21 September 2024, Saturday
KSFE Galaxy Chits Banner 2

കോർപറേറ്റ് തൊഴിൽ സംസ്കാരത്തെ ചെറുക്കണം

Janayugom Webdesk
September 21, 2024 5:00 am

അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന മലയാളി യുവതിയുടെ അകാല വിയോഗം നവഉദാരീകൃത സാമ്പത്തിക വ്യവസ്ഥയിൻകീഴിൽ തഴച്ചുവളരുന്ന, മനുഷ്യജീവന് തെല്ലും വിലകല്പിക്കാത്ത, വിഷലിപ്തമായ തൊഴിൽ സംസ്കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെ മുൻനിര അക്കൗണ്ടിങ് കമ്പനികളിൽ ഒന്നായ ഏണസ്റ്റ് ആന്റ് യങ് (ഇ വൈ) ഗ്ലോബലിന്റെ ഇന്ത്യൻ അംഗമായ എസ് ആർ ബാറ്റ്ലിബോയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു അന്ന. ജോലിയിൽ ചേർന്ന് കേവലം നാലുമാസം പൂർത്തിയാകുമ്പോഴേക്കും അമിത ജോലിഭാരം അവരുടെ ജീവൻ അപഹരിച്ചതായാണ് ഇതുവരെ പുറത്തുവന്ന വാർത്തകളെല്ലാംതന്നെ സൂചിപ്പിക്കുന്നത്. ജൂലൈ 20നാണ് അന്നയുടെ മരണം സംഭവിച്ചത്. തൊഴിലെടുക്കുന്നവരുടെ ജീവൻതന്നെ കവർന്നെടുക്കുന്ന നിന്ദ്യമായ തൊഴിൽ സാഹചര്യത്തെപ്പറ്റിയുള്ള വാർത്ത രണ്ടുമാസം കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. അന്നയുടെ അമ്മ ഇ വൈ ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്ത് ആ സ്ഥാപനത്തിൽനിന്നും ചോർന്നതാണ് ഒരുലക്ഷത്തില്പരം പേർ തൊഴിലെടുക്കുന്ന സ്ഥാപനത്തിലെ അപലപനീയമായ തൊഴിൽസാഹചര്യം പുറത്തറിയാൻ ഇടയാക്കിയത്. വിവരം പുറംലോകം അറിയണമെന്ന് താല്പര്യമുള്ള, സ്ഥാപനത്തിലെ അസഹ്യമായ തൊഴിൽ സാഹചര്യത്തെപ്പറ്റി പരാതിപ്പെടാൻപോലും ഭയക്കുന്ന, ആരോ ആണ് അന്നയുടെ അമ്മയുടെ കത്ത് പുറത്തുവിട്ടതെന്നുവേണം അനുമാനിക്കാൻ. സംഭവം സംബന്ധിച്ച് മേമാനി തന്റെ സ്ഥാപനത്തിലെ അംഗങ്ങൾക്കായി, പുറത്തുവിടരുതെന്ന നിർദേശത്തോടെ, എഴുതിയ സർക്കുലറും സമാനരീതിയിൽ പുറംലോകത്ത് എത്തി. സർക്കുലറും അതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന ചർച്ചകളും ഇവൈയിലെ കിരാതമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിരീകരണമായി വേണം വിലയിരുത്താൻ. തങ്ങളോടൊപ്പം നാലുമാസക്കാലം രാപ്പകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്ത പെൺകുട്ടിയുടെ അകാല മരണത്തിൽ അനുശോചിക്കാനോ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോപോലും ഇ വൈ മേധാവികളാരും തയ്യാറായില്ല എന്നത് ഉദാരീകരണ കാലത്തെ മനുഷ്യത്വഹീനമായ കോർപറേറ്റ് സംസ്കാരത്തെയാണ് തുറന്നുകാട്ടുന്നത്. 

അന്നയുടെ ജീവൻ അപഹരിച്ച മനുഷ്യത്വഹീനമായ തൊഴിൽ അന്തരീക്ഷം ഇ വൈയുടെ മാത്രം പ്രത്യേകതയല്ല. ആഗോള രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലാകെ ആധിപത്യം പുലർത്തുന്ന നവഉദാരീകരണ പ്രവണതകളുടെ അവിഭാജ്യഘടകമായി ഈ തൊഴിൽ സംസ്കാരം മാറിയിരിക്കുന്നു. അതിൽ മാനവികതയ്ക്ക് യാതൊരു സ്ഥാനവുമില്ല. അവിടെ ലാഭം, കൂടുതൽ ലാഭം, പരമാവധി ലാഭം എന്നതിന് മാത്രമാണ് പരിഗണന. ആ ലാഭക്കച്ചവടത്തിന്റെ ഇരകൾ മാത്രമാണ് പണിയെടുക്കുന്നവർ. പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ പരമാവധി ചൂഷണമാണ് അനുപാതരഹിതമായ അവരുടെ ലാഭത്തിന്റെ ആധാരം. തൊഴിലെടുക്കുന്നവർ സംഘടിത ശക്തിയിലൂടെയും കൂട്ടായ വിലപേശലിലൂടെയും നേടിയെടുത്ത തൊഴിൽ, വിശ്രമം, വിനോദം തുടങ്ങിയ എല്ലാ അവകാശങ്ങളും പുതിയ തൊഴിൽ സംസ്കാരത്തിൽ കവർന്നെടുക്കപ്പെട്ടിരിക്കുന്നു. ആഹാരം ആരോഗ്യപരിപാലനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ പോലും അവഗണിക്കപ്പെടുന്നത് ഈ കോർപറേറ്റ് സംസ്കാരത്തിന്റെ ഭാഗമായിരിക്കുന്നു. എട്ടുമണിക്കൂർ തൊഴിൽ എന്നത് അവരുടെ നിഘണ്ടുവിൽ പ്രാകൃതമായി മാറിയിരിക്കുന്നു. ഈ പുത്തൻ സംസ്കാരത്തിൽ തൊഴിൽ സമയം പന്ത്രണ്ടും പതിനാലും പതിനാറും മണിക്കൂറുകൾ കടന്ന് പതിനെട്ടിലും ഇരുപതിലും എത്തിനിൽക്കുന്നു. അന്നയുടെ കാര്യത്തിൽ വസ്തുത അതായിരുന്നുവെന്ന് അവരുടെ അച്ഛനും അമ്മയും സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. തൊഴിലിടത്തിൽനിന്ന് വിശ്രമത്തിനായി പിൻവാങ്ങിയാലും ആധുനിക വാർത്താവിനിമയ സംവിധാനങ്ങളിലൂടെ അവരുടെ സ്വകാര്യ നിമിഷങ്ങളിൽപോലും കടന്നുകയറുകയെന്നത് കോർപറേറ്റ് മേധാവികളും മാനേജ്മെന്റ് വൃന്ദങ്ങളും അവരുടെ അവകാശവും അധികാരവുമായി മാറ്റിയിരിക്കുന്നു. അതിന് വഴങ്ങാൻ വിസമ്മതിക്കുന്നവർക്ക് തൊഴിൽ ഉപേക്ഷിച്ച് പുറത്തേക്ക് വഴിതേടുകയേ നിവൃത്തിയുള്ളു. ചെറുപ്പക്കാർ ആഴ്ചയിൽ കുറഞ്ഞത് 70 മണിക്കൂറെങ്കിലും പണിയെടുത്ത് തങ്ങളുടെ ഉല്പാദനക്ഷമത തെളിയിക്കണമെന്ന് ഇൻഫോസിസ് മേധാവി നാരായണമൂർത്തി അടുത്തകാലത്ത് അഭിപ്രായപ്പെട്ടത് ഈ തൊഴിലവസ്ഥയോട് ചേർത്തുവായിക്കുമ്പോഴാണ് കോർപറേറ്റ് തൊഴിൽ ചൂഷണത്തിന്റെ ആഴം ബോധ്യപ്പെടുക. 

തൊഴിലെടുക്കുന്നവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾപോലും നിഷേധിക്കുന്ന കോർപറേറ്റ് തൊഴിൽസംസ്കാരത്തെ സംരക്ഷിക്കുന്ന ചുമതലയാണ് മൂലധന, ലാഭതാല്പര്യങ്ങളുടെ പരിരക്ഷകരായ ഭരണകൂടങ്ങൾ നിർവഹിക്കുന്നത്. അന്നയുടെ മരണം വിവാദമായതോടെ മോഡി സർക്കാർ അന്വേഷണ പ്രഖ്യാപനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇ വൈയുടെ ഇന്ത്യൻ മേധാവിയാകട്ടെ തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന ചില പൊതു പ്രസ്താവനയ്ക്കപ്പുറം സംഭവത്തിന് ഉത്തരവാദികളായ മാനേജർമാർക്കെതിരെ അന്വേഷണം നടത്തുന്നതിനെപ്പറ്റിയോ നടപടി സ്വീകരിക്കുന്നതിനെപ്പറ്റിയോ യാതൊന്നും പറഞ്ഞിട്ടില്ല. മാത്രമല്ല ‘കഠിനാധ്വാനം’ എന്ന മനുഷ്യജീവന് വിലകല്പിക്കാത്ത തന്റെ തൊഴിൽ സ്ഥാപനത്തിന്റെ സംസ്കാരത്തിന് അടിവരയിടാനും അദ്ദേഹം മടികാട്ടുന്നില്ല. അന്നയുടെ മരണം ഇ വൈ എന്ന ബഹുരാഷ്ട്ര കോർപറേറ്റിന്റെ തൊഴിൽ സംസ്കാരത്തിൽ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലെന്നുവേണം മേമാനിയുടെ വാക്കുകളിൽനിന്നും മനസിലാക്കാൻ. ഇവിടെയാണ് മോഡിസർക്കാരിന്റെ പ്രഖ്യാപിത അന്വേഷണം തൊഴിൽ സംസ്കാരത്തിൽ എന്ത് മാറ്റമാണ് കൊണ്ടുവരിക എന്ന ചോദ്യം പ്രസക്തമാകുന്നത്. മോഡി സർക്കാർ രാജ്യത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ലേബർ കോഡുകൾ നാലും കോർപറേറ്റ്, മൂലധന താല്പര്യ സംരക്ഷണം മാത്രം ലക്ഷ്യംവച്ചുള്ളവയാണ്. അത് നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നാണ് ഇന്ത്യൻ തൊഴിലാളിവർഗം നിരന്തരം ആവശ്യപ്പെട്ടുപോരുന്നത്. അതിന് സന്നദ്ധമാകാതെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം നിരർത്ഥകമായിരിക്കും. മനുഷ്യത്വരഹിതമായ തൊഴിൽ സംസ്കാരത്തെ നിയമംവഴി മാത്രമേ പ്രതിരോധിക്കാനാവു. കോർപറേറ്റ് മേധാവികളുടെ ഔദാര്യത്തിൽ തൊഴിൽ സംസ്കാരത്തിൽ ഒരുമാറ്റവും സാധ്യമല്ല. എല്ലാ മേഖലകളിലും പണിയെടുക്കുന്ന തൊഴിൽശക്തിയുടെ അവകാശപോരാട്ടത്തിന് മാത്രമേ കോർപറേറ്റ് തൊഴിൽ സംസ്കാരത്തിന്റെ ക്രൂരതകൾക്ക് അറുതി വരുത്താനാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.