22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 17, 2024
September 16, 2024
August 31, 2022
July 20, 2022
July 18, 2022
July 18, 2022
April 27, 2022
April 9, 2022
March 8, 2022
March 5, 2022

മധ്യയൂറോപ്പിൽ പ്രളയം കനക്കുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

Janayugom Webdesk
പ്രാഗ്
September 17, 2024 10:18 am

ഒരാഴ്ചയായി തുടരുന്ന പെരുമഴയെത്തുടർന്ന് മധ്യയൂറോപ്പിലുണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ‍്‍ലൊവാക്യ, റുമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി കനത്ത നാശം വിതച്ചത്. 2 പതിറ്റാണ്ടിനിടെ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിർത്തിയിലെ നദികളിൽ ജലനിരപ്പ് അപകടരേഖ കടന്നു. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി. പോളണ്ടിൽ 5 പേർ മരിച്ചു. 4 പ്രവിശ്യകളിലെ 420 സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. 

പകുതിയോളം നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശുദ്ധജലക്ഷാമവും രൂക്ഷം. ന്യാസ നഗരത്തിൽ ഒരു ആശുപത്രി പൂർണമായി ഒഴിപ്പിച്ചു. 1,30,000 പേർ താമസിക്കുന്ന ഓപോളിലും 6,40,000 പേർ പാർക്കുന്ന റൊക്‌ലോ നഗരത്തിലും പ്രളയഭീഷണിയുണ്ട്. പ്രതിസന്ധി ചർച്ചചെയ്യാൻ സർക്കാർ അടിയന്തര യോഗം ചേർന്നു ചെക്ക് റിപ്പബ്ലിക്കിൽ മാത്രം 12,000 പേരെ ഒഴിപ്പിച്ചു. ചെക്ക് നഗരമായ ജെസെനിക്കും ലിറ്റോവലും ഏറക്കുറെ മുങ്ങി. മൊറാവ നദി നിറഞ്ഞൊഴുകിയതിനെത്തുടർന്ന് 70% പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിത്തുടങ്ങിയപ്പോൾ നിരത്തുകൾ തകർന്ന കാറുകളുടെ ശവപ്പറമ്പായി. ഒസ്ട്രാവ നഗരത്തിൽ ഊർജ നിലയങ്ങളും കെമിക്കൽ പ്ലാന്റുകളും അടച്ചിട്ടു. വീടുകളിൽ വൈദ്യുതി നിലച്ചു. റുമാനിയയിൽ 6 പേർ മരിച്ചു. ഓസ്ട്രിയയിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ഹംഗറിയിൽ ഡാന്യൂബ് നദിയും കരകവിഞ്ഞൊഴുകുകയാണ്. 12,000 സൈനികരെ അടിയന്തര സഹായത്തിനായി ബുഡാപെസ്റ്റിൽ സജ്ജരാക്കിയിട്ടുണ്ട്. സ്‌ലൊവാക്യയുടെ തലസ്ഥാനനഗരമായ ബ്രാറ്റിസ്ലാവയും പ്രളയഭീഷണിയിലാണ്. ഓസ്ട്രിയയിൽ മഴ തെല്ലു ശമിച്ചെങ്കിലും വീണ്ടും കനത്തേക്കുമെന്ന സൂചനയിൽ മുൻകരുതൽ നടപടികൾ തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.