്തിൽ മികവ് കാട്ടിയ അദ്ദേഹം സിബിഎസ്ഇ പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിയായിരുന്നു. സ്വദേശമായ ഹൈദരാബാദിലെ ഉന്നത പഠനത്തിലും ആ മികവ് തുടർന്നു. അതിനിടയിൽ പഠനത്തോടൊപ്പം സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായി. 1969ൽ ഡൽഹിയിലെത്തിയ അദ്ദേഹം അവിടെയും പഠന മികവിനൊപ്പം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി. 1974ൽ വിഖ്യാത വിദ്യാഭ്യാസ സ്ഥാപനമായ ജവഹർലാൽനെഹ്രു സർവകലാശാലയിലെ വിദ്യാർത്ഥിയായിരിക്കെയാണ് എസ്എഫ്ഐയുടെ പ്രവർത്തകനാകുന്നത്. 1974ലാണ് എസ്എഫ്ഐ അംഗമായത്. വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ കഴിഞ്ഞു. അതിനിടെ 1975ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യതലസ്ഥാനത്തെ പ്രമുഖ ഇടതുപക്ഷ കാമ്പസായിരുന്ന ജെഎൻയുവിന്റെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ൽ എസ്എഫ്ഐ ജോയിന്റ് സെക്രട്ടറിയും തുടർന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രവർത്തനങ്ങൾക്കിടയിലെ ഒളിവുജീവിതവും അറസ്റ്റും കാരണം ജെഎൻയുവിലെ ഗവേഷണ പ്രവർത്തനം മുഴുമിപ്പിക്കാനാകാതെ പോയ വിദ്യാർത്ഥി കൂടിയായിരുന്നു യെച്ചൂരി.
ഇന്ത്യയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുഷ്കല കാലത്ത് രാജ്യവ്യാപകമായി സഞ്ചരിച്ച് സംഘാടനവും സമരങ്ങളും ഏറ്റെടുത്ത അദ്ദേഹം പെട്ടെന്ന് തന്നെ സിപിഐ(എം) നേതൃനിരയിലുമെത്തി. 1975ൽ പാർട്ടി അംഗമായ യെച്ചൂരി 1985ൽ കേന്ദ്ര കമ്മിറ്റി അംഗമായി. 

സിപിഐ(എം) സ്ഥാപക നേതാക്കളാക്കൾക്കൊപ്പമായിരുന്നു അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിച്ചത്. 1992ൽ പൊളിറ്റ്ബ്യൂറോയിലും അംഗമായി. 1990കൾക്കുശേഷം രാജ്യം നിർണായകമായ രാഷ്ട്രീയ സന്ധികളിലെത്തിയപ്പോൾ മുതിർന്ന നേതാക്കളുടെ കൂടെ അതിന്റെ ഭാഗഭാക്കായി അദ്ദേഹം നിലകൊണ്ടു. രാജ്യത്തെ വർഗീയമായി ധ്രുവീകരിക്കാനും സാമുദായികമായി വിഭജിക്കുവാനുമുള്ള തീവ്ര വലതുപക്ഷ ശക്തികളുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂടിയ ഘട്ടമായിരുന്നു അത്. 1996ലും 2004ലും ഐക്യമുന്നണി, യുപിഎ സർക്കാരുകളുടെ രൂപീകരണത്തിലും നയങ്ങൾ ക്രോഡീകരിക്കുന്നതിലും യെച്ചൂരിയുടെ കയ്യൊപ്പുണ്ടായിരുന്നു. ആ സർക്കാരുകളുടെ സുഗമമായ മുന്നോട്ടുപോക്കിന് പങ്കുവഹിച്ച നേതാക്കളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഇരിപ്പിടം മുന്നിൽത്തന്നെയായിരുന്നു. 2005മുതൽ 2017 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം ശ്രദ്ധേയനായ പാർലമെന്റേറിയനുമായി. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിലും പുറത്ത് പ്രക്ഷോഭങ്ങൾ വളർത്തുന്നതിലും നിർണായകമായ ഉത്തരവാദിത്തമാണ് വഹിച്ചത്. വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരായ ദേശവ്യാപക പോരാട്ടങ്ങളെ സമാനസ്വഭാവമുള്ള കക്ഷികളുമായി ചേർന്ന് നയിക്കുന്നതിലും യെച്ചൂരിയുടെ പങ്ക് നിസ്തുലമായിരുന്നു. രാജ്യത്താകെയുള്ള അവശജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളിൽ പ്രാദേശിക വ്യത്യാസങ്ങളില്ലാതെയെത്തി അദ്ദേഹം പങ്കുചേർന്നു. വർഗീയ കലാപങ്ങൾ കലുഷമാക്കിയ സംസ്ഥാനങ്ങളിലും വിഘടനവാദം രൂക്ഷമായ ഇടങ്ങളിലും എത്തി ജനങ്ങളുടെ പ്രശ്നങ്ങളെ അദ്ദേഹം തന്റേത് കൂടിയാക്കി ഏറ്റെടുത്തു. 

രാജ്യത്തെ കമ്മ്യൂണിസ്റ്റ് — ഇടത് പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള വെല്ലുവിളികൾ കൂടുതൽ രൂക്ഷമായ ഘട്ടത്തിലായിരുന്നു 2015ൽ സീതാറാം സിപിഐ(എം) ജനറൽ സെക്രട്ടറിയാകുന്നത്. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും വർഗീയതയും ജനവിരുദ്ധ നയങ്ങളും മുഖമുദ്രയാക്കിയ ബിജെപി അധികാരത്തിലെത്തിയ ഘട്ടം കൂടിയായിരുന്നു അത്. അതുകൊണ്ട് ഇടതു പ്രസ്ഥാനങ്ങൾക്ക് മുന്നിലുള്ള ഉത്തരവാദിത്തങ്ങൾ കൂടുതൽ വിപുലമായി. ഇടത് മതേതര പ്രസ്ഥാനങ്ങളുടെ യോജിച്ച വേദിയും പോരാട്ടങ്ങളും അനിവാര്യമായപ്പോൾ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടുകളുടെ ഫലമായി ചില പ്രതിബന്ധങ്ങളുണ്ടായെങ്കിലും രാജ്യത്തിന്റെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടങ്ങളെ നയിക്കുന്നതിൽ അദ്ദേഹം ഉറച്ചുനിന്നു. മതനിരപേക്ഷ ശക്തികളുടെ യോജിച്ച പ്രസ്ഥാനത്തിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന നിലപാടുമായി വ്യത്യസ്തമായ രാഷ്ട്രീയ ചിന്തകളും പലതരം നിലപാടുകളുമുള്ള കക്ഷികളെ യോജിപ്പിക്കുകയെന്ന ദൗത്യത്തിലും അദ്ദേഹം പങ്കാളിയായി. അത്തരം പ്രായോഗിക നിലപാടുകൾ സ്വീകരിക്കുവാനും ജനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകാനും ശ്രമിച്ചിരുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. പുതിയകാലത്തെ വെല്ലുവിളികളെ നേരിടുന്നതിനുള്ള കരുത്താർന്ന പോരാട്ടങ്ങളും യോജിപ്പുകളും കൂടുതൽ അനിവാര്യമായ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. വിട, പ്രിയസഖാവേ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.