23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 14, 2024
September 11, 2024
August 22, 2024
August 14, 2024
July 20, 2024
July 8, 2024
July 7, 2024
February 9, 2024
January 7, 2024

ആദായകരം കച്ചോലം കൃഷി

വിഷ്ണു എസ്‌ പി
ഫാം ഇൻഫർമേഷൻ ഓഫിസ്
September 14, 2024 12:33 pm

നിലത്തുപറ്റി വളരുന്നതും ഇഞ്ചിവർഗത്തിൽപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം. ഇരുണ്ട പച്ചനിറമുളള ഇലകളും വെളുത്ത പൂക്കളുമുളള കച്ചോലത്തിന്റെ കിഴങ്ങുകൾ ഔഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. വേരിൽ നിന്നുണ്ടാക്കുന്ന എണ്ണ ഉപയോഗിച്ച് ധാരാളം മരുന്നുകളും ഉണ്ടാക്കുന്നുണ്ട്. വേരിൽ നിന്നും കിട്ടുന്ന തൈലം ദഹനക്കുറവ്, പനി, വയറുവേദന എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ച്യവനപ്രാശം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു പ്രധാന ചേരുവകൂടിയാണ് കച്ചോലം. ഇത് ഒരു ഉത്തേജകമായിട്ടും, വേദനസംഹാരിയായിട്ടും ഉപയോഗിക്കാറുണ്ട്. വിവിധ ആയുർവേദ ഔഷധ നിർമ്മാതാക്കൾക്ക് നിരന്തരം ആവശ്യമുളള കച്ചോലത്തിന് വിപണി സാധ്യത ഏറെയാണ്. ഇന്ത്യ, ചൈന, തായ്‌വാൻ, കംബോഡിയ എന്നിവിടങ്ങളിലാണ് കച്ചോലത്തിന്റെ പ്രധാന കൃഷി. വ്യാവസായികാടിസ്ഥാനത്തിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഇത് കൃഷി ചെയ്യാറുണ്ട്. 

കാംഫീറിയ ഗലംഗ എന്ന ശാസ്തീയ നാമത്തിൽ അറിയപ്പെടുന്ന കച്ചോലം മരുന്നിനായി തന്നെയാണ് പല രാജ്യങ്ങളിലും നട്ടുവളർത്തുന്നത്. ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നതുപോലെതന്നെയാണ് കച്ചോലത്തിന്റെയും കൃഷി രീതി. നമ്മുടെ കാലാവസ്ഥയിൽ ഏതു മണ്ണിലും ഇതു വളർത്താം. തെങ്ങിൻ തോപ്പിലും റബ്ബർ തോട്ടങ്ങളിലും ഇടവിളയായും കച്ചോലം ആദായകരമായി കൃഷി ചെയ്യാം. കച്ചോലത്തിൽ പ്രധാനമായും കസ്തൂരി, രജനി എന്നിങ്ങനെ രണ്ടിനങ്ങളാണുളളത്. അത്യുല്പാദനശേഷിയുളള കസ്തൂരിഇനം സുഗന്ധലേപനങ്ങളിലും ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. രജനി എന്ന ഇനം പ്രധാനമായും ഔഷധച്ചേരുവയായാണ് ഉപയോഗിക്കുന്നത്.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന കച്ചോലത്തിന് നല്ല നീർവാർച്ചയുളള മണ്ണാണ് വേണ്ടത്. ഉയർന്ന തടങ്ങളെടുത്ത് അതിലാണ് കച്ചോലത്തിന്റെ കിഴങ്ങുകൾ നടേണ്ടത്. നല്ല വിത്തുകിഴങ്ങുകൾ മുമ്പേതന്നെ തണലുളള പ്രദേശത്തോ, കുഴികളിലോ സംഭരിച്ചു വയ്ക്കാവുന്നതാണ്. പുതിയ വിളയിറക്കുന്നതിന് രണ്ടാഴ്ച മുമ്പായി വിത്തുകിഴങ്ങുകൾ പുകകൊളളിക്കുന്ന രീതിയും ഉണ്ട്. മാർച്ച്-ഏപ്രിൽ മാസത്തോടടുത്ത് നിലമൊരുക്കിയിട്ടശേഷം മേയ്‌മാസം പുതുമഴ ലഭിക്കുമ്പോൾ കിഴങ്ങുകൾ നടാം. കിഴങ്ങുകൾ മൊത്തമായോ മുറിച്ചോ ആണ് ചെറുകുഴികളിൽ നടേണ്ടത്. കിഴങ്ങുകൾ നടുന്നതിനു മുമ്പ് സ്യൂഡോമോണാസ് ലായനിയിലോ പച്ചചാണകം കലക്കിയതിലോ മുക്കിയതിനുശേഷം തണലത്തുണക്കിയെടുക്കണം.
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി മിശ്രിതം വാരങ്ങളിലിട്ട് മൂടിയാൽ മണ്ണിലൂടെ പകരുന്ന പൂപ്പൽ രോഗങ്ങൾ, ചീയൽ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാം. പാകുന്ന കിഴങ്ങുകളുടെ മുകുളങ്ങൾ മുകളിലേക്കായിരിക്കാൻ പ്രത്യേകം ശദ്ധിക്കണം. നന്നായി അടിവളം ചേർത്തുവേണം കിഴങ്ങുകൾ നടേണ്ടത്. നട്ടശേഷം പുതയിടീൽ നടത്താം. രണ്ടാം മാസവും നാലാം മാസവും വീണ്ടും നല്ല രീതിയിൽ മേൽവളം ചേർത്ത്, കളനീക്കം ചെയ്ത് മണ്ണു കൂട്ടിക്കൊടുക്കണം. ഇടയ്ക്ക് പച്ചച്ചാണകം വെളളത്തിൽ കലക്കി ചെടികളിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. കിഴങ്ങുകൾ വേരുപിടിച്ച് ഇലകൾ പൊട്ടി വിരിയുന്നതുവരെ വാരങ്ങളിൽ നനവ് ആവശ്യമാണ്. എന്നാൽ മഴക്കാലത്ത് കൃഷിയിടത്തിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. 

നട്ട് ഏകദേശം ഏഴ് മാസംകൊണ്ട് കച്ചോലം വിളവെടുക്കാം. ഇലകൾ ഉണങ്ങാൻ തുടങ്ങിയാൽ ചുവട്ടിലെ കിഴങ്ങുകൾക്കു കേടുപറ്റാതെ ഇളക്കി ഇലയും വേരുകളും നീക്കി മൂർച്ചയുളള കത്തികൊണ്ട് വട്ടത്തിൽ ഒരേ കനത്തിൽ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. ഇവ വൃത്തിയുളളിടത്ത് ഒരേകനത്തിൽ നിരത്തി 4 ദിവസം ഉണക്കണം. തുടർന്ന് വൃത്തിയാക്കി ചാക്കുകളിലാക്കി ഈർപ്പം തട്ടാതെ സൂക്ഷിക്കാം. സംസ്കരിച്ച കച്ചോലത്തിന് നാട്ടിലും വിദേശത്തും നല്ല ഡിമാൻഡാണ്. കിഴങ്ങുകളുടെ ദീഘകാലത്തേക്കുളള ശേഖരണം കീടങ്ങളുടെയും ഫംഗസിന്റെയും മറ്റും ആക്രമണത്തിന് കാരണമാകുമെന്നതിനാൽ എത്രയും വേഗം തന്നെ വിപണിയിലെത്തിക്കണം. കിഴങ്ങുകൾക്കു പുറമേ ഇവയുടെ ഇലകളും സൗന്ദര്യവർധക വസ്തുക്കളിലും ഹെർബൽ പൗഡറുകളിലും സുഗന്ധം നൽകുന്നതിന് ഉപയോഗിക്കാറുണ്ട്. വളരെയധികം വാണിജ്യപ്രാധാന്യമുളള കച്ചോലം അധികം മുതൽമുടക്കില്ലാതെ നമ്മുടെ കർഷകർക്ക് കൃഷി ചെയ്യാൻ പറ്റിയ ഒരു വിളകൂടിയാണ്. കിലോയ്ക്ക് 350 മുതൽ 450 രൂപ വരെ വിലകിട്ടുന്ന കച്ചോലം എന്നും ഒരു ആദായ വിളതന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.