1.ഷിരൂർ ദൗത്യം അവസാനിപ്പിച്ച് ഇശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെയോടെ തെരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്‍റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. പിന്നാലെ മാൽപെ നിരാശ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ദൗത്യത്തിൽ നിന്നും പിന്മാറി ഉടുപ്പിയിലേക്ക് പോവാനുള്ള മാൽപെയുടെ തീരുമാനം.
2. വിവിധ അപകടങ്ങളിലായി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോഡ് മഞ്ചേശ്വരം കടമ്പാറില്‍ ബക്കറ്റില്‍ വീണ് ഒരു വയസുകാരി ഫാത്തിമയും തൃശൂര്‍ ചേരൂരില്‍ കാറിടിച്ച് കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുവയസുകാരി ഐറിനുമാണ് മരിച്ചത്.
3. കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ഉഡുപ്പിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെത്തി. ഒന്നാംപ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), രണ്ടാംപ്രതി ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവരുമായി ഉഡുപ്പി ബസ്‌സ്റ്റാൻഡിന് സമീപത്തെ ജ്വല്ലറിയിലെത്തിയാണ് ആഭരണങ്ങൾ വീണ്ടെടുത്തത്.
4. എളമക്കരയിലെ കൂട്ട ബലാത്സംഗത്തിൽ ഇരയായ പെൺകുട്ടിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ബംഗ്ലാദേശിയായ പെൺകുട്ടി അറസ്റ്റിലായത്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികൾ നേരത്തെ പിടിയിലായിരുന്നു. മലയാളിയായ ശ്യാം എന്ന ഒരാളും അറസ്റ്റിലായി. കൂടുതൽ പേർ പ്രതികളാകും എന്നാണ് വിവരം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് മോചിപ്പിച്ചിരുന്നു.
5. കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കി. കേരള — കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ 23, 24 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
6. പഞ്ചാബില്‍ ഐസ് ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. ജലന്ധർ ജില്ലയിയെ ഐസ് ഫാക്ടറിയിലാണ് ചോർച്ചയുണ്ടായത്. തുടർന്ന് ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ് പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്. ശനിയാഴ്‌ചയായിരുന്നു സംഭവം.
7. ഐടി ജീവനക്കാരനായ യുവാവ് ജോലി സമ്മർദ്ദം താങ്ങാനാവാതെ സ്വയം ഷോക്കടിപ്പിച്ച് മരിച്ചു. തമിഴ്നാട് തേനി സ്വദേശി കാർത്തികേയനെ (38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവൻ ഇലക്ട്രിക്ക് കമ്പികൾ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. പല്ലാവാരത്തെ സ്വകാര്യ കമ്പനിയിൽ 15 വർഷമായി സോഫ്റ്റ് വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു.
8. അഭിപ്രായ വോട്ടെടുപ്പുകളെ ശരിവച്ച് ജനത വിമുക്തി പെരമുനയുടെ അനുരകുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക്. എണ്ണിയ വോട്ടുകളില്‍ 52 ശതമാനത്തിലധികം ദിസനായക ഇതിനോടകം ഉറപ്പിച്ച് കഴിഞ്ഞു. എങ്കിലും പോള്‍ ചെയ്ത വോട്ടുകളുടെ അമ്പത് ശതമാനത്തിലെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സെക്കൻഡ് പ്രിഫറൻസ് വോട്ടുകൾ എണ്ണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
9. ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു.
മീഥെയ്ല്‍ ചോര്‍ച്ചയുണ്ടാതിനെത്തുടര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. 20 പേര്‍ക്ക് പരിക്കേറ്റു. ബി, സി എന്നീ രണ്ട് ബ്ലോക്കുകളിലെ മീഥെയ്ന്‍ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. രാജ്യത്തെ കല്‍ക്കരിയുടെ 76 ശതമാനവും ഇവിടെ നിന്നാണ് നല്‍കുന്നത്. 10 വന്‍കിട കമ്പനികള്‍ വരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
10. അമേരിക്കയിലെ അലബാമ സ്റ്റേറ്റില്‍ ബര്‍മിങ്ഹാം നഗരത്തിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11.00 ടെ അലബാമയിലെ തെക്കന്‍ മേഖലയിലാണ് വെടിവെപ്പുണ്ടായത്. അപകടത്തിന് പിന്നില്‍ രണ്ടില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബര്‍മിങ്ഹാം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.