25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 25, 2024
September 23, 2024
September 20, 2024
September 20, 2024
September 19, 2024
September 18, 2024
September 17, 2024
September 11, 2024

പാപ്പച്ചന്‍ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷയില്‍ 27ന് വിധി പറയും

Janayugom Webdesk
കൊല്ലം
September 25, 2024 8:39 pm

ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി പാപ്പച്ചനെ (82) കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ആദ്യ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാര്‍ 27ന് വിധി പറയും. ഒന്നാം പ്രതി അപകടത്തിനു കാരണമായ കാറോടിച്ചിരുന്ന അനിമോൻ, രണ്ടാം പ്രതിയും ഓട്ടോറിക്ഷ ഡ്രൈവറുമായ മാഹിൻ, മൂന്നാം പ്രതിയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മുൻ മാനേജരായ സരിത എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. നാലാം പ്രതിയും സരിതയുടെ സഹപ്രവർത്തകനുമായ അനൂപ് ജാമ്യാപേക്ഷ ഇനിയും സമർപ്പിച്ചിട്ടില്ല.

നിക്ഷേപ തട്ടിപ്പ് തിരിച്ചറിയാതിരിക്കാനാണ് കാറിടിച്ചു കൊലപ്പെടുത്തിയെന്നു തെളിയിക്കുന്ന വിവിധ രേഖകളുണ്ടെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്ക്കൽ കോടതിയെ അറിയിച്ചു. ഏകദേശം 68 ലക്ഷം രൂപയുടെ ക്രമക്കേടാണ് മൂന്നാം പ്രതിക്ക് എതിരായുള്ളത്. മറ്റ് സുപ്രധാന തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അപകടം നടന്നപ്പോൾ അനിമോൻ മദ്യലഹരിയിലാരുന്നെന്നും അതുകൊണ്ടാണ് നിർത്താതെ പോയതെന്നും അപകടത്തിൽപെട്ട പാപ്പച്ചൻ മരിച്ചത് അറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി അഞ്ചാം പ്രതി ഹാഷിഫിന്റെ ജാമ്യത്തിൽ സ്റ്റേഷൻ അധികൃതർ വിട്ടെന്നും പ്രതിഭാഗം വാദിച്ചു. അനിമോനും മൂന്നാം പ്രതി സരിതയുമായി ആറ് വർഷത്തെ ബന്ധമുണ്ട്. സരിത പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായി അനിമോൻ ജോലി ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അനിമോന്റെ അക്കൗണ്ടിലേക്കുള്ള സരിത പണം അയച്ചതെന്നും ഒന്നും രണ്ടും പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. ബി എൻ ഹസ്കർ പറഞ്ഞു.

ഓട്ടോറിക്ഷ ഡ്രൈവർ എന്ന നിലയിലാണ് രണ്ടാം പ്രതി മാഹിന് അനിമോനുമായി ബന്ധം. മറ്റു പ്രതികളിലാരെയും അറസ്റ്റു വരെ മാഹിൻ കണ്ടിട്ടില്ലെന്നും വാദിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിനോ, കൊല്ലപ്പെട്ട പാപ്പച്ചന്റെ മക്കൾക്കോ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച പരാതികളില്ലെന്ന് സരിതയ്ക്കു വേണ്ടി ഹാജരായ അഡ്വ. നീണ്ടകര രമേശ് വാദിച്ചു. നിക്ഷേപ തട്ടിപ്പ് അറിയാതിരിക്കാനാണ് പാപ്പച്ചനെ കൊലപ്പെടുത്തിയതെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. മേയ് 23 ഉച്ചയ്ക്ക് 12.30ന് ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിനു സമീപമുള്ള വിജനമായ റോഡിൽ വച്ചാണ് അനിമോൻ ഓടിച്ച കാറിടിച്ച് പാപ്പച്ചനു ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെ പാപ്പച്ചൻ മരിച്ചു. പിതാവിന്റെ സാമ്പത്തിക ഇടപാടിൽ സംശയം ഉന്നയിച്ച് പാപ്പച്ചന്റെ മകൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് ആസൂത്രിതമായ കൊലപാതകമെന്നു തെളിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.