പാളയത്തെ നൂറ്റാണ്ട് പഴക്കമുള്ള കണ്ണിമേറ മാര്‍ക്കറ്റ് അടുത്ത മാസം പൊളിക്കും. മാര്‍ക്കറ്റിന്റെ നവീകരണത്തിന്റെ ഭാഗമായി ഇവിടെയുള്ള വ്യാപാരികളെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതിനായി ബേക്കറി ജങ്ഷൻ — പാളയം റോഡിന് സമീപത്തായി സ്ഥാപിച്ച പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍ സജ്ജമായി. ചരിത്രപ്രാധാന്യമുള്ളതിനാല്‍ മാര്‍ക്കറ്റിന്റെ കവാടം അതുപോലെ നിലനിറുത്തിയാകും നവീകരണം. രണ്ടാഴ്‍ചയ്ക്കുള്ളില്‍ വ്യാപാരികളെ ഇവിടേക്ക് മാറ്റിത്തുടങ്ങും. ഓണക്കാലത്തെ കച്ചവടം കൂടി കണക്കിലെടുത്താണ് വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത് നീട്ടിയത്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിന്റെ കീഴിൽ നടക്കുന്ന പുനരധിവാസ ബ്ലോക്കുകളുടെ നിർമ്മാണത്തിനായി 16 കോടിയാണ് ചെലവിട്ടത്.
നാലുനില കെട്ടിടം
നിലവിലെ മാർക്കറ്റ് പൂർണമായും പൊളിച്ചുകഴിഞ്ഞ് അതിവിശാലമായ മറ്റൊരു നാലുനില കെട്ടിടമാണ് നിർമ്മിക്കുക. മാർക്കറ്റിൽ ഇപ്പോഴുള്ള കച്ചവടക്കാർക്കുള്ള സൗകര്യങ്ങൾ ഏറ്റവും താഴത്തെ നിലയിൽ തന്നെയാകും. മീൻ, ഇറച്ചി മാർക്കറ്റുകൾക്ക് താഴത്തെ നിലയിൽ ശിതീകരണ സംവിധാനത്തോടെയുള്ള സൗകര്യമൊരുക്കും. ഇതിനായി പ്രത്യേക സ്റ്റാളുകള്‍ സജ്ജമാക്കും. മൊബൈല്‍ ചാർജിങ് പോയിന്റും വെള്ളത്തിന്റെ പൈപ്പും ഓരോ സ്റ്റാളിലും ക്രമീകരിക്കും. ഒരേക്കറിലധികമുള്ള ഭൂമിയിലെ 40 സെന്റോളം മാലിന്യകൂമ്പാരമായി കിടന്നിരുന്ന സ്ഥലമാണ് വീണ്ടെടുത്തത്. 18 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. മറ്റ് നിലകള്‍ വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുമായിരിക്കും ഉപയോഗിക്കുക. ഏകദേശം 450 കടകളാകും ഇവിടെ പ്രവർത്തിക്കുകക. മാർക്കറ്റിന് സമീപത്തായി മൾട്ടി പാർക്കിങ് കേന്ദ്രവും തയ്യാറാകുന്നുണ്ട്.
മൂന്ന് ബ്ലോക്കുകളാണ് മാര്‍ക്കറ്റിന്റെ നിര്‍മ്മാണം. ആർഡിഎസ് പ്രോജക്ടും രാം രത്ന ഇൻഫ്രാസ്ട്രക്ചറുമാണ് കരാറുകാർ. 113 കോടിയാണ് നിര്‍മ്മാണച്ചെലവ്. ഒന്നാമത്തെ ബ്ലോക്കില്‍ കോർപറേഷന്റെ 205 കടകളും രണ്ടാമത്തെ ബ്ലോക്കില്‍ കോർപ്പറേഷന്റെ 95 കടകളും ട്രിഡയുടെ 11 കടകളും. മൂന്നാമത്തെ ബ്ലോക്കില്‍ ട്രിഡയുടെ 33 കടകളും മത്സ്യ സ്റ്റാളുകളും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.