17 December 2025, Wednesday

Related news

November 5, 2025
July 21, 2025
February 15, 2025
September 18, 2024
December 15, 2023
September 5, 2023
August 1, 2023
May 2, 2023
March 8, 2023
February 16, 2023

മലയാളം മിഷൻ; ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രസ്ഥാനം; മന്ത്രി സജി ചെറിയാൻ

Janayugom Webdesk
അബുദാബി
September 18, 2024 8:20 am

ലോകത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഐക്യ പ്രസ്ഥാനമാണ് അൻപതിലേറെ രാജ്യങ്ങളിലായി മലയാളി കൂട്ടായ്മകൾ നടത്തിക്കൊണ്ടിരിക്കുന്ന മലയാളം മിഷൻ പ്രവർത്തനമെന്ന് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്തോ യുഎഇ സമന്വയ സാംസ്കാരിക വർഷാചരണവും മലയാളം മിഷൻ പ്രവേശനോത്സവവും ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കാൻ ‘വായനാടിനൊരു ഡോളർ’ എന്ന പദ്ധതിയിലൂടെ സമാഹരിച്ചത് കേരളത്തിലെ മുഴുവൻ സാംസ്കാരിക പ്രസ്ഥാനങ്ങൾ സമാഹരിച്ച തുകയുടെ പകുതിയിലേറെയായിരുന്നു എന്നത് ഈ കൂട്ടായ്മയുടെ ത്താണ് വെളിവാക്കുന്നത്.

ലോകത്ത് തന്നെ മാതൃഭാഷയ്ക്ക് വേണ്ടി സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതിയില്ല. ലോകത്തുള്ള മലയാളികളായ കുഞ്ഞുങ്ങളെ വ്യക്തിത്വവികസനമുള്ളവരായി മാറ്റിയെടുക്കാൻ മലയാളം മിഷന്റെ കീഴിൽ ‘ബാലകേരളം’ എന്നൊരു പദ്ധതിക്ക് രൂപം നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സാംസ്കാരിക വകുപ്പ്. ഏതൊരു ജോലിയും സത്യസന്ധതയോടെയും, ആത്മാര്ഥതയോടെയും ഏല്പിക്കാൻ കഴിയുന്ന വിശ്വസിക്കാൻ കഴിയുന്ന ഒരു സമൂഹമാണ് മലയാളികളെന്ന് ഇവിടുത്തെ അറബി സമൂഹത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് ഏറെ അഭിമാനമുണ്ട്. വയനാട്ടിലെ പ്രകൃതി ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കുവാനും സമാശ്വസിക്കുവാനും സാന്ത്വനമേകുവാനും സഹായഹസ്തവുമായി നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയ ആയിരക്കണക്കിന് മലയാളികൾ ലോകത്തിനു തന്നെ മാതൃകയായിരുന്നു. 

ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡിനെ അതിജീവിച്ച ഒരേയൊരു സംസ്ഥാനമായ കേരളം പ്രളയകാലത്ത് നാടിനെ വീണ്ടെടുക്കാൻ കാണിച്ച പരിശ്രമം ലോകത്തിനു മാതൃകയാണ്. ഫിഷറീസ്, യുവജനക്ഷേമ വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാൻ അഭിപ്രായപ്പെട്ടു. തുടർന്ന് മലയാളം മിഷൻ പ്രവേശനോത്സവവും രണ്ടാമത് ഇൻഡോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണവും സെന്റർ വനിതാവിഭാഗം പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ ഡോ. എം. ടി. ശശി, മലയാളം മിഷൻ അബുദാബി ചെയർമാൻ സൂരജ് പ്രഭാകർ, യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവാഹാജി, സെന്റർ വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ അഞ്ച് വര്ഷം പൂർത്തിയാക്കിയ അധ്യാപകരെ മന്ത്രി ആദരിച്ചു. സുഗതാഞ്ജലി ചാപ്റ്റർ തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് സെന്റർ വനിതാവിഭാഗവും മലയാളം മിഷൻ വിദ്യാർത്ഥികളും ചേർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ ആക്ടിങ്ങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.