സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി ജ്വലിക്കുന്ന ഓര്‍മ്മ. അടിയന്തരാവസ്ഥ മുതലിങ്ങോട്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയ തീച്ചൂളയില്‍ സ്ഫുടം ചെയ്ത വിപ്ലവപുത്രന് ഇന്നലെ രാവിലെ മുതല്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പൗരാവലി ജനമനസുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായി തുടരുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ആശയച്ചോര്‍ച്ച വരാതെ കൈകാര്യം ചെയ്ത നേതാവിനെ കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നല്ല വാക്കുകളുടെ വാചാലത മാത്രം.
യെച്ചൂരിയെ അവസാനമായി ഒരിക്കല്‍കൂടി കാണാന്‍ വന്‍ ജനാവലിയാണ് എകെജി ഭവനിലേക്ക് ഒഴുകിയത്. രാവിലെ മുതല്‍ മൃതദേഹം ഇവിടെനിന്നും എടുക്കുന്ന സമയംവരെ ഇടതടവില്ലാതെ ഇത് തുടര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാവിന് ഹൃദയത്തില്‍ നിന്നും അന്തിമാഭിവാദ്യം നേര്‍ന്നതോടെ മുദ്രാവാക്യങ്ങള്‍ മലയാളത്തിലും ഹിന്ദിയിലും ബംഗാളിയിലും പഞ്ചാബിയിലും മുഴങ്ങി. വിപ്ലവ തീജ്വാല പകര്‍ന്നു നല്‍കിയ നേതാവിന് അന്തിമമായി യാത്ര പറയുമ്പോള്‍, വിപ്ലവ വികാരം ആകാശത്തെ കീറിമുറിച്ച് മുഷ്ടിയായി അന്തരീക്ഷത്തിലേക്ക് ഉയരുമ്പോള്‍ അവരെല്ലാം മന്ത്രിച്ചു, യെച്ചൂരി അമര്‍ രഹേ.
വസന്ത്കുഞ്ചിലെ വസതിയില്‍ നിന്നും ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹം പാര്‍ട്ടി ദേശീയ ആസ്ഥാനമായ എകെജി ഭവനില്‍ എത്തിച്ചത്.
നേതാക്കളായ വൃന്ദാ കാരാട്ടും എം എ ബേബിയും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചു. എകെജി ഭവനില്‍ പി ബി അംഗങ്ങളും മറ്റ് നേതാക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. പാര്‍ട്ടി പതാക പുതപ്പിച്ച ഭൗതിക ശരീരത്തില്‍ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള സാധാരണക്കാരും അന്തിമോപചാരം അര്‍പ്പിച്ചു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, നേതാക്കളായ പല്ലബ് സെന്‍ ഗുപ്ത, ആനി രാജ, ഡോ. ബാല്‍ചന്ദ്ര കാംഗോ, പി സന്തോഷ് കുമാര്‍ എംപി, പി പി സുനീർ എംപി, രാമകൃഷ്ണ പാണ്ഡ, പി പ്രസാദ് തുടങ്ങിയവര്‍ ഇന്നലെ എകെജി ഭവനില്‍ എത്തി പ്രിയ സഖാവിന് പുഷ്പചക്രം അര്‍പ്പിച്ചു. യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷത്തിന്റെ നഷ്ടമെന്നും ഈ വിടവ് നികത്താന്‍ ആകില്ലെന്നും ഡി രാജ വ്യക്തമാക്കി. എകെജി ഭവനില്‍ മുഴുനീളക്കാരനായി ചടങ്ങില്‍ തുടര്‍ന്ന രാജ അശോകാ റോഡില്‍ നിന്നും യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറാന്‍ ആംബുലന്‍സ് തിരിക്കും വരെ സജീവ സാന്നിധ്യമായി. രാജയ്ക്കൊപ്പം സിപിഐ നേതാക്കളും പ്രവര്‍ത്തകരും യെച്ചൂരിയുടെ അന്തിമോപചാര ചടങ്ങുകളില്‍ സജീവമായി അണിചേര്‍ന്നു.
കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, എസ്‍പി നേതാവ് അഖിലേഷ് യാദവ്, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എകെജി ഭവനിലെത്തി. ക്യൂബന്‍, സിറിയന്‍, ചൈനീസ്, പലസ്തീന്‍ നയതന്ത്ര പ്രതിനിധികളും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ ഉള്‍പ്പെടെയുള്ള വിദേശ പ്രതിനിധികളും യെച്ചൂരിക്ക് അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ എകെജി ഭവനിലേക്ക് എത്തി.
കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാരും സിപിഐ(എം) നേതാക്കളും അന്ത്യാഞ്ജലി നേര്‍ന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ പൊതുദര്‍ശനം അവസാനിപ്പിച്ച് യെച്ചൂരിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് വിലാപയാത്രയായി വിപ്ലവനായകന് ഡല്‍ഹി വിടനല്‍കി. എകെജി ഭവനില്‍ നിന്നും മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് ആയിരങ്ങള്‍ അണിനിരന്നു. സിപിഐ (എം) മുന്‍ ഓഫിസായിരുന്ന അശോകാ റോഡിലെ 14-ാം നമ്പര്‍ വസതിവരെ ആംബുലന്‍സിനൊപ്പമുള്ള വിലാപയാത്ര നീണ്ടു. ഇവിടെ നിന്നും മൃതദേഹവും വഹിച്ചുള്ള ആബുലന്‍സ് അഞ്ചു മണിയോടെ എയിംസില്‍ എത്തിച്ചേര്‍ന്നു. യെച്ചൂരിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം എയിംസ് അധികൃതര്‍ ഏറ്റുവാങ്ങി. 2021ല്‍ അന്തരിച്ച യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരിയുടെ മൃതദേഹവും പഠനത്തിനായി എയിംസിന് കൈമാറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.