15 December 2025, Monday

Related news

December 6, 2025
December 5, 2025
December 5, 2025
November 30, 2025
November 16, 2025
November 13, 2025
November 13, 2025
October 24, 2025
October 23, 2025
October 9, 2025

ദേശീയപാത പൊട്ടിപൊളിഞ്ഞ് അപകടഭീഷണിയിൽ

Janayugom Webdesk
അമ്പലപ്പുഴ
September 13, 2024 6:18 pm

മാവേലിയെ കാത്തിരിക്കുന്നത് തകർന്ന റോഡുകൾ. ദേശീയ പാത മുൻപെങ്ങുമില്ലാത്ത തരത്തിൽ തകർന്നതോടെ ദേശീയ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ നടുവൊടിയുകയാണ്. ഓരോ ദിവസവും റോഡിലെ കുഴികളുടെ എണ്ണം പെരുകി വരുകയാണ്. കഴിഞ്ഞ ഏതാനും മാസമായി ഉണ്ടായ കനത്ത മഴയിൽ ദേശീയ പാതയിൽ എല്ലായിടത്തും റോഡ് തകർന്നു കിടക്കുകയാണ്. കുഴികൾ വലിയ ഗർത്തമായി മാറിയതോടെ പരാതി വ്യാപകമായതിനെത്തുടർന്ന് ചിലയിടങ്ങളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ ഏതാനും ആഴ്ച മുൻപ് നടത്തിയിരുന്നു. എന്നാൽ മഴയിൽ മണിക്കൂറുകൾക്കകം ഇത് ഒലിച്ചുപോയി. തുടർച്ചയായുള്ള മഴയിൽ ദേശീയ പാതയിലെല്ലാം വലിയ കുഴികൾ രൂപപ്പെട്ടതോടെ മണിക്കൂറുകൾ നീണ്ട അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. 

ഇപ്പോൾ ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് വീണ്ടും വർധിച്ചു. ഇതോടൊപ്പം കുഴിയിൽ വീണ് ചെറുതും വലുതുമായ വാഹനാപകടങ്ങളും പതിവാണ്. ഇരു ചക്ര വാഹനക്കാരാണ് കൂടുതൽ ദുരിതത്തിലാകുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നതും നിത്യ സംഭവമായിരിക്കുകയാണ്. മുൻ കാലങ്ങളിൽ കാലവർഷാരംഭത്തിന് മുൻപ് ദേശീയ പാതയിൽ കുഴികളെല്ലാം അടച്ച് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ സാമ്പത്തിക പ്രതി സന്ധിയെത്തുടർന്ന് അറ്റകുറ്റപ്പണി നടന്നില്ല. കൂടാതെ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി റോഡ് പൊളിച്ചതും നാട്ടുകാരുടെയും യാത്രക്കാരുടെയും നടുവൊടിച്ചിരിക്കുകയാണ്. ഇപ്പോൾ റോഡിൽ ടാറുകൾക്ക് പകരം മെറ്റിലുകൾ മാത്രമാണുള്ളത്. മെറ്റിലുകൾ ഇളകിയതോടെ റോഡിൽ ആഴമേറിയ കുഴികളാണ് രൂപപ്പെടുന്നത്. രാത്രി കാലങ്ങളിൽ ഈ കുഴികളിൽ വീണ് ഇരുചക്ര വാഹനക്കാരുടെ നടുവൊടിയുന്നതും പതിവാണ്. ഇനി മഴ പൂർണമായി മാറുന്നതു വരെ യാത്രക്കാരുടെ ഈ ദുരിതം തുടരാനാണ് സാധ്യത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.