23 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
September 20, 2024
August 12, 2024
August 10, 2024
June 26, 2024
June 26, 2024
June 25, 2024
June 24, 2024
June 2, 2024
June 1, 2024

ഇസ്രയേല്‍ — ഹിസ്‍ബുള്ള പോരാട്ടം;പശ്ചിമേഷ്യ കത്തുന്നു

Janayugom Webdesk
ബെയ്റൂട്ട്
September 23, 2024 7:17 pm

ഗാസയിൽ നടത്തിയിരുന്ന ഏകപക്ഷീയ ആക്രമണങ്ങൾക്ക് ശേഷം ലെബനനിലേക്ക് ചുവടുമാറ്റി ഇസ്രയേല്‍. ഹിസ്ബുള്ളയുമായുള്ള ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിനാണ് പശ്ചിമേഷ്യ സാക്ഷ്യംവഹിക്കുന്നത്. ഇന്നലെ ഇസ്രയേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ 21 കുട്ടികളും 31 സ്ത്രീകളുമുള്‍പ്പെടെ 274 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ലെബനനിലെ തങ്ങളുടെ ആക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെക്കൻ ലെബനൻ ഗ്രാമമായ സാവ്താർ, ബെക്കാ താഴ്‌വര, പുരാതന നഗരമായ ബാൽബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. അരമണിക്കൂറിനുള്ളിൽ എണ്ണൂറിലധികം വ്യോമാക്രമണങ്ങളാണ് ലെബനനിൽ നടന്നത്. 

ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഹിസ്‍ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ലെബനനിലെ തെക്ക്, കിഴക്ക് ഭാഗങ്ങളും തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ തെക്കൻ മേഖലയുമാണ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായി ഇസ്രയേൽ കണക്കാക്കുന്നത്. ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുള്ള ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരുംദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കാനാണ് നീക്കമെന്ന് സെെനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
അതേസമയം, വടക്കൻ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തി. ആക്രമണം കനത്തതോടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും പതിനായിരങ്ങളെ ഇസ്രയേല്‍ ഒഴിപ്പിച്ചിരുന്നു. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ സൈനിക നടപടികളിലേക്ക് ഇസ്രയേല്‍ കടന്നേക്കുമെന്നാണ് വിവരം. 

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ലെബനന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രാലയം അറിയിച്ചു. തെക്കന്‍ ലെബനനിലും ബെയ്റൂട്ടിലും സ്കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചു.
ഇസ്രയേലുമായി തുറന്ന യുദ്ധത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞുവെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. വെള്ളിയാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡറുടെ ശവസംസ്കാര ചടങ്ങിനിടെയായിരുന്നു പ്രഖ്യാപനം. ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു. ഭീഷണികൾ ഞങ്ങളെ തടയില്ല. എല്ലാ സൈനിക സാധ്യതകളും നേരിടാൻ തയ്യാറാണെന്ന് ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നെയിം കാസെം പറഞ്ഞു. മേഖലയെ സംഘര്‍ഷഭൂമിയാക്കരുതെന്ന് ലോകരാജ്യങ്ങള്‍ ഇസ്രയേലിനോടും എതിര്‍പക്ഷത്തോടും നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഹിസ്ബുള്ള നിലപാട് പരസ്യമാക്കുന്നത്. 

യുദ്ധം ഒഴിവാക്കാനായി സംഘർഷം കുറയ്ക്കണമെന്ന് ലെബനനിലെ ഉയർന്ന രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെട്ടു. അന്ത്യമില്ലാതെ തുടരുന്ന ആക്രമണങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആശങ്ക രേഖപ്പെടുത്തി. ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റുന്ന അപകടമാണ് മുന്നിലുള്ളതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സെപ്റ്റംബർ പതിനേഴിനാണ് ലെബനനെതിരെ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ലെബനനിലെ പലയിടങ്ങളിലായി ഹിസ്‌ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത ദിവസം വാക്കി ടോക്കികൾ ഉപയോഗിച്ചും ആക്രമണമുണ്ടായി. ഏകദേശം 39 പേരാണ് ഇസ്രയേൽ നടത്തിയ ആസൂത്രിത ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത്. പിന്നാലെ ആശയവിനിമയ ഉപകരണങ്ങൾ ഉപേക്ഷിക്കാൻ ഹിസ്‌ബുള്ള ആഹ്വാനം ചെയ്തിരുന്നു. 

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.